

ഒരു കപ്പ് ചായ കുടിച്ച് എല്ലാ ദിവസവും ആരംഭിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗവും. ഈ ചായയെ കുറിച്ചുള്ള ഒരു ചർച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചൂടുള്ള വിഷയമായി മാറിയിരിക്കുന്നത്. ചായ വീണ്ടും ചൂടാക്കി കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ?
എക്‌സിൽ വന്ന ഒരു മുന്നറിയിപ്പ് പോസ്റ്റാണ് ആളുകളുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ചായ ഉണ്ടാക്കി കഴിഞ്ഞാൽ 15- 20 മിനിറ്റിനുള്ളിൽ കുടിച്ചിരിക്കണമെന്നാണ് ഈ പോസ്റ്റിൽ പറയുന്നത്. ഇതിനേക്കാൾ ഏറെ സമയമായതിന് ശേഷം കുടിക്കുന്ന 'പഴയകിയ' ചായ നിങ്ങളുടെ ആരോഗ്യം വഷളാക്കും. പഴകിയ ഈ ചായ ബാക്ടീരിയകളുടെ വിളനിലമായിരിക്കുമെന്നാണ് പറയപ്പെടുന്നത്.
പഴയകിയ ചായ കുടിക്കുമ്പോൾ അത് ആദ്യം തന്നെ പ്രശ്‌നത്തിലാക്കുന്നത് ഗാസ്‌ട്രോഇന്റസ്റ്റീനിയൽ സിസ്റ്റത്തെയാണ്. പ്രത്യേകിച്ച് കരളിനെ. ജപ്പാനിൽ 24 മണിക്കൂർ കഴിഞ്ഞ ചായയെ പാമ്പ് കടിക്കുന്നതിനെക്കാൾ അപകടമായാണ് കണക്കാക്കുന്നത്. അതേസമയം ചൈനക്കാർ ഇതിനെ കണക്കാക്കുന്നത് വിഷമായിട്ടാണ്.
പാൽ ചായയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പാൽ ചായ തയ്യാറാക്കിയെടുക്കുമ്പോൾ അതിലൊരപകടവുമില്ല. എന്നാൽ അത് നാല് മുതൽ അറുപത് ഡിഗ്രി സെൽഷ്യസ് താപനിലയിൽ കുടിക്കാതെ മാറ്റിവച്ചാൽ ബാക്ടീരിയകൾ കുമിഞ്ഞ് കൂടും. പാൽ പെട്ടെന്ന് തന്നെ കേടാവുന്ന വസ്തുവായതിനാൽ, പാൽ ചേർത്തുണ്ടാക്കുന്ന ചായ പതിയെ കുടിക്കുന്ന ശീലമാണ് ഉള്ളതെങ്കിൽ രണ്ടു മുതൽ നാലു മണിക്കൂറിനുള്ളിൽ അത് കളയുകയാണ് ചെയ്യേണ്ടത്. എയർടൈറ്റ് കണ്ടെയ്‌നറിൽ ഫ്രിഡ്ജിനുള്ളിൽ 40ഡിഗ്രി ഫാരൻഹീറ്റിലാണ് ഇവ സൂക്ഷിക്കുന്നതെങ്കിൽ മൂന്നുദിവസം വരെ ഇത് ഉപയോഗിക്കാം.
പാൽ ചായ വീണ്ടും ചൂടാക്കി കുടിക്കുന്നത് ബാക്ടീരിയയെ ഇല്ലാതാക്കുന്നില്ലെന്ന് മനസിലാക്കണം. ഇവ സൂക്ഷിച്ച് വയ്ക്കുന്ന സമയം അതിൽ ബാക്ടീരിയ പെറ്റുപെരുകാം. അമിതമായി ചൂടാക്കുമ്പോൾ AGEs(Advanced Glycation End-Products) പോലുള്ള ഇൻഫ്‌ളമേറ്ററി സംയുക്തങ്ങൾ ഉണ്ടാകും. ഈ ശീലം തുടർന്നാൽ അസിഡിറ്റി, ഡീഹൈഡ്രേഷൻ, ഇരുമ്പ് ആഗീരണം കുറയ്ക്കൽ, വണ്ണം വയ്ക്കുക എന്നീ അവസ്ഥ ഉണ്ടാകും. ഇനി ഇഞ്ചി ചായയാണ് കുടിക്കുന്നതെങ്കിൽ പാലില്ലാത്ത ഇഞ്ചി ചായയാണ് സുരക്ഷിതം. എയർടൈറ്റ് കണ്ടെയ്‌നറുകളിൽ സൂക്ഷിക്കുന്ന പാൽചായ മൂന്നു ദിവസം വരെ ഉപയോഗിക്കാമെങ്കിൽ ഇഞ്ചി ചായ അഞ്ചുദിവസം വരെ ഉപയോഗിക്കാം. ആയുർവേദം പറയുന്നത് പാൽചായ വീണ്ടും ചൂടാക്കി കുടിക്കുന്ന ശീലം ആരോഗ്യത്തിന് അത്രനല്ലതല്ലെന്നാണ്.
(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യ സംബന്ധമായ സംശങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights: You should drink tea within 15-20 minutes