

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനോടും പരാജയം വഴങ്ങി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ചെന്നൈയെ പഞ്ചാബ് മുട്ടുകുത്തിച്ചത്. ചെന്നൈ ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് എട്ട് പന്ത് ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് എത്തി. പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറി നേടി. സീസണില്‍ ചെന്നൈ വഴങ്ങുന്ന തുടർച്ചയായ രണ്ടാമത്തെ പരാജയവും പഞ്ചാബിന്‍റെ തുടർച്ചയായ രണ്ടാം വിജയവുമാണിത്.
ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സാണ് അടിച്ചെടുത്തത്. യുവതാരം ആയുഷ് മാത്രെയുടെ അര്‍ധ സെഞ്ച്വറിയും ദുബെയുടെ അപരാജിത ഇന്നിങ്സുമാണ് ചെന്നൈയ്ക്ക് കരുത്തായത്. മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ കുപ്പായത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറിയുമായി പഞ്ചാബിനെ മുന്നില്‍ നിന്ന് നയിച്ചു. 29 പന്തില്‍ 50 റണ്‍സ് നേടിയ ശ്രേയസാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. ആറ് പന്തില്‍ 14 റണ്‍സുമായി ശശാങ്ക് സിങും, മൂന്ന് പന്തില്‍ ഒമ്പത് റണ്‍സുമായി മാര്‍ക്കസ് സ്റ്റോയിനിസും പുറത്താകാതെ നിന്നു. ഒമ്പത് പന്തില്‍ 10 റണ്‍സെടുത്ത നെഹാല്‍ വധേര മാത്രമാണ് പഞ്ചാബ് നിരയില്‍ നിരാശപ്പെടുത്തിയത്.
പഞ്ചാബിന്റെ വിജയത്തില്‍ മറ്റ് ബാറ്റര്‍മാരെല്ലാം നിര്‍ണായക സംഭാവന നല്‍കി. പ്രിയാന്‍ഷ് ആര്യ (11 പന്തില്‍ 39), പ്രഭ്‌സിമ്രാന്‍ സിങ് (34 പന്തില്‍ 43), കൂപ്പര്‍ കോണോലി (22 പന്തില്‍ 36) എന്നിങ്ങനെയാണ് മറ്റ് പഞ്ചാബ് ബാറ്റര്‍മാരുടെ സംഭാവന. ചെന്നൈയ്ക്ക് വേണ്ടി അന്‍ഷുല്‍ കാംബോജും, നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlights: IPL 2026, CSK vs PBKS: Shreyas Iyer Shines With Fifty As Punjab Kings Beat Chennai super kings By 5 Wickets