ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്ന പശ്ചാത്തലത്തിലാണ് ജയശങ്കർ ധാക്കയിലേക്ക് പോകുന്നത്

ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും
dot image

ന്യൂഡൽഹി: ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കർ പങ്കെടുക്കും. ഇതിനായി നാളെ എസ് ജയശങ്കർ ധാക്കയിലെത്തുമെന്നാണ് വിവരം. രാജ്യത്തിന്‍റെ പ്രതിനിധിയായി എസ് ജയശങ്കർ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശ് പ്രധാമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇന്ത്യയിലെ അഭയം തേടലുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെയാണ് നിർണായക തീരുമാനം.

ദീർഘകാലമായി അസുഖബാധിതയായിരുന്നു ബീഗം ഖാലിദ സിയ. ധാക്കയിലെ എവർകേയർ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലും ഹൃദയത്തിലുമുണ്ടായ അണുബാധയെ തുടർന്ന് കഴിഞ്ഞ 36 ദിവസമായി ചികിത്സയിലായിരുന്നു. ഖാലിദ സിയയ്ക്ക് ന്യുമോണിയയും ബാധിച്ചിരുന്നു. ലിവർ സിറോസിസ്, ആർത്രൈറ്റിസ്, പ്രമേഹം എന്നീ രോഗങ്ങളും കിഡ്നി, ശ്വാസകോശങ്ങൾ, ഹൃദയം, കണ്ണ് എന്നിവയെ ബാധിക്കുന്ന രോഗങ്ങളും ഖാലിദ സിയയ്ക്ക് പിടിപ്പെട്ടിരുന്നു. ഈ മാസം ആദ്യം വിദേശത്തേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകാൻ ശ്രമിച്ചിരുന്നെങ്കിലും ഖാലിദ സിയയുടെ മോശം സ്ഥിതി മൂലം കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. ഷെയ്ഖ് ഹസീനയുടെ പ്രധാന എതിരാളിയാണ് ഖാലിദ സിയ. ബംഗ്ലാദേശ് മുൻ പ്രസിഡന്റ് സിയാ ഉർ റഹ്‌മാന്റെ ഭാര്യയായിരുന്നു.

1981ൽ സിയാ ഉറിനെ സൈന്യം വധിച്ചപ്പോഴാണ് ഖാലിദ സിയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1984 മുതൽ ബിഎൻപിയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. 1991ലാണ് പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. 1991 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. ഖാലിദ സിയയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തിയിരുന്നു.

Content Highlights : indian foreign minister S Jayashankar to attend funeral ceremony of former bangladesh PM Khaleda Zia

dot image
To advertise here,contact us
dot image