
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം ചർച്ച ചെയ്ത് എഐസിസിയും മണിപ്പൂർ കോൺഗ്രസ് കമ്മിറ്റിയും. രാഹുലിന്റെ കലാപബാധിത മേഖലകളിലെ സന്ദർശനം, യാത്ര തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയിൽ ഉണ്ടായത്.
ജൂലൈ എട്ടിനാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്. സിൽച്ചറിലേക്ക് വിമാനത്തിലെത്തുന്ന രാഹുൽ അവിടെനിന്ന് ആദ്യം പോകുക പുതിയതായി കലാപം പൊട്ടിപ്പുറപ്പെട്ട ജിരിബാം ജില്ലയിലേക്കാകും. അവിടെനിന്ന് ഇംഫാലിലെത്തുന്ന രാഹുൽ നേരെ ചുരാചന്ദ്പൂരിലേക്ക് പോകുകയും കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്യും.
ചുരാചന്ദ്പൂരിന് ശേഷം ബിഷ്ണുപുർ ജില്ലയിലെ മൊയ്റാങ് പ്രദേശത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് രാഹുൽ പോകുക. ശേഷം ഗവർണർ അനുസൂയ യുകെയുമായി ചർച്ച നടത്തിയേക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
പ്രതിപക്ഷ നേതാവായ ശേഷം ഇതാദ്യമായാണ് രാഹുൽ മണിപ്പൂർ സന്ദർശിക്കുന്നത്. ലോക്സഭയിലെ ആദ്യ പ്രസംഗത്തിൽ മണിപ്പൂർ വിഷയം ഉന്നയിച്ച് കനത്ത ആക്രമണമാണ് രാഹുൽ ബിജെപിക്കുനേരെ അഴിച്ചുവിട്ടത്. നേരത്തെയും മണിപ്പൂർ സന്ദർശിച്ച രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും കലാപത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വിമർശിച്ചിരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മണിപ്പൂരിലെ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാത്ഥികളാണ് ജയിച്ചത്. ഇന്നർ മണിപ്പൂരിലും ഔട്ടർ മണിപ്പൂരിലും മികച്ച ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചത്.