

ഇന്ത്യയുടെ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ ആരോഗ്യനിലയിൽ ആശങ്കകൾ ഒഴിയുന്നില്ല. പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന ശ്രേയസിന്റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് ഇനിയും വൈകിയേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബറില്‍ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ താരം പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഗുരുതരമായി പരിക്കേറ്റ ശ്രേയസ് അയ്യര്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നാലെ വിശ്രമത്തിലായിരുന്ന താരത്തിന്റെ ശരീരഭാരം ആറു കിലോയോളം കുറഞ്ഞു. പരിക്കില്‍നിന്ന് മോചിതനായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിന് ഇറങ്ങിയെങ്കിലും താരത്തിന് കായികക്ഷമത പൂര്‍ണമായി വീണ്ടെടുക്കാനായിട്ടില്ല. ന്യൂസിലൻഡിനെതിരെ ജനുവരിയിൽ നടക്കാനിരിക്കുന്ന പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് താരം തിരിച്ചെത്തുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാൽ താരത്തിന്റെ തിരിച്ചുവരവ് വൈകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
🚨 𝐑𝐄𝐏𝐎𝐑𝐓𝐒 🚨
— Sportskeeda (@Sportskeeda) December 30, 2025
Shreyas Iyer is likely ruled out of the upcoming ODI series against the Kiwis, having not cleared the required strength tests at the BCCI Centre of Excellence. 👀❌#ODIs #ShreyasIyer #INDvNZ #Sportskeeda pic.twitter.com/0iTDgPIPfH
ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിനത്തിൽ ഫീൽഡിങ്ങിനിടെ അലക്‌സ് കാരിയെ പുറത്താക്കാൻ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെയാണ് ശ്രേയസിന് ഗുരുതരമായ പരിക്കേറ്റത്. ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിന് പരിക്കേറ്റ ശ്രേയസിനെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് സിഡ്‌നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഐസിയുവിൽ നിന്ന് മാറ്റിയ താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
Content Highlights: Shreyas Iyer Suffers Rapid Weight Loss, delays return to competitive cricket