രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാം; ഹരിയാനയിൽ സഖ്യതാല്‍പര്യവുമായി ജെജെപി

മനോഹര്‍ ലാല്‍ ഖട്ടറിന് പകരം നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിന് പിന്നാലെയായിരുന്നു സഖ്യം പിളര്‍ന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കാം; ഹരിയാനയിൽ സഖ്യതാല്‍പര്യവുമായി ജെജെപി

ഛണ്ഡിഗഢ്: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആവശ്യമെങ്കില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് ജന്‍നായക് ജനതാ പാര്‍ട്ടി. ബിജെപിയെ പരാജയപ്പെടുത്തണമെന്ന കോണ്‍ഗ്രസ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍, വിജയമോ പരാജയമോ നോക്കാതെ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ജെജെപി നേതാവ് നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു ഹരിയാനയില്‍ ബിജെപി-ജെജെപി സര്‍ക്കാര്‍ വീണത്. മനോഹര്‍ ലാല്‍ ഖട്ടറിന് പകരം നയാബ് സിങ്ങ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിന് പിന്നാലെയായിരുന്നു സഖ്യം പിളര്‍ന്നത്.

രാജ്യസഭാ എംപിയായിരുന്ന ഭൂപീന്ദര്‍ ഹൂഡ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഹരിയാനയിലെ രാജ്യസഭാ സീറ്റൊഴിഞ്ഞത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ഒഴികെയുള്ള ആരുമായും സഖ്യത്തിന് ശ്രമിക്കുമെന്ന് ദുഷ്യന്ത് ചൗട്ടാല പറഞ്ഞിരുന്നു. ഭാവിയിലോ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമോ ബിജെപിയുമായി യാതൊരു നീക്കുപോക്കിനും ശ്രമിക്കില്ലെന്നും ജെജെപി നേതാവ് പറഞ്ഞിരുന്നു. പിന്നാലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചത്. രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അത് 'കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഒത്തുകളി' ആയിരിക്കുമെന്നും ജെജെപി നേതാവ് പറഞ്ഞു.

ബിജെപിയുമായി സഖ്യം തകര്‍ന്നതിന് ശേഷം ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെജെപി ഒറ്റക്കായിരുന്നു ജനവിധി തേടിയത്. 10 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചെങ്കിലും ആരെയും വിജയിപ്പിക്കാനായിരുന്നില്ല. ബിജെപിയുമായി സഖ്യമുണ്ടാക്കിയതാണ് തങ്ങള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടിക്ക് കാരണമെന്നായിരുന്നു പാര്‍ട്ടി വിലയിരുത്തല്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com