

ഹോട്ടല്‍ മുറിയിലെത്തിയാല്‍ ബാഗ് തുറക്കുന്നതിന് മുമ്പ് തന്നെ പലരും ബാത്ത്‌റൂമിലേക്ക് ഒന്ന് നോക്കും. വൃത്തിയായി മടക്കിവെച്ചിരിക്കുന്ന ടവലുകളുടെ ഒരു കൂട്ടം അവിടെ കാണാം. വലുത്, ചെറുത്, ഇടത്തരം, ചിലപ്പോള്‍ ചതുരത്തിലുള്ളത്… ഇതില്‍ ഏതാണ് കുളിക്കാന്‍? ഏതാണ് മുഖം തുടയ്ക്കാന്‍? കൈ തുടയ്ക്കാനുള്ളത് ഏതാണ്?.
വീട്ടില്‍ ഒരു വലിയ ടവല്‍ കൊണ്ട് കാര്യങ്ങള്‍ ഒതുക്കുന്ന നമ്മളെ സംബന്ധിച്ച് ഹോട്ടല്‍ ബാത്ത്‌റൂമിലെ ഈ ടവല്‍ നിര പലപ്പോഴും ഒരു ചെറിയ പസില്‍ തന്നെയാണ്. എന്നാല്‍ ഓരോന്നിനും ഓരോ ഉപയോഗമുണ്ട്. ഇനി ഹോട്ടല്‍ മുറിയിലെത്തുമ്പോള്‍ ടവലുകളെ കണ്ട് ആശയക്കുഴപ്പപ്പെടേണ്ട. എന്തൊക്കെയാണ് ഓരോന്നിന്റെയും ഉപയോഗമെന്നറിയാം.

കൂട്ടത്തില്‍ ഏറ്റവും വലിയ ടവല്‍ ബാത്ത് ടവല്‍ ആണ്. കുളിച്ചതിന് ശേഷം ശരീരം മുഴുവന്‍ തുടയ്ക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഷവറിന് സമീപമോ ടവല്‍ റാക്കിലോ ആയിരിക്കും സാധാരണയായി ഇത് വച്ചിരിക്കുന്നത്. ശരീരത്തിന് ചുറ്റും സുഖമായി ചുറ്റാന്‍ കഴിയുന്നത്ര വലുതാണെങ്കില്‍ അത് ബാത്ത് ടവല്‍ ആണെന്ന് കരുതാം.
ചില ഹോട്ടലുകളില്‍ സാധാരണ ബാത്ത് ടവലിനേക്കാള്‍ വലിപ്പമുള്ള മറ്റൊരു ടവല്‍ കാണാം. കണ്ടാല്‍ ബെഡ്ഷീറ്റിനെ സ്ഥാനം മാറി ബാത്ത്‌റൂമില്‍ വച്ചതാണോ എന്ന് തോന്നേണ്ട. അത് ബാത്ത് ഷീറ്റ് ആയിരിക്കാം. സാധാരണ ബാത്ത് ടവലിന്റെ തന്നെ വലുപ്പം കൂട്ടിയ രൂപമാണിത്. ശരീരം കൂടുതല്‍ ഭാഗം മൂടാനും ഉണക്കാനും ഇത് സൗകര്യപ്രദമാണ്.
സിങ്കിന് സമീപം കാണുന്ന ഇടത്തരം വലിപ്പമുള്ള ടവല്‍ സാധാരണയായി ഹാന്‍ഡ് ടവല്‍ ആണ്. കൈ കഴുകിയ ശേഷം കൈകള്‍ തുടയ്ക്കാനാണ് ഇത് ഉപയോഗിക്കുന്നത്. പക്ഷേ വലുപ്പം കണ്ടാല്‍ ചിലപ്പോള്‍ ഇതാണോ മുഖം തുടയ്ക്കാനുള്ള ടവല്‍ എന്ന് സംശയം തോന്നാം. സാധാരണയായി സിങ്കിന് സമീപം വച്ചിരിക്കുന്നതും കൈകള്‍ക്കായി പ്രത്യേകം നല്‍കിയിരിക്കുന്നതുമാണ് ഹാന്‍ഡ് ടവല്‍.

