ആ ചായ വേണ്ട, മഹാരാഷ്ട്രയിൽ മൺസൂൺ സെഷന് മുന്നോടിയായുള്ള പതിവ് ചായസൽക്കാരം ബഹിഷ്കരിച്ച് പ്രതിപക്ഷം

ജനങ്ങളുടെ വിവിധങ്ങളായ ദുരിതങ്ങള് പരിഹരിക്കുന്നതില് സര്ക്കാര് പരാജയപ്പെട്ടതിനാല് ചായ സല്ക്കാരം ബഹിഷ്കരിക്കുന്നുവെന്ന് പ്രതിപക്ഷം

dot image

മുംബൈ: മഹാരാഷ്ട്രാ നിയമസഭയുടെ മണ്സൂണ് സെഷന്റെ തലേ ദിവസം സര്ക്കാര് ഒരുക്കിയ പതിവ് ചായസല്ക്കാരത്തില് നിന്നും വിട്ടുനിന്ന് മഹാ വികാസ് ആഘാഡി സഖ്യം. ജനങ്ങളുടെ വിവിധങ്ങളായ ദുരിതങ്ങള് പരിഹരിക്കുന്നതില് സര്ക്കാര് പരാജയപ്പെട്ടതിനാല് ചായ സല്ക്കാരം ബഹിഷ്കരിക്കുന്നുവെന്ന് നിയമസഭാ കൗണ്സിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദന്വെയാണ് വ്യക്തമാക്കിയത്. സര്ക്കാരിന്റെ ഭരണഘടനാപരമായ നിലനില്പ്പ് ചോദ്യ ചിഹ്നമാണെന്നും അംബാദാസ് ചൂണ്ടിക്കാണിച്ചു.

മഹാരാഷ്ട്രയില് ജനാധിപത്യം പൊള്ളയായി മാറിയെന്ന് കുറ്റപ്പെടുത്തിയ അംബാദാസ് ഭരണഘടനാ മാനദണ്ഡങ്ങള് അവഗണിച്ചതായും കുറ്റപ്പെടുത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി തന്നെ അയോഗ്യതയെ അഭിമുഖീകരിക്കുകയാണെന്നും അംബാദാസ് വ്യക്തമാക്കി. സംസ്ഥാനത്ത് വ്യാവസായിക വളര്ച്ച പിന്നോട്ടടിക്കുകയാണെന്ന് ആരോപിച്ച അംബാദാസ് മഹാരാഷ്ട്രക്ക് വേണ്ടി തയ്യാറാക്കിയ പദ്ധതികള് മറ്റുസംസ്ഥാനങ്ങളിലേക്ക് പോകുകയാണെന്നും കുറ്റപ്പെടുത്തി.

ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും കോണ്ഗ്രസും എന്സിപി ശരദ് പവാര് വിഭാഗവും ഞായറാഴ്ചയാണ് ചായസല്ക്കാരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. തിങ്കളാഴ്ച മണ്സൂണ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നിയമസഭാ കൗണ്സിലിലെ പ്രതിപക്ഷ നേതാവ് അംബാദാസ് ദന്വെ, കോണ്ഗ്രസിനെ പ്രതിനിധീകരിച്ച് ബാലെസാഹബ് തോറാട്ട് എന്സിപി ശരദ് പവാര് വിഭാഗത്തെ പ്രതിനിധീകരിച്ച് ജയന്ത് പാട്ടീല് എന്നിവര് പങ്കെടുത്ത യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാര് രാജിവച്ച് മന്ത്രിസഭയില് ചേര്ന്നതോടെ മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. എന്സിപിയിലെ പിളര്പ്പിനെ തുടര്ന്ന് കോണ്ഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുമോ എന്ന ചോദ്യത്തിന് 45 എംഎല്എമാരുള്ള കോണ്ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം അവകാശപ്പെടാനുള്ള അര്ഹതയുണ്ടെന്നായിരുന്നു ബാലെസാഹബ് തൊറാട്ടിന്റെ മറുപടി. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കോണ്ഗ്രസിനെ പരിഗണിക്കുകയാണെങ്കില് ആരാവണം സ്ഥാനാര്ത്ഥിയെന്ന് മുതിര്ന്ന നേതാക്കള് ഡല്ഹിയില് തീരുമാനിക്കുമെന്നും തൊറാട്ട് വ്യക്തമാക്കി.

dot image
To advertise here,contact us
dot image