

സ്വര്‍ണം വാങ്ങാന്‍ ജ്വലറിയില്‍ ചെല്ലുമ്പോള്‍ 22 കാരറ്റ്,18 കാരറ്റ് എന്നൊക്കെ കേള്‍ക്കാറില്ലേ?. ശുദ്ധമായ സ്വര്‍ണത്തിന്റെ അളവുമായി ബന്ധപ്പെട്ടുള്ള കാര്യമാണിതെന്ന് പലര്‍ക്കും അറിയാം. ആഭരണം നിര്‍മ്മിക്കലും അതുമായി ബന്ധപ്പെട്ട ചില സവിശേഷ വിവരങ്ങളും ഇതാ. ആഭരണമായും സുരക്ഷിത നിക്ഷേപമായും എല്ലാവരും ഇഷ്ടപ്പെടുന്ന ലോഹമാണ് സ്വര്‍ണം. ഒരു കാലത്ത് സ്വര്‍ണം വാങ്ങുക എന്നാല്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചു വയ്ക്കുക എന്ന ഉദ്ദേശമായിരുന്നു ഭൂരിഭാഗം ആളുകള്‍ക്കും ഉണ്ടായിരുന്നത്. പക്ഷേ ഇന്ന് സൂക്ഷിച്ച് വയ്ക്കാന്‍ മാത്രമല്ല ആഭരണങ്ങളായി ധരിക്കാനും ആളുകള്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് സ്വര്‍ണം. എങ്കിലും ആഭരണം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സ്വര്‍ണത്തിന് ചില പ്രത്യേകതകളുണ്ട്.

ഏറ്റവും ശുദ്ധമായ സ്വര്‍ണമാണ് 24 കാരറ്റ് സ്വര്‍ണം. അതായത് 99.9 ശതമാനം ശുദ്ധമായ സ്വര്‍ണം എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. എന്തെന്നാല്‍ അതില്‍ മറ്റ് ലോഹങ്ങള്‍ ഒന്നും കലര്‍ന്നിട്ടില്ല. ഇത് വളരെ മൃദുവും വഴക്കമുള്ളതുമാണ്. അതുകൊണ്ട് ഈ സ്വര്‍ണം ഉപയോഗിച്ച് ആഭരണങ്ങള്‍ ഉണ്ടാക്കിയാല്‍ അത് പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇവ നാണയനിക്ഷേപങ്ങളായും ഹെവി ബുള്ളിയന്‍ ബാറുകള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

24 കാരറ്റ് സ്വര്‍ണത്തിന്റെ ശക്തി വര്‍ധിപ്പിക്കാനായി ചെമ്പ് ,വെളളി, സിങ്ക് പോലെയുള്ള മറ്റ് ലോഹങ്ങള്‍ അതില്‍ ചേര്‍ക്കും. അപ്പോള്‍ ഇവ 22 അല്ലെങ്കില്‍ 18 കാരറ്റ് സ്വര്‍ണമായി മാറും. 22 കാരറ്റ് സ്വര്‍ണത്തില്‍ 91.6 ശതമാനം ശുദ്ധമായതും ബാക്കിയുള്ളത് മറ്റ് ലോഹങ്ങളുടെ അളവുമാണ്. 18 കാരറ്റ് സ്വര്‍ണത്തില്‍ 75 ശതമാനം ശുദ്ധമായ സ്വര്‍ണവും 25 ശതമാനം അലോയ് ലോഹങ്ങളുമാണ്.

14 കാരറ്റ് സ്വര്‍ണത്തില്‍ 58.3 ശതമാനം ശുദ്ധമായ സ്വര്‍ണവും 41.7 ശതമാനം അലോയ് ലോഹങ്ങളും അടങ്ങിയിരിക്കുന്നു. കട്ടിയുള്ള ആഭരണമാണ് വേണ്ടതെങ്കില്‍ 14 കാരറ്റ് തിരഞ്ഞെടുക്കാം. ബജറ്റിനും അനുയോജ്യമാണ്. എങ്കിലും ഇതില്‍ സ്വര്‍ണത്തിന്റെ അളവ് കുറവാണെന്നത് അറിഞ്ഞിരിക്കണം.
Content Highlights : The gold used to make jewelry has some special characteristics. Know the characteristics of 24 carat, 22 carat, 18 carat, and 14 carat gold.