ഇനി സിങ്കിന് സമീപം കാണുന്ന കുറച്ചുകൂടി ചെറുതും മൃദുവുമായ ടവല്‍ ഫേസ് ടവല്‍ ആയിരിക്കാം. മുഖം തുടയ്ക്കാനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. എല്ലാ ഹോട്ടലുകളിലും പ്രത്യേക ഫേസ് ടവല്‍ ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ ചെറിയ ടവലിന്റെ ഉപയോഗം പലര്‍ക്കും സംശയമുണ്ടാക്കാറുണ്ട്.
വിദേശ ഹോട്ടലുകളില്‍ പ്രത്യേകിച്ച് ചില നോര്‍ത്ത് അമേരിക്കന്‍ ഹോട്ടലുകളില്‍ ചെറിയ ചതുരത്തിലുള്ള ടവല്‍ കാണാറുണ്ട്. ഇത് സാധാരണയായി വാഷ്‌ക്ലോത്ത് ആയിരിക്കും. ഫേസ് ടവല്‍ മുഖം തുടയ്ക്കാനാണെങ്കില്‍, വാഷ്‌ക്ലോത്ത് വെള്ളവും സോപ്പും ഉപയോഗിച്ച് മുഖമോ ശരീരമോ കഴുകാന്‍ സഹായിക്കുന്ന ചെറിയ തുണിയാണ്.

ഹോട്ടല്‍ ബാത്ത്‌റൂമിലെ ഏറ്റവും എളുപ്പം തിരിച്ചറിയാവുന്ന ഒന്നാണ് തറയില്‍ വിരിച്ചിരിക്കുന്ന കട്ടിയുള്ള ചെറിയ തുണി. പക്ഷേ അത് ടവല്‍ ആണെന്ന് കരുതി ശരീരം തുടയ്ക്കാന്‍ എടുത്താല്‍ പണി പാളും. അത് ബാത്ത്‌റൂം മാറ്റ് ആണ്. കുളിച്ചിറങ്ങുമ്പോള്‍ കാലില്‍ നിന്നുള്ള വെള്ളം തുടയ്ക്കാനും ബാത്ത്‌റൂം തറയില്‍ വഴുതി വീഴാനുള്ള സാധ്യത കുറയ്ക്കാനുമാണ് ഇത് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇത് തറയില്‍ തന്നെ വച്ചിരിക്കുന്നതും.

ഹോട്ടലില്‍ സ്വിമ്മിങ് പൂള്‍ ഉണ്ടെങ്കില്‍ അവിടെ വ്യത്യസ്ത നിറത്തിലോ വലുപ്പത്തിലോ ഉള്ള ടവലുകള്‍ കാണാം. ഇത് സാധാരണയായി പൂള്‍ ടവല്‍ ആയിരിക്കും.
റൂമിലെ വെള്ള ബാത്ത് ടവലില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ വേണ്ടിയാണ് പല ഹോട്ടലുകളും പൂള്‍ ടവലുകള്‍ക്ക് വ്യത്യസ്ത നിറമോ രൂപമോ നല്‍കുന്നത്. അതിനാല്‍ റൂമിലെ ടവല്‍ എടുത്ത് പൂളിലേക്ക് പോകേണ്ട ആവശ്യമില്ല. അതുകൊണ്ട് അടുത്ത തവണ ഹോട്ടല്‍ മുറിയിലെത്തുമ്പോള്‍ ടവലുകളുടെ കൂട്ടം കണ്ട് 'ഇതെല്ലാം എന്തിനാണാവോ?' എന്ന് ചിന്തിക്കേണ്ട. ഓരോന്നിന്റെയും ഉപയോഗം മനസിലായില്ലേ.
Content Highlights :You no longer need to be confused by the towels when you arrive at your hotel room; here is what each one is used for.