
ന്യൂഡല്ഹി: 'ഇന്ഡ്യ' മുന്നണിയുടെ അടുത്ത യോഗത്തില് പശ്ചിമബംഗാള് മുഖ്യമന്ത്രി മമതാ ബാനര്ജി പങ്കെടുക്കില്ല. യോഗ വിവരം അറിഞ്ഞിട്ടില്ലെന്നാണ് മമതയുടെ പ്രതികരണം. ബുധനാഴ്ച്ച ഡല്ഹിയിലാണ് യോഗം ചേരുന്നത്.
'യോഗം ചേരുന്നത് അറിഞ്ഞിട്ടില്ല. നോര്ത്ത് ബംഗാളില് വിവിധ പരിപാടികളില് പങ്കെടുക്കേണ്ടതുണ്ട്. യോഗ വിവരം മുന്കൂട്ടി അറിഞ്ഞിരുന്നെങ്കില് തീരുമാനിച്ച പരിപാടികള് മാറ്റിവെക്കുമായിരുന്നു.' മമതാ ബാനര്ജി പറഞ്ഞു. തൃണമൂല് കോണ്ഗ്രസിനെ പ്രതിനിധീകരിച്ച് ആരേയും യോഗത്തിന് അയച്ചേക്കില്ല.
പ്രത്യയശാസ്ത്രത്തിനൊപ്പം തന്ത്രവും വേണം; പരാജയം കോണ്ഗ്രസിന്റേത് മാത്രമെന്ന് മമതകഴിഞ്ഞ ദിവസം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കെയാണ് കോണ്ഗ്രസ് അധ്യക്ഷന് മല്ലികാര്ജ്ജുന് ഖാര്ഗെ ഇന്ഡ്യാ മുന്നണി യോഗം ചേരാന് തീരുമാനിച്ചതായി അറിയിച്ചത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം ചേരുന്ന ആദ്യ യോഗമാണ് ബുധനാഴ്ച്ചത്തേത്. ആഗസ്റ്റ് 31 നും സെപ്തംബര് 1 നുമായി മുംബൈയില് വെച്ചാണ് ഇന്ഡ്യാ മുന്നണിയുടെ അവസാന യോഗം ചേര്ന്നത്.
തോല്വിയുടെ പേരിൽ കോണ്ഗ്രസിനെതിരെ രൂക്ഷവിമര്ശനം ഉയര്ത്തിയതിന് പിന്നാലെയാണ് യോഗത്തില് മമത പങ്കെടുക്കില്ലെന്ന് അറിയിച്ചത്. ഇന്ഡ്യാ മുന്നണിയിലെ കക്ഷികളുമായി സീറ്റ് പങ്കിടല് നടത്താതിരുന്നതിനാലാണ് കോണ്ഗ്രസ് പരാജയപ്പെട്ടതെന്നായിരുന്നു മമതാ ബാനര്ജി പ്രതികരിച്ചത്. ഇത് കോണ്ഗ്രസിന്റെ മാത്രം പരാജയമാണ്. ജനങ്ങളുടേത് അല്ലെന്നും മമതാ ബാനര്ജി പറഞ്ഞിരുന്നു.