അമൂലിനെ തളയ്ക്കുമോ? പുതിയ തന്ത്രങ്ങളുമായി ക്വാളിറ്റി വാൾസ് കളം നിറയുന്നു, ഓഹരി വിപണിയിൽ തണുത്ത തുടക്കം

ഇന്ത്യൻ ഐസ്‌ക്രീം വിപണിയിൽ കൂടുതൽ കരുത്താർജ്ജിക്കാൻ ഒരുങ്ങുകയാണ് ക്വാളിറ്റി വാൾസ്

അമൂലിനെ തളയ്ക്കുമോ? പുതിയ തന്ത്രങ്ങളുമായി ക്വാളിറ്റി വാൾസ് കളം നിറയുന്നു, ഓഹരി വിപണിയിൽ തണുത്ത തുടക്കം
സുമ സണ്ണി
1 min read|17 Feb 2026, 11:14 am
dot image

ഇന്ത്യൻ ഐസ്ക്രീം രംഗത്തെ പ്രമുഖരായ ക്വാളിറ്റി വാൾസ് (ഇന്ത്യ)ലിമിറ്റഡ് ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ചു. ഹിന്ദുസ്ഥാൻ യൂണിലിവറിൽ നിന്ന് വേർപിരിഞ്ഞതിന് പിന്നാലെ ഇന്ത്യൻ ഐസ്‌ക്രീം വിപണിയിൽ കൂടുതൽ കരുത്താർജ്ജിക്കാൻ ഒരുങ്ങുകയാണ് ക്വാളിറ്റി വാൾസ്. ഇതിന്റെ ഭാഗമായി ക്വാളിറ്റി വാൾസ് (ഇന്ത്യ) ലിമിറ്റഡ് എന്ന പേരിൽ പുതിയ സ്വതന്ത്ര കമ്പനിയായി. ഐസ്‌ക്രീം മേഖലയിലെ വിതരണ ശൃംഖല ശക്തമാക്കാൻ കൂടുതൽ മൂലധനം സമാഹരിക്കാനാണ് ഓഹരി വിപണിയിൽ ഇറങ്ങിയിരിക്കുന്നത്. സ്വതന്ത്ര കമ്പനിയാകുന്നതോടെ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനും വിപണിയിൽ വലിയ വളർച്ച നേടാനും ബ്രാൻഡിന് സാധിക്കുമെന്നാണ് വിലയിരുത്തൽ.

kwality walls

കൂടുതൽ സാധ്യതകള്‍

ഇന്ത്യൻ ഐസ്‌ക്രീം വിപണിയിൽ വൻ കുതിച്ചുചാട്ടത്തിനുള്ള സാധ്യതകളാണ് ക്വാളിറ്റി വാൾസ് കാണുന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഒരാൾ വർഷം 5 മുതൽ 13 ലിറ്റർ വരെ ഐസ്‌ക്രീം കഴിക്കുമ്പോൾ ഇന്ത്യയിൽ ഇത് വെറും 0.4 - 0.6 ലിറ്റർ മാത്രമാണ്. അതുകൊണ്ട് വിപണിക്ക് ഇനിയും വളരാൻ ഒരുപാട് ഇടമുണ്ട് എന്ന ആശയം ക്വളിറ്റി വാൾസ് ഉറപ്പിക്കുന്നു. ഇന്ത്യയിലെ 1.3 കോടി കടകളിൽ വെറും 12 ലക്ഷം കടകളിൽ മാത്രമാണ് നിലവിൽ ഐസ്‌ക്രീം ലഭിക്കുന്നത്. ക്വാളിറ്റി വാൾസ് ആകട്ടെ ഇപ്പോൾ 2 ലക്ഷം കടകളിൽ മാത്രമേ എത്തുന്നുള്ളൂ.

ശീതീകരണ സംവിധാനങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ കൂടുതൽ കടകളിലേക്ക് ബ്രാൻഡ് എത്തിക്കുകയാണ് ഇവരുടെ മറ്റൊരു ലക്ഷ്യം.അതുപോലെ നഗരവൽക്കരണവും , എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിയത്, ആളുകളുടെ ചെലവാക്കാനുള്ള ശേഷി വർദ്ധിച്ചത് എന്നിവ ഐസ്‌ക്രീം വിപണിക്ക് വരും വർഷങ്ങളിൽ ഇരട്ട അക്ക വളർച്ച നൽകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ ഐസ്‌ക്രീം വിപണിയിൽ 10 ശതമാനം വിഹിതവുമായി അമൂലിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ക്വാളിറ്റി വാൾസ്. 2026 ഫെബ്രുവരി 16-ന് നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനിയുടെ ഓഹരി വില 29.80 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്.ഇന്ന് ക്വളിറ്റി വാൾസ് ഓഹരി 4% ഇടിവിലാണ്. ഐസ്‌ക്രീം വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള വലിയ ചിലവുകളും ലാഭവിഹിതത്തിലെ ഇടിവും കണക്കിലെടുത്ത് നിക്ഷേപകർ ജാഗ്രതയോടെയാണ് ഈ ഓഹരിയെ നോക്കിക്കാണുന്നത്.

ഇന്ത്യക്കാർക്ക് ഐസ് ക്രീം ഇഷ്ടമല്ലേ?

