

വാഷിങ്ടണ്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്‌റ്റൈനുമായി ബന്ധപ്പെട്ട ഫയലിലെ രേഖകള്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. ഏകദേശം 300,000 പേജുള്ള രേഖകളാണ് പുറത്തുവിട്ടിരിക്കുന്നത്. പുതുതായി പുറത്തിറങ്ങിയ ഫയലുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെക്കുറിച്ച് വളരെക്കുറച്ച് പരാമര്‍ശങ്ങളേ ഉള്ളൂ.
എന്നാല്‍ മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, സംഗീതജ്ഞരായ ഡയാന റോസ്, മിക്ക് ജാഗര്‍, മൈക്കല്‍ ജാക്സണ്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എപ്സ്‌റ്റൈന്റെ സ്വകാര്യദ്വീപിലെ വസതിയില്‍നിന്നുള്ള ബില്‍ ക്ലിന്റണിന്റെ വിവിധ ചിത്രങ്ങളാണ് വെള്ളിയാഴ്ച പുറത്തുവിട്ട രേഖകളില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
യുവതികള്‍ക്കൊപ്പം നീന്തല്‍ക്കുളത്തില്‍ നീന്തിത്തുടിക്കുന്നതും ഹോട്ട് ടബ്ബില്‍ ചാരിക്കിടക്കുന്നതുമായ ക്ലിന്റണിന്റെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഹോട്ട് ടബ്ബില്‍ മറ്റൊരു സ്ത്രീയുണ്ടെങ്കിലും ഇവരുടെ മുഖം മറച്ചിരിക്കുകയാണ്. ക്ലിന്റണിനൊപ്പമുള്ള രണ്ടാമത്തെ യുവതി എപ്‌സ്റ്റൈന്റെ കാമുകിയും കൂട്ടുപ്രതിയുമായ മാക്സ്വെല്ലാണെന്നാണ് കരുതുന്നത്. പോപ് ഗായകന്‍ മൈക്കല്‍ ജാക്സണും ഗായിക ഡയാന റോസിനും ഒപ്പം ബില്‍ ക്ലിന്റണ്‍നില്‍ക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

എപ്സ്റ്റൈന്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടുന്നതില്‍ ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള യുഎസ് നീതിന്യായ വകുപ്പിനാണ് പൂര്‍ണനിയന്ത്രണം. അതിനാല്‍ തന്നെ ഏതൊക്കെ രേഖകള്‍ പുറത്തുവിടുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പുറത്തുവിടേണ്ട രേഖകള്‍ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡങ്ങളും വ്യക്തമല്ല.
എന്നാല്‍ ക്ലിന്റണെ മാത്രം ലക്ഷ്യം വെച്ചാണ് വൈറ്റ് ഹൗസ് രേഖകള്‍ പുറത്തുവിടുന്നതെന്ന് ക്ലിന്റന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ഏഞ്ചല്‍ യുറേന പറഞ്ഞു. പുതിയ ചിത്രങ്ങളില്‍, എപ്‌സ്റ്റൈന്റെ കൂട്ടാളിയായ ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലിനൊപ്പം നീന്തല്‍ക്കുളത്തില്‍ ക്ലിന്റനെയും മുഖം മറച്ച മറ്റൊരാളെയും കാണാം.
നേരത്തെ എപ്‌സ്റ്റൈനുമായി ഇടപഴകിയതില്‍ ക്ലിന്റണ്‍ മുമ്പ് ഖേദം പ്രകടിപ്പിക്കുകയും അയാള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും വ്യക്തമാക്കിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളിയാണ് ജെഫ്രി എപ്‌സ്‌റ്റൈന്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാല്‍ട്ടണ്‍ സ്‌കൂളിലെ ഗണിത അധ്യാപകനായിരുന്ന എപ്‌സ്‌റ്റൈന്‍ 1970കളില്‍ ജോലി ഉപേക്ഷിച്ച് ഇന്‍വെസ്റ്റര്‍ ബാങ്കായ ബെയര്‍ എസ്റ്റേണില്‍ ചേര്‍ന്നു. പിന്നീട് സ്വന്തമായി ജെ എപ്‌സ്‌റ്റൈന്‍ ആന്‍ഡ് കോ എന്ന സ്ഥാപനം ആരംഭിച്ചു. ട്രംപ് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ ഇയാളുടെ നിശാ പാര്‍ട്ടികളില്‍ സഹകരിച്ചിട്ടുണ്ട്. ഇത് ആയുധമാക്കി ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തിയിരുന്നു. വിവാദം കനത്തതോടെയാണ് ട്രംപ് ബില്ലില്‍ ഒപ്പുവച്ചത്.
ജെഫ്രി എപ്സ്റ്റൈൻ കേസുമായി ബന്ധപ്പെട്ട 'എപ്സ്റ്റൈൻ ഫയലുകൾ' പുറത്തുവിടാനായി യുഎസ് കോൺഗ്രസ് നിശ്ചയിച്ച സമയപരിധി ഡിസംബർ 19 ആയിരുന്നു. ഈ സാഹചര്യത്തിലാണ് കേസിലെ രേഖകൾ പുറത്തുവിടുന്നത്.
Content Highlights: Photos of Bill Clinton included in newly released Epstein files