

'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമയിലെ സംഗീത പ്രതാപിന്റെയും ടീമിന്റെയും ഡാൻസ് രംഗങ്ങൾക്ക് തിയേറ്ററിൽ പൊട്ടിച്ചിരി ലഭിച്ചിരുന്നു. ഇപ്പോഴിതാ ആ ഡാൻസിന്റെ യഥാർത്ഥ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ആ ഗ്രൂപ്പിൽ ഉണ്ടായിരുന്ന ജിന്നു വർഗീസ്. ഡാൻസിന്റെ പൂർണരൂപം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ടെന്നും ജിന്നു ഇൻസ്റ്റാഗ്രാമിൽ പറയുന്നു.
എട്ട് വർഷം മുൻപ് തന്റെ സഹോദരൻ പള്ളിയിലെ ഇടവകദിന ആഘോഷത്തിന് വേണ്ടി തയ്യാറാക്കിയ ഡാൻസ് ആയിരുന്നുവെന്നും ഇപ്പോൾ അത് തിയേറ്ററിൽ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ടെന്നും ജിന്നു പറഞ്ഞു. സെന്റ് സേവിയേഴ്‌സ് വൈക്കം പള്ളിയിലാണ് ഈ ഡാൻസ് അവർ കളിച്ചതെന്നും ജിന്നു കൂട്ടിച്ചേർത്തു. ഒറിജിനൽ വീഡിയോയുടെ താഴെ സംഗീത പ്രതാപ് കമന്റ് ചെയ്തിട്ടുമുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡയിലെ പുതിയ റീൽ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് ഈ ഗാനവും ഡാൻസ് സ്റ്റെപ്പുകളും. സിനിമയിൽ കഥാപാത്രങ്ങൾ ചേർന്ന് ചെയ്യുന്ന ഡാൻസ് സീക്വൻസിലെ ഈ ഭാഗമാണ് പ്രേക്ഷകരുടെ ശ്രദ്ധ പെട്ടെന്ന് പിടിച്ചെടുത്തത്. പിന്നീട് സിനിമയിലെ രംഗം തന്നെ റീലുകളായി പുനഃസൃഷ്ടിക്കാൻ തുടങ്ങി.
അതേസമയം, ബെത്‌ലഹേം കുടുംബ യൂണിറ്റ് 200 കോടിയിലധികം രൂപ ബോക്സ് ഓഫീസിൽ നേടി ജൈത്രയാത്ര തുടരുകയാണ്. ഓണക്കാലത്ത് കുടുംബസമേതം കണ്ടിരിക്കാവുന്ന മികച്ചൊരു ഫീൽ ഗുഡ് എന്റർടെയ്‌നറാണ് ചിത്രമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ, പ്രേമലു എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി ഒരുക്കിയ ഈ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
Content Highlights: Bethlehem Kudumba Unit Movie Dance Scene original video trending on instagram