മോദി 'ദുശ്ശകുനം'; ഇന്ത്യയുടെ തോൽവിയിൽ പ്രതികരണവുമായി രാഹുൽ ​ഗാന്ധി

രാഹുൽ ​ഗാന്ധിക്ക് മറുപടിയുമായി ബിജെപിയും രം​ഗത്തെത്തി.
മോദി 'ദുശ്ശകുനം'; ഇന്ത്യയുടെ തോൽവിയിൽ പ്രതികരണവുമായി രാഹുൽ ​ഗാന്ധി

ജയ്പൂർ: ഏകദിന ലോകകപ്പ് ഫൈനലിൽ തോൽവി വഴങ്ങിയതിന് പിന്നാലെ നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ മത്സരം കാണാൻ പ്രധാനമന്ത്രി എത്തിയതിനെതിരെയാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം. ഇന്ത്യൻ താരങ്ങൾ നന്നായി കളിക്കുകയായിരുന്നു. അപ്പോഴാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദുശ്ശകുനമായെത്തിയതെന്നാണ് രാഹുൽ ​ഗാന്ധിയുടെ വാക്കുകൾ. രാജസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടിയിലാണ് രാഹുൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്.

രാഹുൽ ​ഗാന്ധിക്ക് മറുപടിയുമായി ബിജെപിയും രം​ഗത്തെത്തി. രാഹുൽ ഗാന്ധി കോൺഗ്രസിന്‍റെ ദുശ്ശകുനം എന്നായിരുന്നു ബിജെപിയുടെ മറുപടി. ഫൈനൽ കാണാൻ പ്രധാനമന്ത്രി എത്തിയതിനെതിരെ സാമൂഹികമാധ്യമങ്ങളിൽ നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു. മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങളെ പ്രധാനമന്ത്രി ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും ചർച്ചയായി.

ഡ്രസിങ് റൂമിൽ നിരാശരായി തലകുമ്പിട്ട് നിന്നിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെയും പ്രധാനമന്ത്രി ചേർത്തുപിടിച്ചു. നിങ്ങള്‍ തുടര്‍ച്ചയായി 10 മത്സരങ്ങൾ വിജയിച്ചു. ഈ തോല്‍വി സാധാരണമാണ്, അത് സംഭവിച്ചുകൊണ്ടേയിരിക്കും. ദയവായി പുഞ്ചിരിക്കൂ, രാജ്യം മുഴുവന്‍ നിങ്ങളെ ശ്രദ്ധിക്കുന്നു. നിങ്ങളെ വന്ന് കാണണം എന്ന് കരുതിയെന്നും പ്രധാനമന്ത്രി താരങ്ങളോട് പറഞ്ഞു.

ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പേസർ മുഹമ്മദ് ഷമിയെ ചേര്‍ത്ത് പിടിച്ച് മോദി തലയില്‍ തലോടുന്ന ചിത്രങ്ങൾ താരം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിക്കൊപ്പം ഡ്രെ​സിം​ഗ് റൂമിൽ എത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com