ഇന്ത്യക്കാരെ കൂടുതൽ ഐസ് ക്രീം കഴിപ്പിക്കാനാണ് ക്വളിറ്റി വാൾസ് ശ്രമിക്കുക.ലോകത്തെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ ഐസ്‌ക്രീം ഉപഭോഗം വളരെ പിന്നിലാണ്. ശരാശരി ഒരു ഇന്ത്യക്കാരൻ വർഷത്തിൽ വെറും 0.4 മുതൽ 1.6 ലിറ്റർ വരെ ഐസ്‌ക്രീം മാത്രമേ കഴിക്കുന്നുള്ളൂ.

icecream

വികസിത രാജ്യങ്ങളിൽ ഇത് വളരെ കൂടുതലാണ്. ഉദാഹരണത്തിന്, അമേരിക്കയിൽ ഒരാൾ ശരാശരി 22 ലിറ്ററും, ന്യൂസിലാൻഡിൽ 28 ലിറ്ററിലധികവും ഐസ്‌ക്രീം ഒരു വർഷം കഴിക്കുന്നുണ്ട്. അയൽരാജ്യമായ ചൈനയിൽ പോലും ഇത് ഏകദേശം 4.3 ലിറ്ററാണ്.

മറ്റ് മധുരപലഹാരങ്ങൾ ഇഷ്ടം കുറക്കുന്നു

ഇന്ത്യയിൽ ലഡു, ജിലേബി തുടങ്ങി നൂറുകണക്കിന് വൈവിധ്യമാർന്ന മധുരപലഹാരങ്ങൾ ലഭ്യമാണ്. ഐസ്‌ക്രീമിന് ഇവയുമായി വലിയ മത്സരം നേരിടേണ്ടി വരുന്നു. ഐസ്‌ക്രീം ശരിയായ രീതിയിൽ സൂക്ഷിക്കാൻ ആവശ്യമായ കോൾഡ് ചെയിൻ സംവിധാനങ്ങൾ ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ ഇപ്പോഴും വേണ്ടത്ര എത്തിയിട്ടില്ല.ഇന്ത്യയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും വേനൽക്കാലത്ത് മാത്രമാണ് ഐസ്‌ക്രീമിന് വലിയ ഡിമാൻഡ് ഉണ്ടാകുന്നത്. 'ഐസ് ക്രീം കഴിച്ചാൽ തൊണ്ട വേദന വരും' എന്ന അമ്മമാരുടെ പേടിപ്പിക്കൽ കാരണവും പല വീടുകളിലും ഐസ് ക്രീം വാങ്ങുന്നത് കുറവാണ്.

ഇന്ത്യക്ക് ഐസ് ക്രീം എന്നാൽ അമുൽ

അമുൽ ഐസ് ക്രീം ഇന്ത്യക്കാർ നെഞ്ചോട് ചേർത്ത് പിടിക്കുന്ന ബ്രാൻഡാണ്.38% മുതൽ 40% വരെ വിപണി വിഹിതം അമുലിന് സ്വന്തമായതിനാൽ ക്വളിറ്റി വാൾസിന് ഇന്ത്യൻ വിപണിയിൽ വിപണി വിഹിതം വർധിപ്പിക്കാൻ നന്നായി പൊരുതേണ്ടി വരും. അമുലിനു വലിയ വിതരണ ശൃംഖലയുണ്ട്. ഇന്ത്യയിലുടനീളമുള്ള 800-ലധികം പട്ടണങ്ങളിൽ ഉൽപ്പന്നങ്ങൾ ലഭ്യമാണ്. ഗ്രാമപ്രദേശങ്ങളിലേക്കും ഇപ്പോൾ വേഗത്തിൽ അമുൽ ഐസ് ക്രീം പാർലറുകൾ വ്യാപിക്കുന്നുണ്ട്. കപ്പുകൾ, സ്റ്റിക്കുകൾ, കോൺകൾ, ടബ്ബുകൾ, അതുപോലെ പ്രത്യേക, പഞ്ചസാര രഹിത, പ്രോബയോട്ടിക് എന്നിവയുൾപ്പെടെ കുറേയേറെ വിഭവങ്ങളും അമുലിനുണ്ട്.അതുപോലെ വിലക്കുറവിൽ മുതൽ ഉയർന്ന വിലയിൽ വരെ അമുൽ ലഭ്യമാണ്. അതായത് ഏത് ആവശ്യത്തിനും, ആർക്കും പോക്കറ്റിനു ഇണങ്ങുന്ന ഉത്പന്നങ്ങൾ ഇവർക്ക് ഇപ്പോഴുണ്ട്.

amul icecream

പാൽ, വെണ്ണ, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങളിൽ നിന്ന് തുടങ്ങിയ അമുൽ ഇന്ത്യക്കാരുടെ രുചികൾക്കനുസരിച്ച് ഉത്പന്നങ്ങൾ പുറത്തിറക്കി വിപണിയിൽ സ്ഥാനമുറപ്പിച്ചതിനാൽ ക്വളിറ്റി വാൾസ് ഒരു മേഖലയിലല്ല, പല മേഖലയിലും ഒന്നിച്ച് പയറ്റിയാൽ മാത്രമേ അടുത്ത വർഷങ്ങളിൽ അമുലിന്റ്റെ വിപണി വിഹിതത്തിൻറ്റെ ഒരു പങ്ക് പിടിച്ചു പറ്റാൻ സാധിക്കുകയുള്ളൂ. ചുരുക്കത്തിൽ പറഞ്ഞാൽ ക്വളിറ്റി വാൾസിന് ഇന്ത്യൻ വിപണിയിൽ സാധ്യതകൾ ഏറെയുണ്ടെങ്കിലും, അതുപോലെതന്നെ വെല്ലുവിളികളും ഉണ്ട്.

Content Highlights: Quality Walls (India) Limited, has made its debut in the stock market.

dot image
To advertise here,contact us
dot image