ഇന്ത്യയിൽ 'ഡിമാൻ്റ്' കുറഞ്ഞ് സ്വർണ്ണാഭരണം, മൂല്യത്തിൽ വൻ വർദ്ധനവ്; 2025ലെ മൂന്നാം പാദത്തിലെ കണക്കുകൾ ഇതാ

നിക്ഷേപമെന്ന നിലയിലുള്ള സ്വർണത്തിൻ്റെ ഡിമാൻഡ് വർദ്ധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്

ഇന്ത്യയിൽ 'ഡിമാൻ്റ്' കുറഞ്ഞ് സ്വർണ്ണാഭരണം, മൂല്യത്തിൽ വൻ വർദ്ധനവ്; 2025ലെ മൂന്നാം പാദത്തിലെ കണക്കുകൾ ഇതാ
dot image

2025ലെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ സ്വർണ്ണാഭരണത്തിന്മേലുള്ള ഡിമാൻ്റ് മുൻ വർഷത്തെ അപേക്ഷിച്ച് 16 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. റെക്കോർഡ് വിലക്കയറ്റം ആഭരണം വാങ്ങുന്നതിനെ നിയന്ത്രിച്ചതാണ് ഇതിന് കാരണമായി വേൾഡ് ഗോൾഡ് കൗൺസിൽ പറയുന്നത്. ഈ സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ മൊത്തം സ്വർണ്ണാഭരണങ്ങളുടെ ആവശ്യം 209.4 ടണ്ണായി കുറഞ്ഞുവെന്നാണ് കണക്ക്. 2024ൽ ഇതേ കാലയളവിൽ ഇത് 248.3 ടണ്ണായിരുന്നു.

ഇതൊക്കെയാണെങ്കിലും വിലയിലുണ്ടായ കുത്തനെയുള്ള വർദ്ധനവ് സ്വർണ്ണത്തിന്റെ മൂല്യത്തിൽ വൻ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. സ്വർണത്തിൻ്റെ മൂല്യം 23 ശതമാനം ഉയർന്ന് 1,65,380 കോടി രൂപയിൽ നിന്ന് 2,03,240 കോടി രൂപയായായിട്ടുണ്ട്. ഇന്ത്യയുടെ സ്വർണ ഉപഭോഗത്തിന്റെ ഭൂരിഭാഗവും സ്വർണാഭരണങ്ങളായാണ് നടക്കുന്നത്. സ്വർണാഭരണ ഉപഭോഗം നേരത്തെയുണ്ടായിരുന്ന 171.6 ടണ്ണിൽ നിന്ന് 31 ശതമാനം കുറഞ്ഞ് 117.7 ടണ്ണായി മാറിയിട്ടുണ്ട്. അളവിൽ കുറവുണ്ടായെങ്കിലും വില ഉയർന്നതിനാൽ സ്വർണാഭരണ ഉപഭോഗത്തിൻ്റെ മൂല്യം ഏകദേശം 1,14,270 കോടി രൂപയിൽ തന്നെ തുടരുന്നുവെന്നാണ് റിപ്പോർട്ട്.

എന്നാൽ നിക്ഷേപമെന്ന നിലയിലുള്ള സ്വർണത്തിൻ്റെ ഡിമാൻഡ് വർദ്ധിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്. നിക്ഷേപമെന്ന നിലയിൽ ഉപഭോഗം 20 ശതമാനം വർദ്ധിച്ച് 91.6 ടണ്ണായി മാറിയിട്ടുണ്ട്. സ്വർണത്തിൻ്റെ മൂല്യം 74 ശതമാനം വർദ്ധിച്ച് 51,080 കോടി രൂപയിൽ നിന്ന് 88,970 കോടി രൂപയായിമാറിയതായും വേൾഡ് ഗോൾഡ് കൗൺസിൽ വ്യക്തമാക്കുന്നുണ്ട്. ദീർഘകാല ഇൻവെസ്റ്റ്മെൻ്റ് എന്ന നിലയിൽ സ്വർണ്ണത്തോടുള്ള ഇന്ത്യൻ ഉപഭോക്താക്കളുടെ തന്ത്രപരമായ പ്രതിബദ്ധത ഇത് എടുത്തുകാണിക്കുന്നു എന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ റീജിയണൽ സിഇഒ (ഇന്ത്യ) സച്ചിൻ ജെയിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

2025 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ ഇന്ത്യയിലെ ശരാശരി സ്വർണ്ണ വില (ഇറക്കുമതി തീരുവയും ജിഎസ്ടിയും ഒഴികെ) 10 ഗ്രാമിന് 97,074.9 രൂപയായാണ് ഉയർന്നത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ ഇത് 66,614.1 രൂപയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണ വില ഔൺസിന് ശരാശരി 3,456.5 ഡോളറാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,474.3 ഡോളറായിരുന്നു. സ്വർണ്ണ ഇറക്കുമതി കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്ന 308.2 ടണ്ണിൽ നിന്ന് 37 ശതമാനം കുറഞ്ഞ് 194.6 ടണ്ണായി മാറി. അതോടൊപ്പം പുനരുപയോഗം ഏഴ് ശതമാനം കുറഞ്ഞ് 21.8 ടണ്ണായിട്ടുണ്ട്.

2025ൽ ഇന്ത്യയുടെ സ്വർണ ഡിമാൻഡ് 600 മുതൽ 700 ടൺ വരെയാകുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ ഈ വർഷത്തിൻ്റെ മൂന്നാം പാദത്തിൽ സ്വർണ്ണത്തിന്റെ ആവശ്യം റെക്കോർഡ് കണക്കായ 1,313 ടണ്ണിലെത്തിയിട്ടുണ്ട്. ഭൗമരാഷ്ട്രീയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ, വ്യാപാര സംഘർഷങ്ങൾ, ഡോളർ കരുതൽ ശേഖരം സ്വർണ്ണമാക്കി മാറ്റുന്നത് തുടങ്ങിയവ വരും മാസങ്ങളിൽ വിലയുടെയും ഡിമാൻഡിൻ്റെയും ആക്കം കൂട്ടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Third quarter of 2025 indicates Gold jewelry sees decline in demand in India, Huge increase in value

dot image
To advertise here,contact us
dot image