സമ്പത്ത് വളർത്തണോ? ബാങ്കിൽ നിന്ന് ഓഹരി വിപണിയിലേക്ക് പണം എത്തിക്കണമെന്ന് മുകേഷ് അംബാനി

സമ്പാദ്യ മനോഭാവത്തിൽ നിന്നും നിക്ഷേപ മനോഭാത്തിലേക്ക് മാറേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി അംബാനി

സമ്പത്ത് വളർത്തണോ? ബാങ്കിൽ നിന്ന് ഓഹരി വിപണിയിലേക്ക് പണം എത്തിക്കണമെന്ന് മുകേഷ് അംബാനി
dot image

കുറഞ്ഞ വരുമാനമുള്ള ബാങ്ക് നിക്ഷേപങ്ങളിൽ നിന്നും,സ്വർണ്ണം, വെള്ളി പോലുള്ള ഭൗതിക ആസ്തികളിൽ നിന്നുമുള്ള സമ്പാദ്യം മൂലധന വിപണികളിലേക്ക് മാറ്റണമെന്ന് മുകേഷ് അംബാനി . കോമ്പൗണ്ടിംഗിലൂടെ ഉയർന്ന വരുമാനം നേടുന്നതിന് ഈ രീതിയാണ് നല്ലതെന്ന് അദ്ദേഹം വിശദീകരിച്ചു. ജിയോബ്ലാക്ക് റോക്ക് പരിപാടിയിൽ സംസാരിക്കവെ, ദീർഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിന് സമ്പാദ്യ മനോഭാവത്തിൽ നിന്നും നിക്ഷേപ മനോഭാത്തിലേക്ക് മാറേണ്ടതിന്റെ പ്രാധാന്യം അംബാനി ചൂണ്ടിക്കാട്ടി

JIO BLACKROCK

ഇന്ത്യയിൽ നിലവിലെ സ്ഥിതി തുടർന്നാൽ, സ്ഥിരമായ ഇരട്ട അക്ക വളർച്ച സാധ്യമാണെന്ന് അംബാനി പറഞ്ഞു. ഇന്ത്യ പരമ്പരാഗതമായി സമ്പാദ്യശീലമുള്ള രാജ്യമാണ്, എന്നാൽ കഴിഞ്ഞ വർഷം ഇന്ത്യക്കാർ സ്വർണ്ണത്തിൽ 6000 കോടി ഡോളറും വെള്ളിയിൽ 1500 കോടി ഡോളറും നിക്ഷേപിച്ചതായി അദ്ദേഹം പറഞ്ഞു.ഇന്ത്യൻ നിക്ഷേപകരെ മൂലധന വിപണികളെക്കുറിച്ച് ബോധ്യപ്പെടുത്താനും സമ്പാദ്യം തിരിച്ചുവിടാനുമാണ് ജിയോ ബ്ലാക്ക്‌റോക്ക് ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

അംബാനിയുടെ വാക്കുകൾ

  • സ്വർണ്ണം, വെള്ളി, ബാങ്ക് നിക്ഷേപങ്ങൾ തുടങ്ങിയ പരമ്പരാഗത നിക്ഷേപ രീതി "ഉൽപ്പാദനക്ഷമമല്ലാത്തത്"
  • ബാങ്ക് അക്കൗണ്ടുകളിൽ കിടക്കുന്ന പണം കുറഞ്ഞ പലിശ മാത്രമേ നൽകുന്നുള്ളു. അതേസമയം ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നത് കൂട്ടുപലിശയുടെ പ്രയോജനം ലഭിക്കാൻ കാരണമാകും. ഇത് സമ്പത്ത് സൃഷ്ടിക്കുന്നതിന് സഹായിക്കും.
  • സമ്പദ്‌വ്യവസ്ഥ 8-10% വളർച്ച കൈവരിച്ചാൽ, ഓഹരി വിപണികൾ മികച്ച വരുമാനം നൽകും

  • ഇന്ത്യയുടെ "ഗ്രോത്ത് സ്റ്റോറിയിൽ" വിശ്വസിക്കണമെന്ന് നിക്ഷേപകരോട് അംബാനി

ബ്ലാക്ക് റോക്കിനും ഇന്ത്യ പെരുത്തിഷ്ടം

മുകേഷ് അംബാനിയോടൊപ്പം ആഗോള തലത്തിൽ തന്നെ ഭീമമായ ആസ്തി മാനേജ്‌ ചെയ്യുന്ന ബ്ലാക്ക്‌റോക്കിന്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ലാറി ഫിങ്ക് അടുത്ത കുറച്ച് വർഷങ്ങളെ ഇന്ത്യയുടെ യുഗമെന്ന് വിശേഷിപ്പിച്ചു. അടുത്ത ദശകത്തിൽ ഇന്ത്യയുടെ ജിഡിപി എല്ലാ വർഷവും 8-10 ശതമാനം വളരുമെന്ന് ബ്ലാക്‌റോക്ക് കണക്കാക്കുന്നു.

