

ഇന്ത്യയിൽ പരീക്ഷകൾ വെറും കടമ്പകളല്ല, വൈകാരിക പരീക്ഷണങ്ങൾ കൂടിയാണ്. ഇന്ന് സിബിഎസ്ഇ പരീക്ഷകൾ തുടങ്ങിയായതോടെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സമ്മർദ്ദം കൂടിയിരിക്കുകയാണ്. ലോകത്തിലെ മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് പരീക്ഷാകാലത്തെ സമ്മർദ്ദം ഇന്ത്യയിൽ കൂടുതലാണ് എന്ന് പഠനങ്ങൾ കാണിക്കുന്നു. വിദ്യാർത്ഥികളുടെ സമ്മർദ്ദം കുറയ്ക്കുന്നതിനായി 2020 ലെ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് നിർബന്ധിതമായി രണ്ട് പരീക്ഷാ സമ്പ്രദായം അവതരിപ്പിച്ചിരിക്കുന്നതിനാൽ ഈ വർഷം ഇത്തിരി കൂടുതൽ ആകുലതകൾ ഉണ്ട്.

സി ബി എസ് ഇ പരീക്ഷയുമായി ബന്ധപ്പെട്ട് സർക്കാരിനും സമർദ്ദങ്ങളുണ്ട്. ലക്ഷകണക്കിന് കുട്ടികൾ എഴുതുന്ന പരീക്ഷ ആയതിനാൽ അതിന്റെ നടത്തിപ്പ് കുറ്റമറ്റതായി തീർക്കാൻ സർക്കാർ ശ്രമിക്കാറുണ്ട്. ഇതിനോടനുബന്ധിച്ച് എത്ര രൂപയാണ് സർക്കാർ ചെലവാക്കുന്നത് എന്ന് അറിയാമോ?
പരീക്ഷപ്പനി സർക്കാരിനും
ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കുന്ന സിബിഎസ്ഇ ബോർഡ് പരീക്ഷകളുടെ നടത്തിപ്പും മൂല്യനിർണ്ണയവും സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുന്നുണ്ട്. പരീക്ഷാ നടത്തിപ്പിനാവശ്യമായ ഭീമമായ തുക പ്രധാനമായും കണ്ടെത്തുന്നത് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്ന പരീക്ഷാ ഫീസിലൂടെയാണ്.റിപ്പോർട്ടുകൾ പ്രകാരം, 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ നടത്തുന്നതിനായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പ്രതിവർഷം ഏകദേശം 500 കോടി രൂപ ചെലവഴിക്കുന്നു.
പരീക്ഷാ നടത്തിപ്പിൽ ബോർഡിന് പ്രതിവർഷം 200 കോടിയിലധികം രൂപയുടെ കമ്മി നേരിടേണ്ടി വരുന്നുണ്ട്. ഇത് മറികടക്കാനാണ് പരീക്ഷാ ഫീസിൽ പരിഷ്കാരങ്ങൾ വരുത്തിയത്. 2026-ലെ പരീക്ഷകൾക്കായി, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അഞ്ച് വിഷയങ്ങൾക്കുള്ള ഫീസ് 1,600 രൂപയാണ്. പന്ത്രണ്ടാം ക്ലാസിലെ ഏകദേശം 1 കോടി ഉത്തരക്കടലാസുകൾ 'ഡിജിറ്റൽ ഓൺ-സ്ക്രീൻ മാർക്കിംഗിനായി' പരിശോധിക്കുന്നു. ഇതിന്റെ ഭാഗമായി 32 കോടി പേജുകൾ സ്കാൻ ചെയ്യുന്നതിനായി വലിയൊരു തുക ചെലവഴിക്കുന്നുണ്ട്.

രാജ്യത്തുടനീളമുള്ള 7,400-ലധികം പരീക്ഷാ കേന്ദ്രങ്ങളിൽ ശുചിത്വ പരിപാലനത്തിനായി ഏകദേശം 10 കോടി രൂപയും വിദ്യാർത്ഥികൾക്ക് ശുദ്ധജലം ഉറപ്പാക്കാൻ വലിയൊരു തുകയും നീക്കിവെച്ചിട്ടുണ്ട്.ഡൽഹിയിലെ സർക്കാർ സ്കൂൾ വിദ്യാർത്ഥികളുടെ പരീക്ഷാ ഫീസ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. ഇതിനായി പ്രതിവർഷം ഏകദേശം 57 കോടി രൂപയാണ് സർക്കാർ ചെലവിടുന്നത്.
Content Highlights: Conducting and evaluating the CBSE board exams, places a significant financial burden to the government