ഇന്ത്യ വിരുദ്ധനോ സമരനായകനോ ? ആരാണ് കൊല്ലപ്പെട്ട ഷെരീഫ് ഒസ്മാന്‍ ഹാദി?

ഷെയ്ഖ് ഹസീനയെയും ഇന്ത്യയെയും ഏറ്റവും രൂക്ഷമായി വിമര്‍ശിച്ച ബംഗ്ലാദേശിലെ യുവനേതാവ്. തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ അജ്ഞാതരുടെ വേടിയുണ്ടകളേറ്റ് ജീവന്‍ പൊലിഞ്ഞു. ആരായിരുന്നു ബംഗ്ലാദേശിന് ഷെരീഫ് ഒസ്മാന്‍ ഹാദി ?

ഇന്ത്യ വിരുദ്ധനോ സമരനായകനോ ? ആരാണ് കൊല്ലപ്പെട്ട ഷെരീഫ് ഒസ്മാന്‍ ഹാദി?
dot image

ബംഗ്ലാദേശിന്റെ ഭരണസിരാകേന്ദ്രങ്ങളില്‍ കത്തിപ്പടര്‍ന്ന പ്രതിഷേധത്തിന്റെ നായകരില്‍ ഒരാള്‍ കൊല്ലപ്പെട്ടിരിക്കുന്നു. മുഖം മറച്ചെത്തിയ കൊലയാളികള്‍ ആ ചെറുപ്പക്കാരനെ വെടിവെച്ചു കൊല്ലുകയായിരുന്നു. ആരാണ് കൊല്ലപ്പെട്ട ഷെരീഫ് ഒസ്മാന്‍ ഹാദി? പ്രശംസയും വിമര്‍ശനവും ഒരുപോലെ ഏറ്റുവാങ്ങിയ, ജെന്‍ സി പ്രതിഷേധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഷെരീഫ് ഒസ്മാന്‍ ഹാദി ബംഗ്ലാദേശിന് ആരായിരുന്നു?

ബംഗ്ലാദേശിലെ ജലാകത്ത് പ്രവിശ്യയിലെ നാല്‍ചിത്തിയില്‍ ഒരു മദ്രസാ അധ്യാപകന്റെ മകനായാണ് ഷെരീഫ് ഒസ്മാന്‍ ഹാദി ജനിക്കുന്നത്. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ധാക്ക യൂണിവേഴ്സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ തുടര്‍പഠനം നടത്തി. പിന്നീട് അധ്യാപനത്തിലേക്കും ഷെരീഫ് കടന്നു. ഇക്വിലാബ് മഞ്ചാ എന്ന സംഘടന സ്ഥാപിച്ചുകൊണ്ടാണ് ഷെരീഫ് രാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവമാകുന്നത്. സാമൂഹ്യ സാംസ്‌കാരിക സംഘടന എന്ന രീതിയിലായിരുന്നു ഇക്വിലാബ് മഞ്ചായുടെ തുടക്കമെങ്കിലും പിന്നീട് തീവ്രനിലപാടുകളുള്ള സംഘടനയായാണ് ഇക്വിലാബ് മഞ്ച കണക്കാക്കപ്പെട്ടത്.

2024 ജൂലൈയില്‍ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ സര്‍ക്കാരിനെതിരെ ഉയര്‍ന്ന വമ്പന്‍ പ്രതിഷേധത്തിന്റെ മുന്‍പന്തിയില്‍ ഇക്വിലാബ് മഞ്ചായും ഹാദിയും ഉണ്ടായിരുന്നു. ഷെയ്ഖ് ഹസീനയുടെ സര്‍ക്കാരിനെയും അവാമി പാര്‍ട്ടിയെയും പിരിച്ചുവിടണമെന്ന ആവശ്യം ആദ്യം മുതല്‍ തന്നെ ഹാദി ഉയര്‍ത്തിയിരുന്നു. അവാമി ലീഗിലെ എല്ലാ നേതാക്കളും തീവ്രവാദികളാണെന്നായിരുന്നു ഹാദിയും അനുയായികളും വിശേഷിപ്പിച്ചത്.

ഹസീന സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ പ്രധാനികള്‍ ആയിരുന്നെങ്കിലും പിന്നീട് വന്ന മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇക്വിലാബ് മഞ്ചായെ പിരിച്ചു വിടാനാണ് തീരുമാനിച്ചത്. യൂനസ് സര്‍ക്കാര്‍ രാജ്യത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനവും ഹാദി ഇക്കഴിഞ്ഞ കാലയളവില്‍ ഉയര്‍ത്തിയിരുന്നു.

