

സ്വന്തമായി ട്രെയിന്‍ വാങ്ങിയതല്ല. കോടികള്‍ മുടക്കി ട്രെയിന്‍ നിര്‍മിച്ചതുമല്ല. എന്നിട്ടും നിയമപരമായി ഒരു എക്സ്പ്രസ് ട്രെയിന്‍ കോടതി ഉത്തരവിലൂടെ ഒരു കര്‍ഷകന്റെ പേരില്‍ അറ്റാച്ച് ചെയ്യപ്പെട്ടു.കേള്‍ക്കുമ്പോള്‍ സിനിമാക്കഥ പോലെ തോന്നാം. പക്ഷേ പഞ്ചാബിലെ ലുധിയാനയില്‍ സമ്പൂരണ്‍ സിങ് എന്ന കര്‍ഷകന്റെ ജീവിതത്തില്‍ ശരിക്കും സംഭവിച്ച കാര്യമാണ് ഇത്. എന്നാല്‍ എങ്ങനെയാണ് ഒരു കര്‍ഷകന് റെയില്‍വേയുടെ ട്രെയിന്‍ കിട്ടിയത്?.
2007-ലാണ് സംഭവത്തിന്റെ തുടക്കം. ലുധിയാനയില്‍ നിന്ന് ചണ്ഡീഗഢിലേക്കുള്ള പുതിയ റെയില്‍വേ പാതയുടെ നിര്‍മാണത്തിനായി റെയില്‍വേയ്ക്ക് നിരവധി കര്‍ഷകരുടെ ഭൂമി ആവശ്യമായി വന്നു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ കട്ടാന ഗ്രാമത്തില്‍ താമസിച്ചിരുന്ന സമ്പൂരണ്‍ സിങിന്റെ ഭൂമിയും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. റെയില്‍വേ സമ്പൂരണ്‍ സിങിന്റെ ഭൂമിയും ഏറ്റെടുത്തു. ഭൂമി ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം ഇയാള്‍ക്ക് ലഭിക്കേണ്ടിയിരുന്നു. അന്ന് റെയില്‍വേ നിശ്ചയിച്ച നഷ്ടപരിഹാര തുക ഏക്കറിന് 25 ലക്ഷം രൂപ ആയിരുന്നു.
എന്നാല്‍ അടുത്തുള്ള പ്രദേശത്ത് സമാനമായ ഭൂമി ഏറ്റെടുത്തപ്പോള്‍ മറ്റ് കര്‍ഷകര്‍ക്ക് ഏക്കറിന് 71 ലക്ഷം രൂപ വരെ നഷ്ടപരിഹാരം ലഭിച്ചിരുന്നതായി സമ്പൂരണ്‍ സിങ് അറിയാനിടയായി. ഒരേ പ്രദേശത്തെ ഭൂമിക്ക് നഷ്ടപരിഹാരത്തില്‍ ഇത്ര വലിയ വ്യത്യാസം എന്തുകൊണ്ടാണെന്ന് ചൂണ്ടികാണിച്ച് കര്‍ഷകന്‍ റെയില്‍വേയ്‌ക്കെതിരെ നിയമപോരാട്ടം ആരംഭിച്ചു.

2012-ല്‍ സമ്പൂരണ്‍ സിങ് കോടതിയെ സമീപിച്ചു. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 2015 ജനുവരിയില്‍ കര്‍ഷകന് അനുകൂലമായി വിധി വന്നു. നേരത്തെ നിശ്ചയിച്ചിരുന്ന ഏക്കറിന് 25 ലക്ഷം രൂപ എന്ന നിരക്ക് 50 ലക്ഷം രൂപയായി ഉയര്‍ത്തി. ഇതോടെ സമ്പൂരണ്‍ സിങിന് ലഭിക്കേണ്ട ആകെ നഷ്ടപരിഹാരം ഏകദേശം 1.47 കോടി രൂപയായി. എന്നാല്‍ വിധി വന്നിട്ടും പണം ലഭിക്കാന്‍ അയാള്‍ക്ക് വീണ്ടും കാത്തിരിക്കേണ്ടി വന്നു.
കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടെങ്കിലും റെയില്‍വേ മുഴുവന്‍ തുകയും നല്‍കിയില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 42 ലക്ഷം രൂപ മാത്രമാണ് അന്ന് ലഭിച്ചത്. ബാക്കി ഒരു കോടിയിലധികം രൂപ നല്‍കാനുണ്ടായിരുന്നു.കോടതി ഉത്തരവുണ്ടായിട്ടും പണം ലഭിക്കാതെ വന്നതോടെ സമ്പൂരണ്‍ സിങ് വീണ്ടും കോടതിയെ സമീപിച്ചു. ഇത്തവണ കോടതി സ്വീകരിച്ച നടപടി റെയില്‍വേയെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു.
പണം കൊടുത്തില്ലെങ്കില്‍ ട്രെയിന്‍ അറ്റാച്ച് ചെയ്യണം എന്നായിരുന്നു കോടതി പറഞ്ഞത്. 2017 മാര്‍ച്ചില്‍ ലുധിയാനയിലെ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി റെയില്‍വേയുടെ സ്വത്ത് അറ്റാച്ച് ചെയ്യാന്‍ ഉത്തരവിട്ടു. അങ്ങനെ കോടതി നടപടിയുടെ ഭാഗമായി ലുധിയാന റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന സ്വര്‍ണ ശതാബ്ദി എക്സ്പ്രസ് അറ്റാച്ച് ചെയ്യാന്‍ തീരുമാനമായി.

