

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും ശുഭ്മാൻ ഗില്ലിനെ മാറ്റിനിർത്തിയതിന് പിന്നാലെ പ്രതികരണവുമായി ചീഫ് സെലക്ടർ അജിത് അഗാർക്കർ. ഫോം ഔട്ടായതുകൊണ്ട് മാത്രമല്ല വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാന്‍ ഗില്ലിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതെന്ന് അഗാര്‍ക്കര്‍ പറഞ്ഞു.
ഗില്‍ മികവുറ്റ കളിക്കാരനാണ് നമുക്കെല്ലാവര്‍ക്കും അറിയാം. പക്ഷെ ഇപ്പോള്‍ റണ്‍സടിക്കുന്നതില്‍ അല്‍പം പുറകിലാണ്. കഴിഞ്ഞ ലോകകപ്പിലും ഗില്ലിന് കളിക്കാനാവാതിരുന്നത് നിര്‍ഭാഗ്യകരമായിരുന്നു. പക്ഷെ ലോകകപ്പിന് മുമ്പ് വ്യത്യസ്ത കോംബിനേഷന്‍ പരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഗില്ലിന് ടോപ് ഓര്‍ഡറില്‍ വീണ്ടും അവസരം നല്‍കിയത്. ശരിയായ ടീം കോംബിനേഷന്‍ തെരഞ്ഞെടുക്കേണ്ടിവന്നപ്പോള്‍ ഗില്ലിന് ടീമിൽ സ്ഥാനം നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോം ഔട്ടായതുകൊണ്ടല്ല ഗില്ലിനെ ഒഴിവാക്കിയതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ആവര്‍ത്തിച്ചു. ടീം കോംബിനേഷനാണ് ഗില്ലിന്‍റെ പുറത്താകലിന് പ്രധാന കാരണമായത്. ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാന് കഴിയുന്ന ഒരു കീപ്പറെയായിരുന്നു ടീമിന് ആവശ്യം. അതാണ് സഞ്ജുവിന് മുൻഗണന ലഭിച്ചതെന്നും സൂര്യ പറഞ്ഞു.
സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാവുന്ന ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാന്‍ ഗില്ലിനെ ടി20 ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കി. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും ടീമില്‍ ഇടം നേടാനായില്ല. മലയാളി താരം സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലെടുത്തപ്പോള്‍ മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി. റിങ്കു സിംഗിനെയും വാഷിംഗ്ടൺ സുന്ദറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ഹർഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷൻ.
Content Highlights: ajit agarkar on shubhman gill exclusion in t20 cricket world cup