

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ജയിലർ 2 റിലീസ് ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ പുറത്തു വരുന്നുണ്ടായിരുന്നു. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. ഇപ്പോഴിതാ സിനിമയുടെ നിർമാതാക്കളായ സൺ പിച്ചേഴ്സ് തന്നെ ഔദ്യോഗികമായി ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ വർഷം ഒക്ടോബർ 15 ന് ചിത്രം ആഗോള റിലീസ് ആയി തിയേറ്ററുകളിൽ എത്തും. രജനിയുടെ ഒരു പുതിയ പോസ്റ്റർ പങ്കുവെച്ചാണ് സൺ പിച്ചേഴ്സ് ഈ വിവരം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന പ്രൊമോ വീഡിയോ നിറഞ്ഞ് നിൽക്കുന്നത് മുഴുവൻ മലയാളി താരങ്ങൾ ആണ്. സുനിൽ സുഖദ, ഹക്കിം ഷാ, കോട്ടയം നസീർ, സുജിത് ശങ്കർ എന്നിവരെ പ്രൊമോയിൽ കാണാം. ഒപ്പം സുരാജ് വെഞ്ഞാറമൂടിന്റെ കണ്ണിന്റെ ക്ലോസ് അപ്പ് ഷോട്ടും അവതരിപ്പിക്കുന്നുണ്ട്. പ്രൊമോയ്ക്ക് പിന്നാലെ മോഹൻലാൽ എവിടെ എന്നായിരുന്നു ആരാധകരുടെ അന്വേഷണം.
ജയിലർ ആദ്യ ഭാഗത്തിൽ മാത്യു എന്ന കഥാപാത്രമായി കാമിയോ റോളിലെത്തി മോഹൻലാൽ ഞെട്ടിച്ചിരുന്നു. രണ്ടാം ഭാഗത്തിലും നടൻ എത്തുന്നുണ്ട്. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ചിത്രത്തിൽ ബോളിവുഡ് താരം ഹൃത്വിക് റോഷനും ഒരു കാമിയോ വേഷത്തിൽ വരുന്നുണ്ട്.
തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങളുടെ കാമിയോ ചിത്രത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമ നിർമിക്കുന്നത്. ചിത്രം ഈ വർഷം തിയറ്ററുകളിലെത്തും. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന് നടൻ തന്നെ വ്യക്തമാക്കിയിരുന്നു.
Content Highlights: Rajinikanth Starrer Jailer 2 Release date has been announced