സമ്പൂരണ്‍ സിങ് കോടതിയുടെ ഉത്തരവുമായി റെയില്‍വേ സ്റ്റേഷനിലെത്തി. സ്റ്റേഷനില്‍ അപ്പോള്‍ സ്വര്‍ണ ശതാബ്ദി എക്സ്പ്രസ് ഉണ്ടായിരുന്നു. കോടതി ഉത്തരവ് പ്രകാരം ട്രെയിന്‍ അറ്റാച്ച് ചെയ്തു. അങ്ങനെ ഒരു സാധാരണ കര്‍ഷകന്റെ ഭൂമിക്ക് നല്‍കാനുള്ള നഷ്ടപരിഹാരത്തിന്റെ പേരില്‍ ഒരു എക്സ്പ്രസ് ട്രെയിന്‍ തന്നെ കോടതി നടപടിയുടെ ഭാഗമായി അറ്റാച്ച് ചെയ്യപ്പെട്ടു. ''കര്‍ഷകന്‍ ട്രെയിനിന്റെ ഉടമയായി'' എന്ന രീതിയില്‍ അന്നത്തെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു.
സമ്പൂരണ്‍ സിങ് ട്രെയിന്‍ വാങ്ങിയതല്ല. ട്രെയിന്‍ അദ്ദേഹത്തിന്റെ സ്ഥിരം സ്വത്തായി മാറിയതുമല്ല. കോടതി റെയില്‍വേയുടെ സ്വത്ത് അറ്റാച്ച് ചെയ്തതാണ്. അതായത്, കോടതിയുടെ ഉത്തരവനുസരിച്ച് ആ സ്വത്ത് റെയില്‍വേയ്ക്ക് സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാക്കുകയായിരുന്നു.അതിനാല്‍ ''കര്‍ഷകന്‍ ട്രെയിന്‍ വാങ്ങി'' എന്ന് പറയുന്നത് ശരിയല്ല. എന്നാല്‍ അതൊരു അത്ഭുതകരമായ കഥ തന്നെയായിരുന്നു.

ട്രെയിന്‍ അറ്റാച്ച് ചെയ്യപ്പെട്ടതോടെ റെയില്‍വേയും പ്രതിസന്ധിയിലായി. ട്രെയിന്‍ സര്‍വീസ് നിര്‍ത്തേണ്ട സാഹചര്യം വരുമോ? യാത്രക്കാരെ എങ്ങനെ കൈകാര്യം ചെയ്യും? ട്രെയിന്‍ ലേലത്തിന് പോയാല്‍ എന്താകും? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. കേസിന്റെ അടുത്ത ഘട്ടത്തില്‍ ട്രെയിന്‍ ലേലം ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നു. ഒരു ട്രെയിന്‍ ലേലം ചെയ്യുക എന്നത് സാധാരണ ഒരു സ്വത്ത് ലേലം ചെയ്യുന്നതുപോലെ എളുപ്പമുള്ള കാര്യമല്ലല്ലോ.അതുകൊണ്ടുതന്നെ റെയില്‍വേയ്ക്ക് ഈ കേസ് വലിയ തലവേദനയായി.
കേസ് കൂടുതല്‍ മുന്നോട്ട് പോയതോടെ റെയില്‍വേ കുടിശ്ശിക തുക അടയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. 2017 ഏപ്രിലില്‍ റെയില്‍വേ കോടതിയില്‍ 73.90 ലക്ഷം രൂപ നിക്ഷേപിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തുടര്‍ന്ന് ട്രെയിനും റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസും ഉള്‍പ്പെടെയുള്ള അറ്റാച്ച്‌മെന്റ് കോടതി നീക്കി. അങ്ങനെ സ്വര്‍ണ ശതാബ്ദി വീണ്ടും റെയില്‍വേയുടെ നിയന്ത്രണത്തിലേക്ക് മടങ്ങി.കര്‍ഷകനും റെയില്‍വേയും തമ്മിലുള്ള വര്‍ഷങ്ങളായുള്ള തര്‍ക്കത്തിനും ഇതോടെ ഒരു വഴിത്തിരിവായി.
Content Highlight : An Indian who owned his own express train. An ordinary farmer from Punjab became the owner of the country's wealthiest 'Swarna Shatabdi Express'.