2024 ലും മോദി തന്നെ ബിജെപിയുടെ തുറുപ്പുചീട്ട്; ഈ ഫലം ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കും

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ രാഹുൽ പോരാട്ടത്തിനിറങ്ങുമ്പോൾ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ കോൺഗ്രസിന് ഒപ്പമുണ്ടായിരുന്നു

dot image

ന്യൂഡൽഹി: ഹിന്ദി ഹൃദയഭൂമിയിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രതിഫലനം ലോക്സഭാ തിരഞ്ഞെടുപ്പിലും ഉണ്ടായേക്കുമെന്ന് വിലയിരുത്തൽ. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിനെ രാജ്യം വിലയിരുത്തിയത് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ പോരാട്ടം എന്ന നിലയിലാണ്. അതുകൊണ്ട് തന്നെ മാസങ്ങൾക്കപ്പുറം നടക്കാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ ഈ ഫലം സ്വാധീനിച്ചേക്കാം. ബിജെപിക്ക് അത്മവിശ്വാസം വർധിപ്പിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. മോദി എന്ന ബ്രാൻഡ് മൂല്യം തന്നെയാകും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപിയുടെ തുറുപ്പ് ചീട്ട് എന്നും വിലയിരുത്തലുണ്ട്.

മൂന്നാം തവണയും അധികാരം പിടിക്കാൻ ഒരുങ്ങുന്ന ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വൻ ആത്മവിശ്വാസമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ലഭിച്ചിരിക്കുന്നത്. 2018 ൽ നഷ്ടപ്പെട്ട രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ ബിജെപി തിരിച്ചു പിടിച്ചു. കയ്യിലുണ്ടായിരുന്ന മധ്യപ്രദേശ് വൻ ഭൂരിപക്ഷത്തിൽ നിലനിർത്തി. ഇതോടെ ഹിന്ദി ഹൃദയഭൂമിയിലെ മുഴുവൻ സംസ്ഥാനങ്ങളും ബിജെപിയുടേതായി മാറിയിരിക്കുകയാണ്. ഡമ്പിൾ എഞ്ചിൻ സർക്കാർ എന്ന പ്രചാരണമാകും ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ട് വെക്കുക.

നാല് സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ബിജെപി പ്രചാരണത്തിന് ചുക്കാൻ പിടിച്ചിരുന്നത്. മോദി എന്ന ബ്രാൻഡിന് പത്താം വർഷവും ഒരിടിവും ഉണ്ടായിട്ടില്ല എന്ന് കൂടി കാണിച്ചു തരികയാണ് തിരഞ്ഞെടുപ്പ് വിജയം. നല്ല ഭരണത്തിന്റെ രാഷ്ട്രീയത്തിനും വികസനത്തിനും ഒപ്പമാണ് ജനങ്ങളെന്ന് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി പ്രതികരിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് തുടരും എന്നും മോദി വ്യക്തമാക്കി.

വികസിത ഭാരതം എന്ന സങ്കൽപ്പത്തിന്റെ ജയമാണ് മൂന്ന് സംസ്ഥാനങ്ങളിലും കണ്ടതെന്നും മോദി പറഞ്ഞു. നൂനപക്ഷങ്ങൾ ബിജെപിക്കൊപ്പമാണെന്ന് തെളിയിച്ച വിജയമാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. മധ്യപ്രദേശിൽ 164 സീറ്റുകൾ നേടി ബിജെപിയാണ് വിജയിച്ചത്. രാജസ്ഥാനിൽ 115, ഛത്തീസ്ഗഡിൽ 54 സീറ്റുകളുമാണ് ബിജെപി നേടിയത്. മിസോറാമിൽ ഡിസംബർ നാലിനാണ് വോട്ടെണ്ണൽ.

തെലങ്കാനയിൽ 64 സീറ്റുകൾ നേടി കോൺഗ്രസ് ആണ് വിജയിച്ചത്. ബുധനാഴ്ച ചേരുന്ന ഇന്ഡ്യ മുന്നണി യോഗത്തിൽ പല സംസ്ഥാനങ്ങളിലും സഖ്യ സാധ്യത തകർത്ത കോൺഗ്രസിന് മറ്റ് പാർട്ടികളോട് മറുപടി പറയേണ്ടി വരും. വിഭാഗീയതയും അമിത ആത്മവിശ്വാസവും ഒരുപോലെ കോൺഗ്രസിനെ തോൽപ്പിച്ചു. ജനവിധി അംഗീകരിക്കുന്നു എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനായി മുന്നൊരുക്കം നടത്തുമെന്ന് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

ഭാരത് ജോഡോ യാത്ര നൽകിയ ഊർജം പാർട്ടിക്ക് ഏറെക്കുറെ നഷ്ടമായി. ഇനി വെല്ലുവിളി ലോക്സഭാ തെരഞ്ഞെടുപ്പാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ രാഹുൽ പോരാട്ടത്തിനിറങ്ങുമ്പോൾ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ കോൺഗ്രസിന് ഒപ്പമുണ്ടായിരുന്നു. 2024 ലേക്ക് എത്തുമ്പോൾ ഇന്ഡ്യ മുന്നണിയെ നയിക്കാനുള്ള കരുത്തും കോൺഗ്രസിന് നഷ്ടമായി.

dot image
To advertise here,contact us
dot image