'വോട്ടിംഗ് യന്ത്രം അച്ഛന്റേത്'; ബൂത്തില്‍ ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി എംപിയുടെ മകന്‍ കസ്റ്റഡിയില്‍

ദാഹോദ് ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാര്‍ത്ഥിയുമായ ജസ്വന്ത്‌സിങ് ഭാഭോറിന്റെ മകനാണ് വിജയ് ഭാഭോര്‍.
'വോട്ടിംഗ് യന്ത്രം അച്ഛന്റേത്'; ബൂത്തില്‍ ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി എംപിയുടെ മകന്‍ കസ്റ്റഡിയില്‍

അലഹബാദ്: ബൂത്ത് കയ്യേറി കള്ളവോട്ട് ചെയ്‌തെന്ന് ആരോപിച്ച് ബിജെപി നേതാവിന്റെ മകനെ കസ്റ്റഡിയിലെടുത്തു. പോളിംഗ് സ്റ്റേഷനില്‍ പ്രവേശിച്ച് സോഷ്യല്‍ മീഡിയയില്‍ ലൈവ് വീഡിയോ ചെയ്തെന്നും ആരോപണമുണ്ട്. വിജയ് ഭാഭോര്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്. ദാഹോദ് ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാര്‍ത്ഥിയുമായ ജസ്വന്ത്‌സിങ് ഭാഭോറിന്റെ മകനാണ് വിജയ് ഭാഭോര്‍.

മഹിസാഗര്‍ ജില്ലാ പൊലീസാണ് വിജയ്‍യെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തത്. ബൂത്തില്‍ കയറി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോ ചെയ്ത വിജയ് ജനാധിപത്യത്തെ അവഹേളിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിവാദത്തിന് പിന്നാലെ വിജയ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ നിന്നും പിന്‍വലിച്ചെങ്കിലും വീഡിയോ ഇതിനകം വൈറലാണ്. വീഡിയോയുടെ കോപ്പി സഹിതം കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് റിട്ടേണിംഗ് ഓഫീസര്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിജയ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തന്റെ പിതാവിന്റേതാണെന്ന് വിജയ് പറയുന്നതായി വീഡിയോയിലുണ്ട്. 'ഈ യന്ത്രം തന്റെ പിതാവിന്റേതാണ്. ഒറ്റക്കാര്യമേ പ്രവര്‍ത്തിക്കൂ- അതാണ് ബിജെപി' ഇവിഎമ്മില്‍ അമര്‍ത്തുന്നതിന് തൊട്ടുമുന്‍പാണ് വിജയ് ഇക്കാര്യം പറയുന്നത്. സംഭവം നടന്ന മഹിസാഗര്‍ ജില്ലയിലെ സന്ത്രംപൂര്‍ നിയമസഭാ മണ്ഡലത്തിലെ 220-പര്‍ത്താംപൂര്‍ ബൂത്തില്‍ റീ പോളിംഗ് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com