സംഘടന ഇല്ലാതായെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു ഹാദിയുടെ തീരുമാനം. ധാക്ക 8 നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഹാദി എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്കിടയില്‍ വെച്ചാണ് ഹാദിയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നതും അത് ഒടുവില്‍ മരണത്തില്‍ കലാശിക്കുന്നതും.

Also Read:

ധാക്കയിലെ ബിജോയ്‌നഗര്‍ പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെ അജ്ഞാതര്‍ ഹാദിയെ വെടിവെക്കുകയായിരുന്നു. മുഖംമൂടി ധരിച്ചവര്‍ വെച്ച വെടി ഹാദിയുടെ തലയിലാണ് ഏറ്റത്. ആരോഗ്യാവസ്ഥ അതീവ ഗുരുതരമായതോടെ കൂടുതല്‍ ചികിത്സയ്ക്കായി ഹാദിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല, അവിടെ വെച്ച് അദ്ദേഹം എന്നന്നേക്കുമായി വിട പറഞ്ഞു.

Gen Z Protest in Bangladesh

ഷെയ്ഖ് ഹസീന സര്‍ക്കാരിനെ മാത്രമല്ല, ഇന്ത്യയെയും രൂക്ഷമായി തന്നെ വിമര്‍ശിക്കുന്ന ബംഗ്ലാദേശിലെ യുവനേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു ഹാദി. പലപ്പോഴും അദ്ദേഹത്തിന്റെ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങള്‍ സകല അതിര്‍വരമ്പുകളും കടന്നു. യഥാര്‍ത്ഥ ബംഗ്ലാദേശിന്റെ ഭൂപടം എന്ന രീതിയില്‍ ഇന്ത്യയിലെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെട്ട ഭൂപടമാണ് ഹാദി പ്രദര്‍ശിപ്പിച്ചിരുന്നതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്.

അതിര്‍ത്തി തര്‍ക്കം, ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ വര്‍ഷങ്ങളായി നല്‍കി വരുന്ന പിന്തുണയും ഇപ്പോള്‍ നല്‍കിയിരിക്കുന്ന രാഷ്ട്രീയ അഭയവും, ഇന്ത്യന്‍ സര്‍ക്കാരും ഭരണകക്ഷിയും മുസ്ലിങ്ങളോട് സ്വീകരിക്കുന്ന സമീപനം, ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കെതിരെ ചില ഇന്ത്യന്‍ നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ എന്ന് തുടങ്ങി വിവിധ വിഷയങ്ങള്‍ ഹാദിയുടെ പ്രസംഗങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയ്ക്കെതിരെയുള്ള വിമര്‍ശനങ്ങളുടെ പേരില്‍ ഇന്ത്യ വിരുദ്ധന്‍ എന്ന് വരെ ഹാദിയെ ചിലര്‍ വിശേഷിപ്പിച്ചിരുന്നു. ഇപ്പോള്‍ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലേക്ക് കടന്നു കളഞ്ഞു എന്നാണ് അനുയായികള്‍ നടത്തുന്ന ആരോപണം.

Sheikh Hazina

ഷെരീഫ് ഒസ്മാന്‍ ഹാദി എന്ന ഈ രാഷ്ട്രീയ നേതാവിന്റെ കൊലപാതകം ബംഗ്ലാദേശില്‍ വീണ്ടും അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. അതിനെ നേരിടാന്‍ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാരിന് ആകുമോ എന്നാണ് ചോദ്യം. നേരത്തെ തന്നെ ഇന്ത്യാ വിരുദ്ധ വികാരങ്ങള്‍ പ്രബലമായ ബംഗ്ലാദേശിലെ പുതുതലമുറയ്ക്കിടയില്‍ ആ വിരോധം കൂടുതല്‍ ശക്തമാകുമോ എന്നും ആശങ്കകള്‍ ഉയരുന്നുണ്ട്. ഹാദിയുടെ കൊലപാതകികള്‍ ആരെന്ന് എത്രയും വേഗം കണ്ടെത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമായേക്കാം.

Content Highlights: Life story of assassinated Banladesh leader Sharif Osman Hadi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us