

കൊതുകു കടി കൊള്ളുക എന്നത് അപകടകരമായ കാര്യമാണ്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ പോലുള്ള പല അസുഖങ്ങളും പടരാൻ കാരണം കൊതുകു കടിയാണ്. റെസിഡൻഷ്യൻ ഏരിയകളിലടക്കം കൊതുകുകളെ ഇല്ലാതാക്കാനുള്ള നടപടികൾക്ക് മുൻകൈ എടുക്കേണ്ടതിന്റെ ഉത്തരവാദിത്തം ഓരോ പൗരനും ഉള്ളതുപോലെ ബന്ധപ്പെട്ട അധികൃതർക്കുമുണ്ട്. പലയിടങ്ങളിലും ഇത് കൃത്യമായി പാലിക്കപ്പെടാറില്ലെന്നതാണ് വാസ്തവം.
റായ്പൂരിൽ നടന്ന അസാധാരണമായ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും ഇടംപിടിച്ചിരിക്കുന്നത്. ഛത്തിസ്ഗഡിലെ റായ്പൂരിലുള്ള വാമൻ റാവു ലാഖേ മുൻസിപ്പൽ കോർപ്പറേഷന് എതിരെയാണ് പരാതിയുമായി ഒരാള്‍ രംഗത്തെത്തിയത്. കാരണം കൊതുകു കുത്തുന്നത് സഹിക്കാന്‍ വയ്യ എന്നതാണ്. ദോലാൽ പട്ടേൽ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. തന്നെ കടിച്ച കൊതുകുകളെ കൊന്ന് കവറിലാക്കി മുൻസിപ്പൽ ഓഫീസിലെത്തിച്ച ഇദ്ദേഹം പറയുന്നത് ഇവ ഡെങ്കി വഹിക്കുന്ന കൊതുകുകളാണെന്നാണ്. ഇതിന്റെ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നുണ്ട്.
താൻ ആദ്യം ഒരു ഡോക്ടറെ കണ്ടിരുന്നെന്നും അദ്ദേഹം കൊതുകുകളെ പരിശോധിക്കണമെന്ന് പറഞ്ഞുവെന്നുമാണ് എക്‌സിൽ പ്രചരിക്കുന്ന വീഡിയോയിൽ പട്ടേൽ ഹെൽത്ത് ഓഫീസറിനോട് പറയുന്നത്. ഈ ഉപദേശം ഗൗരവമായി എടുത്ത പട്ടേൽ കൊതുകുകളെ കൊന്ന് പ്ലാസ്റ്റിക്ക് കൂടിലാക്കി മുൻസിപ്പൽ ഓഫീസിലെത്തുകയാണ് ഉണ്ടായത്. സാമൂഹിക പ്രവർത്തകനായ വിജയ് സോനയ്‌ക്കൊപ്പമാണ് ഇദ്ദേഹം ഹെൽത്ത് ഓഫീസറുടെ മുന്നിലെത്തിയത്. പിന്നാലെ അധികൃതർ ഡോക്ടർമാരെ വിളിപ്പിച്ച് കൊതുകുകളുടെ പരിശോധന നടത്തി. ഇവ ഡെങ്കി വഹിക്കുന്നവയല്ലെന്ന് കണ്ടെത്തി.
അതേസമയം സംഭവത്തിൽ മുൻസിപ്പൽ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആകാശ് തിവാരി വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അധികൃതരുടെ അശ്രദ്ധ മൂലം ജനങ്ങളാണ് ബുദ്ധിമുട്ടുന്നതെന്നും ആളുകൾക്ക് കൊതുകിനെ പിടിച്ചുകൊണ്ട് ഓഫീസുകളിൽ വരേണ്ട അവസ്ഥ വരെ കാര്യങ്ങളെത്തിയെന്നും അദ്ദേഹം പറയുന്നു. മുൻസിപ്പാലിറ്റിയിലെ സ്ഥിതി ഇതാണെങ്കിൽ നഗരത്തിലെയും ഈ സംസ്ഥാനത്തെയും സ്ഥിതി എന്താണെന്ന് ഓർക്കണമെന്നും അദ്ദേഹം പറയുന്നു. പട്ടേലിന്റെ പരാതിക്ക് പിന്നാലെ പ്രദേശത്ത് ഫോഗിങും ആന്റി ലാർവൽ സ്‌പ്രേയിങും കർശനമായി നടത്താൻ അധികൃതർ ഉത്തരവിട്ടു.
Content Highlights: Raipur Man bought dead mosquitoes to Municipal office's health officer