GOLD

ഇന്ത്യയിൽ ആസ്തി, സമ്പത്ത് മാനേജ്‌മെന്റ് മേഖലകളിൽ ജിയോ ഫിനാൻഷ്യൽ സർവീസസുമായി ചേർന്ന് പ്രവർത്തിക്കുന്ന ഫിങ്ക്, ഇന്ത്യക്കാരോട് മൂലധന വിപണികളിൽ നിക്ഷേപിക്കാനും ബാങ്കുകളിൽ പണം നിക്ഷേപിക്കാതിരിക്കാനും അഭ്യർത്ഥിച്ചു. ബാങ്ക് അക്കൗണ്ടുകളെ അപേക്ഷിച്ച്, മൂലധന വിപണികളിൽ നിക്ഷേപിക്കുന്നവർക്കാണ് കോമ്പൗണ്ടിംഗിലൂടെ കൂടുതൽ നേട്ടമുണ്ടാക്കാനാകുന്നതെന്ന അനുഭവം അദ്ദേഹം പങ്കുവെച്ചു.''രാജ്യത്തിന്റെ വളർച്ചയ്‌ക്കൊപ്പം കൂടുതൽ ആളുകൾ നിക്ഷേപം നടത്തേണ്ടതുണ്ടെന്നും " ഫിങ്ക് പറഞ്ഞു.

LARRY FINK

വാണിജ്യം, ഉപഭോഗം, തുടങ്ങിയ മേഖലകളെ മാറ്റി മറിക്കുന്നതിന് ഇന്ത്യ സാങ്കേതിക പുരോഗതി ഉപയോഗിക്കുന്നത് പ്രചോദനകരമാണെന്നും പറഞ്ഞു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മ്യൂച്വൽ ഫണ്ട് ആസ്തികൾ നിലവിലെ 80 ലക്ഷം കോടി രൂപയിൽ നിന്ന് ഇരട്ടിയിലധികം വർദ്ധിക്കുമെന്ന് ജിയോ ഫിനാൻഷ്യൽ സർവീസസ് ചെയർമാൻ കെ വി കാമത്ത് പറഞ്ഞു.ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറണമെങ്കിൽ മൂലധന വിപണികളും മ്യൂച്വൽ ഫണ്ടുകളും വളരേണ്ടതുണ്ടെന്ന് ബ്ലാക്ക്‌റോക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ റോബ് ഗോൾഡ്‌സ്റ്റൈൻ അഭിപ്രായപ്പെട്ടു.

JIO BLACK ROCK

ഏഴ് മാസം മുമ്പ് ജിയോ ബ്ലാക്ക്‌റോക്ക് ആദ്യ ഫണ്ട് ആരംഭിച്ചതിനുശേഷം 10 ലക്ഷം നിക്ഷേപകരാണ് ഒപ്പം കൂടിയത് , നാലിലൊന്ന് നിക്ഷേപകർ ആദ്യമായി മ്യൂച്വൽ ഫണ്ട് തുടങ്ങിയവരാണ്. ചുരുക്കത്തിൽ പറഞ്ഞാൽ ജിയോ, ബ്ലാക് റോക്കുമായി സഹകരിക്കുന്നതിനാൽ മ്യൂച്ചൽ ഫണ്ട് മേഖലയിൽ വൻ നിക്ഷേപവും, പണമൊഴുക്കും വരും വർഷങ്ങളിൽ ഉണ്ടാകുമെന്ന കൃത്യമായ കണക്കുകൂട്ടലാണ് ഇരു കമ്പനികളുടെ മേധാവികളും പങ്കുവെച്ചത്. ഇന്ത്യൻ മൂലധന വിപണിയിൽ ചില്ലറ വ്യാപാര പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഇരു കമ്പനികളും ഒത്തു ചേർന്നിരിക്കുന്നത്. ജിയോബ്ലാക്ക് റോക്ക് സംരംഭവുമായി സഹകരിച്ച്, സാധാരണക്കാരെ പരമ്പരാഗത സേവിങ്സ് രീതികളിൽ നിന്ന് മാറ്റുക എന്നതാണ് ലക്ഷ്യം.

Content Higlights : Gold, silver savings are unproductive: Mukesh Ambani's Jio BlackRock pitch to Indian savers

dot image
To advertise here,contact us
dot image