
തിരുവനന്തപുരം: താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ് ആണെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍. തനിക്കെതിരെ നടപടിയുണ്ടായാലും നിലപാട് അങ്ങനെ തന്നെ തുടരുമെന്നും എല്ലാ വാതിലുകളും കൊട്ടിയടയ്ക്കപ്പെട്ടപ്പോഴാണ് പ്രതികരിച്ചതെന്നും ഹാരിസ് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മന്ത്രിയെയും മന്ത്രിസഭയെയും കുറ്റപ്പെടുത്തിയില്ലെന്നും ബ്യൂറോക്രസിയുടെ വീഴ്ച്ചയുണ്ട് അത് പരിഹരിക്കപ്പെടണമെന്നും ഹാരിസ് പറഞ്ഞു. 'പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഴിയണം. സമിതിയെ വിശദാംശങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഞാന്‍ പ്രതികരിച്ചപ്പോള്‍ ഒരുപാട് പേര്‍ ഒപ്പം നിന്നു. പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ആരോഗ്യമേഖല ഉയര്‍ച്ചയിലേക്ക് പോകും. പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ഉപകരണങ്ങള്‍ വേഗത്തിലെത്തി. എങ്ങനെയാണ് ഇതൊക്കെ ഇപ്പോള്‍ എത്തിയത്? പ്രശ്‌നം ഉണ്ടായാലേ പരിഹാരം കാണൂ എന്നാണോ? മുഖ്യമന്ത്രിയോട് ബഹുമാനം മാത്രം'- ഡോ. ഹാരിസ് പറഞ്ഞു.
താന്‍ സൂചിപ്പിച്ച പ്രശ്‌നത്തിന് മാത്രമാണ് പരിഹാരമായതെന്നും പ്രതിസന്ധി പൂര്‍ണമായും മാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമരങ്ങളും പ്രശ്‌നങ്ങളും ഉണ്ടാക്കരുതെന്നും സമരക്കാര്‍ പിന്‍മാറണമെന്നും ഡോ. ഹാരിസ് ആവശ്യപ്പെട്ടു. സമരങ്ങള്‍ തന്റെ ഉദ്ദേശശുദ്ധിയെപ്പോലും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. ഹാരിസ് ചിറയ്ക്കല്‍ മെഡിക്കൽ കോളേജിലെ ഉപകരണ പ്രതിസന്ധിയെക്കുറിച്ച് വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ ഉപകരണങ്ങള്‍ ഇല്ലെന്നും അവ വാങ്ങിനല്‍കാന്‍ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ഹാരിസ് ചിറയ്ക്കല്‍ തുറന്നെഴുതിയിരുന്നു. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷന്‍ അടക്കം മാറ്റിവെയ്‌ക്കേണ്ടി വരികയാണെന്നും മികച്ച ചികിത്സ നല്‍കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതില്‍ മുന്‍പില്‍ നില്‍ക്കുകയാണെന്നും ഡോ ഹാരിസ് ചിറക്കല്‍ കുറ്റപ്പെടുത്തിയിരുന്നു.
Content Highlights: protests will affect my integrity says dr haris chirackal