

മലപ്പുറം: സിപിഐഎം സ്ഥാനാര്‍ത്ഥിക്ക് 54 വോട്ട് മാത്രം ലഭിച്ച വാര്‍ഡില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച് ഒരു വിഭാഗം. കാളികാവിലെ ചോക്കാട് ഗ്രാമപഞ്ചായത്തിലെ കല്ലാമൂല വാര്‍ഡിലാണ് 'കല്ലാമൂല സഖാക്കള്‍' എന്ന പേരില്‍ ബോര്‍ഡ് സ്ഥാപിച്ചത്. 'ചെഞ്ചോരക്കൊടിയെ ഒറ്റുകൊടുത്ത വര്‍ഗ്ഗ വഞ്ചകരായ കുലംകുത്തികളെ കടക്ക് പുറത്ത്' എന്നാണ് ബോര്‍ഡിലുള്ളത്.
കല്ലാമൂല വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആലിക്കാണ് 54 വോട്ട് മാത്രം ലഭിച്ചത്. അതേ സമയം ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വാര്‍ഡില്‍ നിന്ന് 321 വോട്ടും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിക്ക് 325 വോട്ടുകളും ലഭിച്ചിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി സമീറാണ് ഇവിടെ വിജയിച്ചത്. യുഡിഎഫ് വിമതനായ സിഎം ഹമീദാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. വിമത സ്ഥാനാര്‍ത്ഥി വന്നതോടെ എല്‍ഡിഎഫിന് അട്ടിമറി വിജയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കവെയാണ് മൂന്നാം സ്ഥാനത്തേക്ക് പോയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടി വോട്ട് മറിച്ചെന്നാണ് സിപിഐഎം പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെടാനിടയാക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ബോര്‍ഡ് ഒരു വിഭഗം സിപിഐഎം പ്രവര്‍ത്തകര്‍ എടുത്തുമാറ്റി.
Content Highlights: a flex board in a ward where the CPM candidate received only 54 votes