

അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരം സഞ്ജു സാംസൺ സ്ഥാനം പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ ലോകകപ്പ് ടീമിലിണ്ടായിട്ടും ഒറ്റ മത്സരത്തിലും അവസരം ലഭിക്കാതിരുന്ന സഞ്ജു ഇത്തവണ ഒന്നാം വിക്കറ്റ് കീപ്പറായാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുന്ന ടീമിൽ അഭിഷേക് ശർമയ്ക്കൊപ്പം സഞ്ജു ഓപ്പണറുമാകും.
ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജു സാംസൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 'നിറങ്ങൾ മങ്ങുകില്ല കട്ടായം!!' എന്ന ക്യാപ്ഷനോടെയാണ് സഞ്ജു തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2024ൽ പുറത്തിറങ്ങിയ പ്രശസ്ത മലയാള ചിത്രം 'മഞ്ഞുമ്മൽ ബോയ്സി'ലെ കുതന്ത്രം എന്ന ഗാനത്തിലെ വരികളാണിത്. കഴിഞ്ഞ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചപ്പോഴും ഇതേ ഗാനത്തിലെ 'വിയർപ്പുതുന്നിയിട്ട കുപ്പായം' എന്ന വരികള്‍ സഞ്ജു ഇൻസ്റ്റഗ്രാം ക്യാപ്ഷനായി കുറിച്ചിട്ടത്.
അതേസമയം സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനാവുന്ന ലോകകപ്പ് ടീമില്‍ അക്സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മാന്‍ ഗില്ലിനെ ടി20 ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കി. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും ടീമില്‍ ഇടം നേടാനായില്ല. മലയാളി താരം സഞ്ജു സാംസണെ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലെടുത്തപ്പോള്‍ മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ ഇഷാന്‍ കിഷന്‍ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി. റിങ്കു സിംഗിനെയും വാഷിംഗ്ടൺ സുന്ദറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, ഹർഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷൻ.
Content Highlights: Sanju Samson's Social Media Post after announcing Indian Team for T20 World Cup goes Viral