യുപിയിൽ ചോദ്യപേപ്പറുകൾ ചോരാതിരിക്കാൻ ഡിജിറ്റൽ ലോക്കുകളുള്ള ബോക്സുകൾ; സംവിധാനമൊരുക്കി സര്ക്കാര്

ഇനിമുതല് ഈ സംവിധാനം എല്ലാ റിക്രൂട്ട്മെൻ്റ് പരീക്ഷകൾക്കും ബാധകമാകും

dot image

ലഖ്നൗ: ചോദ്യപേപ്പറുകൾ ചോരാതിരിക്കുന്നതിനായി ഉത്തര്പ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (യുപിപിഎസ്സി) മൾട്ടി-ലേയേർഡ് ഡിജിറ്റൽ ലോക്കുകളുള്ള ബോക്സുകൾ സ്ഥാപിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷവും രണ്ട് പരീക്ഷകൾക്ക് യുപിപിഎസ്സി സമാനമായ രീതിയാണ് ഉപയോഗിച്ചത്. ഇനിമുതല് ഈ സംവിധാനം എല്ലാ റിക്രൂട്ട്മെൻ്റ് പരീക്ഷകൾക്കും ബാധകമാകും. എല്ലാ റിക്രൂട്ട്മെൻ്റ് ബോർഡിലും സെലക്ഷൻ കമ്മീഷനിലും ഒരു കൺട്രോൾ റൂം സ്ഥാപിക്കും. അവിടെ നിന്ന് എല്ലാ പരീക്ഷകളും നിരീക്ഷിക്കാനാകും.

ട്രഷറിയിൽ നിന്ന് പേപ്പറുകൾ എടുക്കുന്നത് മുതൽ പരീക്ഷാ കേന്ദ്രത്തിലെ പേപ്പർ ബണ്ടിൽ തുറക്കുന്നത് വരെയുള്ള മുഴുവൻ നടപടികളും സിസിടിവി ക്യാമറകളിലൂടെ നിരീക്ഷിക്കും. ഇവയുടെ റെക്കോർഡിംഗുകള് ഒരു വർഷത്തേക്ക് സേവ് ചെയ്യും. ചോദ്യപേപ്പറുകൾ പ്രിൻ്റിംഗ് പ്രസിൽ നിന്ന് എടുത്ത ശേഷം മൾട്ടി ലെയേർഡ് ഡിജിറ്റൽ ലോക്കുകളുള്ള ഇരുമ്പ് ബോക്സുകളിൽ സൂക്ഷിക്കുമെന്നും റിപ്പോര്ട്ടുകളുണ്ട്.

തുടർന്ന് അവ അതത് ജില്ലകളിലെ ട്രഷറിയിൽ സൂക്ഷിക്കുകയും അതേ പെട്ടികളിൽ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്യും. ഡിജിറ്റൽ ലോക്ക് കോഡ് ഒരു ഉദ്യോഗസ്ഥൻ്റെ പക്കലുണ്ടാകും. പരീക്ഷയ്ക്ക് 30 മിനിറ്റ് മുമ്പ് മാത്രമേ അത് വെളിപ്പെടുത്തൂ. ബോക്സുകൾക്ക് ഇരുവശത്തും ലോക്കുകളുണ്ട്. രാജ്യത്തുടനീളം ചോദ്യപേപ്പര് ചോർച്ചകൾ ഉണ്ടായതിന് പിന്നാലെയാണ് നടപടികൾ കൂടുതൽ കടുപ്പിച്ചത്.

dot image
To advertise here,contact us
dot image