സ്വർണത്തേക്കാള്‍ ലാഭം തന്നത് വെള്ളി: അമ്പരപ്പ് വേണ്ട, 2025 ല്‍ മാത്രം വിലയില്‍ 130% വർധനവ്

എല്ലാ അർത്ഥത്തിലും സ്വർണത്തിന് മികച്ച വർഷമായിരുന്നു 2025

സ്വർണത്തേക്കാള്‍ ലാഭം തന്നത് വെള്ളി: അമ്പരപ്പ് വേണ്ട, 2025 ല്‍ മാത്രം വിലയില്‍ 130% വർധനവ്
dot image

സ്വർണ വിലയില്‍ അപ്രതീക്ഷിത കുതിപ്പുകള്‍ കണ്ട വർഷമാണ് 2025. പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ച സ്വർണ വില നിലവില്‍ ഏകദേശം പവന് ഒരു ലക്ഷത്തിന് അടുത്ത് എത്തി നില്‍ക്കുകയാണ്. ട്രംപ് ഭരണകാലത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ നിക്ഷേപകരും സെൻട്രൽ ബാങ്കുകളും സ്വർണത്തിലേക്ക് ഒഴുകിയതോടെ വിലയില്‍ ഏകദേശം 65 ശതമാനത്തോളം വർധനവ് ഉണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ആഭരണത്തിന്‍റെ ഡിമാന്‍ഡിലും വർധനവ് ഉണ്ടായി. സാധാരണക്കാരായ നിക്ഷേപകരെ സംബന്ധിച്ച് വലിയ ആശങ്കയാണ് സൃഷ്ടിച്ചതെങ്കിലും നിക്ഷേപകരുടെ കാര്യത്തില്‍ എല്ലാ അർത്ഥത്തിലും സ്വർണത്തിന് മികച്ച വർഷമായിരുന്നു ഇത്. വാർത്തകളില്‍ പലപ്പോഴും നിറയുന്നത് സ്വർണവിലയിലെ വർധനവ് ആണെങ്കിലും മറുവശത്ത് അതിനേക്കാള്‍ വേഗത്തില്‍ മുന്നേറിയത് വെള്ളിയാണ് എന്നതാണ് യഥാർത്ഥ്യം.

സ്വർണത്തിന്‍റെ തിളക്കത്തിന് മുന്നില്‍ പലപ്പോഴും അത്ര ശ്രദ്ധ ലഭിക്കാത്ത വെള്ളി വിലയില്‍ 130 ശതമാനത്തിലധികം വർധനവാണ് 2025 ല്‍ ഉണ്ടായിരിക്കുന്നത്. അതായത് മൂല്യത്തില്‍ ഇരട്ടിയില്‍ അധികം രൂപയുടെ വർധനവ്. വ്യാപാരികളെയും നിക്ഷേപകരെയും അമ്പരപ്പിച്ചുകൊണ്ടാണ് വെള്ളി വില ഈ വർഷം മുന്നേറിയത്.

2025-ന്റെ ആദ്യ അഞ്ച് മാസങ്ങളിൽ രണ്ട് ലോഹങ്ങളും ഒരുപോലെ മുന്നേറി. അതായത് ഇക്കാലയളവില്‍ ഓരോന്നിലും ഏകദേശം 30 ശതമാനത്തിന്‍റെ വർധനവുണ്ടായി. എന്നാല്‍ പിന്നീട് സ്വർണത്തെ ഏറെ പിന്നിലാക്കി വെള്ളി വളരെ വേഗത്തില്‍ മുന്നേറുന്നതാണ് കണ്ടത്. സെപ്റ്റംബറോടെ വെള്ളി 100 ശതമാനത്തിലധികം വർധിച്ചു. ഒക്ടോബറിൽ ചെറിയ തിരുത്തലുകൾ ഉണ്ടായെങ്കിലും, വർഷാവസാനം വെള്ളി 2025-ലെ ബ്രേക്കൗട്ട് കമോഡിറ്റിയായി സ്ഥാനം ഉറപ്പിച്ചു. സ്വർണത്തെ വിലവർധനവില്‍ ഏറെ പിന്നിലാക്കുകയും ചെയ്തു.

വെള്ളിവിലയിലെ അസാധാരണ കുതുപ്പിന് കാരണം വിതരണത്തിലെ കടുത്ത പ്രതിസന്ധിയും ആവശ്യകതയിലെ വലിയ ഉയർച്ചയും ചേർന്ന 'പെർഫെക്ട് സ്റ്റോം' ആണെന്നാണ് സ സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്വർണം പ്രധാനമായും ആഭരണങ്ങളിലും വീടുകളിലേയും ബാങ്കുകളിലേയും ലോക്കറുകളില്‍ കിടക്കുമ്പോൾ വെള്ളിക്ക് ഈ ലോകത്ത് ചില ദൈനംദിന 'ജോലികളും' ഉണ്ട്. ഭൂമിയിലെ ഏറ്റവും മികച്ച വൈദ്യുത ചാലകമായ വെള്ളി സർക്യൂട്ട് ബോർഡുകൾ, ഇലക്ട്രിക് വാഹനങ്ങൾ, സോളാർ പാനലുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയിൽ അനിവാര്യമായ ഘടകമാണ്.

ഇന്നത്തെ വിപണി വില

ഇന്ന് കേരളത്തില്‍ സ്വർണ വിലയിൽ മാറ്റമുണ്ടായില്ലെങ്കിലും വെള്ളി വിലയിൽ വന്‍ കുതിപ്പാണ് കാണാൻ സാധിക്കുന്നത്. ഇന്ന് ഒരു കിലോ​ഗ്രാം വെള്ളിയുടെ വില 5,000 രൂപ ഉയർന്ന് 2,14,000 രൂപയിലെത്തി. 100 ​ഗ്രാം വെള്ളി വില 500 രൂപ ഉയർന്ന് 21,400 രൂപയായി. 10 ​ഗ്രാം വെള്ളി വില 2140 രൂപയായും 8 ​ഗ്രാം വെള്ളി വില 1712 രൂപയായും ഉയർന്നു. അതേസമയം, ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 98,400 രൂപയും ഗ്രാമിന് 12,300 രൂപയുമാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് 1 പവന് 81,400 രൂപയും ഗ്രാമിന് 10,175 രൂപയുമാണ് നിരക്ക്.

Content Highlihts: Gold lagged behind as silver recorded a 130% surge in price in 2025

dot image
To advertise here,contact us
dot image