

ന്യൂഡല്‍ഹി: സല്‍മാന്‍ ഖാന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ബോളിവുഡ് ചിത്രം 'ബാറ്റില്‍ ഓഫ് ഗാല്‍വാനെ'തിരെ ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക പത്രമായ ഗ്ലോബല്‍ ടൈംസ് ഉന്നയിച്ച വിമര്‍ശനത്തെ തളളി ഇന്ത്യ. ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെന്നും സ്വാതന്ത്ര്യം വിനിയോഗിച്ച് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്ക് സിനിമകള്‍ നിര്‍മ്മിക്കാനുളള അവകാശമുണ്ടെന്നും ഇന്ത്യ ചൈനയോട് പറഞ്ഞു. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനില്‍ 2020-ല്‍ ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയുളളതാണ് ചിത്രം.
പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ച 16 ബിഹാര്‍ റെജിമെന്റ് കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ ബിക്കുമല്ല സന്തോഷ് ബാബുവായാണ് സല്‍മാന്‍ ഖാന്‍ വേഷമിടുന്നത്. ആയുധങ്ങളില്ലാതെ വെറുംകൈ കൊണ്ട് നടന്ന പോരാട്ടത്തില്‍ 20 സൈനികരെ നഷ്ടപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ആദ്യം ആളപായം നിഷേധിച്ച ചൈന പിന്നീട് നാല് സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടെന്ന് അറിയിച്ചു. അന്ന് ഏറ്റുമുട്ടലിന് പിന്നാലെ ഇന്ത്യയും ചൈനയും തമ്മിലുളള സംഘര്‍ഷം വര്‍ധിച്ചിരുന്നു.
ചൈന ഗ്ലോബല് ടൈംസിലെ ലേഖനത്തില്‍ സിനിമ വസ്തുതകള്‍ വളച്ചൊടിക്കുകയാണ് എന്നാണ് ആരോപിക്കുന്നത്.
2020 ജൂണിലെ സംഭവങ്ങളുടെ വസ്തുതകളുമായി ചിത്രം പൊരുത്തപ്പെടുന്നില്ലെന്നാണ് ചൈനയുടെ ആരോപണം. ബോളിവുഡ് സിനിമകള്‍ വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ല. അത് വിനോദത്തെ അടിസ്ഥാനമാക്കിയുളളതും വൈകാരികത നിറഞ്ഞതുമായ ചിത്രീകരണമാണ് നടത്തുന്നത്. എന്നാല്‍ സിനിമാറ്റിക് അതിശയോക്തിക്ക് ചരിത്രം മാറ്റിയെഴുതാനോ ചൈനയുടെ പരമാധികാര പ്രദേശം സംരക്ഷിക്കാനുളള പിഎല്‍എയുടെ ദൃഢനിശ്ചയത്തെ ഇളക്കാനോ കഴിയില്ല എന്നും ചൈന ലേഖനത്തില്‍ പറയുന്നു. ഗാല്‍വാന്‍ താഴ് വര യഥാര്‍ത്ഥ നിയന്ത്രണ രേഖയുടെ ചൈനയുടെ വശത്താണെന്നും ഗ്ലോബല്‍ ടൈംസ് അവകാശപ്പെടുന്നു.
Content Highlights: China says Salman Khan's film 'Battle of Galwan' distorts facts; India says it is freedom of expression