

കൊച്ചി: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ലഭിച്ച പരോളിനെകുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. ഈ കേസിലെ പ്രതികൾക്ക് മാത്രം എന്താണ് പ്രത്യേകത എന്നും കോടതി ചോദിച്ചു. കേസിലെ പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോൾ അപേക്ഷയിലാണ് കോടതിയുടെ ചോദ്യം.
ജ്യോതി ബാബുവിന്റെ ബന്ധുവിന്റെ മരണാനന്തരകർമങ്ങൾക്കായി 10 ദിവസത്തെ അടിയന്തര പരോൾ വേണമെന്നായിരുന്നു ആവശ്യം. ജ്യോതി ബാബുവിന്റെ ഭാര്യ പി ജി സ്മിതയാണ് ഹർജി നൽകിയത്. മരിച്ചയാൾ അടുത്തബന്ധുവെന്ന ഗണത്തിൽ വരാത്തതിനാൽ പരോൾ അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്ക് തുടർച്ചയായ പരോളും അടിയന്തര അവധികളും നൽകിയത് വിശദമായി അന്വേഷിക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, ഈ കേസിലെ പ്രതികൾക്ക് ഇങ്ങനെയുള്ള പരിഗണന ലഭിക്കാൻ എന്താണ് പ്രത്യേകതയെന്നും ചോദിച്ചു. തുടർന്ന് പരോൾ അപേക്ഷ ഹൈക്കോടതി നിരസിച്ചു. ടി പി വധക്കേസ് പ്രതികൾക്ക് അനുവദിച്ച പരോളിനെക്കുറിച്ച് അന്വേഷണം വേണ്ടതാണെന്ന് കോടതി വ്യക്തമാക്കി ഹർജി തള്ളിയത്.
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയാണെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നില്ല. ഇതിനെയും കോടതി രൂക്ഷമായി വിമർശിച്ചു. ഇതല്ല ശരിയായ രീതിയെന്നായിരുന്നു കോടതിയുടെ വിമർശനം. നിവേദനം പരിഗണിക്കാൻ പോലും ജയിൽ സൂപ്രണ്ടിനോട് ആവശ്യപ്പെടാനാകില്ല. അത്തരമൊരു നിർദേശം കൊടുത്താലുടൻ പരോൾ അനുവദിക്കാൻ മതിയായ സ്വാധീനം നിങ്ങൾക്കുണ്ടെന്നും കോടതി ഹർജിക്കാരിയോട് പറഞ്ഞു. കേസിലെ കുറ്റവാളികൾക്ക് അഭൂതപൂർവവും അനുപാതരഹിതവുമായ ഇളവുകൾ ലഭിക്കുന്നുവെന്ന് ടി പിയുടെ ഭാര്യയും എംഎൽഎയുമായ കെ കെ രമ നേരത്തെ ആരോപിച്ചിരുന്നു.
Content Highlights : High Court says there is a need to investigate the parole granted to the accused in the TP case