പാർലമെന്റിൽ കരുത്തുകാട്ടാന്‍ പ്രതിപക്ഷം; 'നീറ്റ്' ക്രമക്കേടിൽ ഇരു സഭകളും ഇന്ന് പ്രക്ഷുബ്ധമായേക്കും

പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രദാൻ സഭയിൽ പ്രസ്താവന നടത്താനും സാധ്യതയുണ്ട്
പാർലമെന്റിൽ കരുത്തുകാട്ടാന്‍ പ്രതിപക്ഷം; 'നീറ്റ്' ക്രമക്കേടിൽ ഇരു സഭകളും ഇന്ന് പ്രക്ഷുബ്ധമായേക്കും

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ ലോക്സഭയും രാജ്യസഭയും ഇന്ന് പ്രക്ഷുബ്ധമായേക്കും. പരീക്ഷാ ക്രമക്കേട് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ലോക്സഭയിൽ രാഹുൽഗാന്ധിയും രാജ്യസഭയിൽ മല്ലികാർജുൻ ഖാർഗെയും നോട്ടീസ് നൽകും. പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രദാൻ സഭയിൽ പ്രസ്താവന നടത്താനും സാധ്യതയുണ്ട്.

പരീക്ഷാ ക്രമക്കേടിൽ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും ഭാവിയിൽ പൊതുപരീക്ഷകൾ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താൻ നിയമം വിജ്ഞാപനം ചെയ്തുകഴിഞ്ഞെന്നതും തുടങ്ങിയ വാദങ്ങൾ ഉയർത്തിയാകും ഭരണപക്ഷ പ്രതിരോധം.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽവെച്ച് നടന്ന യോഗത്തിലായിരുന്നു അടിയന്തര പ്രമേയം എന്ന തീരുമാനത്തിലേക്ക് പ്രതിപക്ഷം എത്തിയത്. പണപ്പെരുപ്പം, തൊഴിലില്ലായ്മ, സിബിഐ, ഇഡി, ഗവര്‍ണറുടെ ഓഫീസ് എന്നിവയുടെ ദുരുപയോഗവും സഭയിൽ ഉന്നയിക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തിന്മേലുള്ള ചര്‍ച്ചയില്‍ പ്രതിപക്ഷം വിഷയങ്ങള്‍ ഉന്നയിക്കും. തിങ്കളാഴ്ച പാര്‍ലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിപക്ഷ അംഗങ്ങള്‍ ഒത്തുകൂടാനും യോഗത്തില്‍ ധാരണയായതായി നേതാക്കള്‍ അറിയിച്ചു.

രാഷ്ട്രപതിയുടെ പ്രസംഗമായാലും സ്പീക്കറുടെ തിരഞ്ഞെടുപ്പായാലും പാര്‍ലമെന്റില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് യോഗത്തിന് ശേഷം പറഞ്ഞു. നീറ്റ് വിഷയത്തില്‍ നാളെ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കുമെന്ന് ഡിഎംകെ എംപി ടി ശിവ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിനിടെ നീറ്റ്, യുജിസി, നെറ്റ്, സിഎസ്‌ഐആര്‍ യുജിസി-നെറ്റ്, നീറ്റ് പിജി പരീക്ഷകള്‍ റദ്ദാക്കല്‍ എന്നിവയിലെ ക്രമക്കേട് ആരോപണത്തിൽ സര്‍ക്കാര്‍ വിമര്‍ശനത്തിന് വിധേയരാണെന്നും ഇൻഡ്യ മുന്നണി നേതാക്കള്‍ പറഞ്ഞു.

നീറ്റ് വിഷയത്തില്‍ ന്യായമായ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ദ്രൗപതി മുര്‍മു പറഞ്ഞിരുന്നു. മത്സരപരീക്ഷകളായാലും സര്‍ക്കാര്‍ റിക്രൂട്ട്മെന്റായാലും ഒരു കാരണവശാലും ഒരു തടസ്സവും ഉണ്ടാകരുത്. ഈ പ്രക്രിയയ്ക്ക് പൂര്‍ണ്ണമായ സുതാര്യത ആവശ്യമാണ്. അടുത്തിടെ നടന്ന ചില പരീക്ഷകളില്‍ പേപ്പര്‍ ചോര്‍ന്ന സംഭവങ്ങളെ കുറിച്ച്, ന്യായമായ അന്വേഷണത്തിനും കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ ശിക്ഷ ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്രപതി പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com