പ്രതിപക്ഷ ഉപനേതാവ് പദവി തൽക്കാലം ഒഴിവാക്കാൻ ആലോചന; സിപിഐയെ അനുനയിപ്പിക്കാൻ പ്ലാൻ ബിയുമായി സിപിഐഎം

ഉപനേതൃപദവി കിട്ടിയേ തീരു എന്ന നിലപാടിലാണ് സിപിഐ

പ്രതിപക്ഷ ഉപനേതാവ് പദവി തൽക്കാലം ഒഴിവാക്കാൻ ആലോചന; സിപിഐയെ അനുനയിപ്പിക്കാൻ പ്ലാൻ ബിയുമായി സിപിഐഎം
dot image

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയിൽ സിപിഐയെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി സിപിഐഎം. പ്രതിപക്ഷ ഉപനേതാവ് പദവി തൽക്കാലം ഒഴിവാക്കാനുള്ള ആലോചനയിലാണ് സിപിഐഎം. തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സിപിഐഎം പദവി ഏറ്റെടെത്തേക്കില്ല. ഈ സാഹചര്യത്തിലാണ് ഉപനേതാവ് പദവി തന്നെ തൽക്കാലം വേണ്ടെന്ന് വെയ്ക്കാൻ സിപിഐഎം ആലോചിക്കുന്നത്. സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയം ചർച്ച ചെയ്യും. വിഷയത്തിൽ പുതിയ ഫോർമുല സിപിഐക്ക് മുന്നിൽ വെയ്ക്കാനാണ് സിപിഐഎം നീക്കം. പുതിയ നിർദ്ദേശം സിപിഐ അം​ഗീകരിച്ചാൽ തർക്കം ഒഴിവാക്കാൻ സാധിക്കുമെന്നാണ് സിപിഐഎം നേതൃത്വം പ്രതീക്ഷിക്കുന്നത്.

എന്നാൽ ഉപനേതൃപദവി കിട്ടിയേ തീരു എന്ന നിലപാടിലാണ് സിപിഐ. ഏറ്റവും ഒടുവിൽ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴും ബിനോയ് വിശ്വം ഈ നിലപാട് തന്നെയാണ് ആവർത്തിച്ച് വ്യക്തമാക്കിയത്. പ്രതിപക്ഷ നേതൃപദവി സംബന്ധിച്ച് വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് റിപ്പോ‍ർട്ടറിനോട് പ്രതികരിക്കവെ പ്രധാനപ്പെട്ട സിപിഐ നേതാക്കളെല്ലാം പ്രതികരിച്ചത്. പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച സിപിഐ ആവശ്യം ന്യായമാണെന്നും സിപിഐഎം അംഗീകരിക്കണമെന്നും സിപിഐ നേതാവും മുൻ മന്ത്രിയുമായ ചിഞ്ചുറാണി പ്രതികരിച്ചിരുന്നു. മുന്നണിയെ ഒന്നിച്ചു കൊണ്ടുപോകാൻ സിപിഐ അത്യാവശ്യ ഘടകമാണെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കെട്ടുറപ്പോടെ മുന്നോട്ട് കൊണ്ട് പോകാൻ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം അനിവാര്യമാണെന്നും കെ പി രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. ഒരു പാർട്ടി മാത്രമല്ലല്ലോ മുന്നണി സിപിഐ ആവശ്യം അംഗീകരിച്ചേ കഴിയൂ. മുന്നണിയുടെ നടത്തിപ്പിന് അത് പ്രധാനമാണെന്നായിരുന്നു പി വസന്തത്തിൻ്റെ പ്രതികരണം.

സിപിഐക്ക് പിടിവാശിയില്ലെന്നും എൽഡിഎഫിനെ ശക്തിപ്പെടുത്തണമെന്നും സത്യൻ മൊകേരിയും പ്രതികരിച്ചിരുന്നു. രാഷ്ട്രീയമാണ് സിപിഐക്ക് പ്രധാനമെന്നും രാഷ്ട്രീയമായി ഫൈറ്റ് ചെയ്യുന്ന പാർട്ടിയാണ് സിപിഐ എന്നും സത്യൻ മൊകേരി പറഞ്ഞിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനം എന്ന സിപിഐയുടെ ആവശ്യം സിപിഐഎം പരിഗണിച്ചേ പറ്റൂ എന്നായിരുന്നു മുൻ എംഎൽഎ ഇ ടി ടൈസൺ മാസ്റ്ററുടെ പ്രതികരണം. പ്രതിപക്ഷ ഉപനേതാവ് പദവിയോടുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതികരണം ‌അപക്വമാണെന്നായിരുന്നു കെ കെ വത്സരാജ് എംഎൽഎയുടെ പ്രതികരണം.

പ്രതിപക്ഷ ഉപനേതൃപദവിയിൽ സിപിഐയും സിപിഐഎമ്മുമായി ചർച്ച നടത്തി പ്രശ്നപരിഹാരത്തിനാണ് ഇടതുപക്ഷ മുന്നണി ശ്രമിക്കുന്നതെന്നാണ് എൽഡിഎഫ് കൺവീന‍‍ർ ടി പി രാമകൃഷ്ണൻ പ്രതികരിച്ചത്. ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് ചർച്ച ഇല്ലെന്ന് പിണറായി പറഞ്ഞത് കേരളത്തിൻ്റെ കീഴ്വഴക്കത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും ടി പി രാമകൃഷ്ണൻ ചൂണ്ടിക്കാണിച്ചിരുന്നു. രണ്ടു പാർട്ടികൾക്കിടയിൽ തർക്കങ്ങൾ ഇല്ലെന്നും രണ്ട് അഭിപ്രായങ്ങളുണ്ടെന്നും എൽഡിഎഫ് കൺവീന‍ർ വ്യക്തമാക്കി. അത് പരിഹരിക്കാനാണ് ശ്രമം നടക്കുന്നതെന്നും ടി പി രാമകൃഷ്ണൻ ചൂണ്ടിക്കാണിച്ചു.

Content Highlights: CPI(M) is reportedly considering temporarily keeping the Deputy Opposition Leader post vacant as part of a Plan B to resolve differences with the CPI and maintain unity within the opposition alliance.

dot image
To advertise here,contact us
dot image