

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ ലുലു റീട്ടെയില്‍ ഹോള്‍ഡിംഗ്‌സ് 2025ല്‍ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. 7.9 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ ഈ വര്‍ഷത്തെ ആകെ വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 4.1 ശതമാനം വര്‍ധനവുണ്ടായി. ലുലു വിവിധ പ്രദേശങ്ങളിലേക്ക് സ്റ്റോര്‍ വിപുലീകരിച്ചതും ശക്തമായ ഇ-കൊമേഴ്സ് വളര്‍ച്ച നേടിയതും നേട്ടത്തിന് കാരണമായി. കമ്പനിയുടെ 2025ലെ അറ്റാദായം 205 മില്യണ്‍ ഡോളറിലെത്തി.

കഴിഞ്ഞ വര്‍ഷം 20 പുതിയ സ്റ്റോറുകളാണ് ലുലു തുറന്നത്. യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലായി മൊത്തം 267 ഔട്ട്ലെറ്റുകളായി ഉയര്‍ത്തി. മൂന്ന് വര്‍ഷത്തിനുള്ളില്‍ വിവിധ രാജ്യങ്ങളിലായി 50 പുതിയ സ്റ്റോറുകള്‍ തുറക്കാനാണ് തീരുമാനം. വിപുലമായ വികസന പദ്ധതികളാണ് മുന്നിലുള്ളതെന്നും നിക്ഷേപകര്‍ക്ക് മികച്ച നേട്ടം ഉറപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി വ്യക്തമാക്കി.
ഇ-കൊമേഴ്സ് മേഖലയിലെ കുതിച്ചുചാട്ടം
ഇ-കൊമേഴ്സ് വില്‍പ്പനയില്‍ 38.6 ശതമാനം അധിക വില്‍പ്പനയാണ് ലുലു റീട്ടെയില്‍ നേടിയത്. ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ എണ്ണം 7.3 ശതമാനവും അധിക വില്‍പ്പന നേടി. സ്വകാര്യ ലേബല്‍ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ മൊത്തം വില്‍പ്പനയുടെ 29.8 ശതമാനമാണ്. ഇത് ലാഭത്തെ പിന്തുണയ്ക്കുന്നു. ലുലുവിന്റെ ഹാപ്പിനെസ് ലോയല്‍റ്റി മെമ്പര്‍ഷിപ്പില്‍ അംഗങ്ങളാകുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. 8.4 മില്യണ്‍ പേര്‍ നിലവില്‍ ലോയല്‍റ്റി പ്രോഗ്രാം അംഗങ്ങളാണ്.
മാത്രമല്ല കമ്പനിയുടെ അറ്റ കടം 2.5 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഭാവിയിലെ വിപുലീകരണത്തിനും ഓഹരി ഉടമകളുടെ വരുമാനത്തിനും ഇത് മികച്ച സൂചനയാണ്. ഉയര്‍ന്ന പണമൊഴുക്കും ഭാവിയിലേക്കുള്ള ആത്മവിശ്വാസവും മൂലം ഒരു ഓഹരിക്ക് 3.5 ഫില്‍സ് എന്ന രീതിയില്‍ രണ്ടാം പകുതിയിലെ ലാഭവിഹിതം നിര്‍ദ്ദേശിക്കുകയാണെന്നും കമ്പനി അറിയിച്ചു.

പ്രാദേശിക വിപണിയെ ശക്തിപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ലുലു ഊന്നല്‍ നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി പറഞ്ഞു. ഒമാനില്‍ 6 പദ്ധതികള്‍ കൂടി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സംസ്‌ക്കരണ കേന്ദ്രം കയറ്റുമതി കേന്ദ്രം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയിലും വിപുലീകരണത്തിന് ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. ഒട്ടേറെ സംസ്ഥാനങ്ങളില്‍ പുതിയ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വരുന്നുണ്ട്. അസം, ഉത്തരാഗണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ ലുലുവുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
Content Highlights: Lulu Retail reports record 7.9bln dollar revenue for FY 2025