

മലപ്പുറം: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി. വാഴക്കാട് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. സിപിഐഎം പ്രവർത്തകനായ വാഴക്കാട് സ്വദേശി സെയ്യിദ് മുഹമ്മദ് ജിഫ്രി തങ്ങളാണ് പരാതിക്കാരൻ. മുഖ്യമന്ത്രിയെ അധിക്ഷേപിക്കും വിധം, കേരള ജനതയ്ക്ക് അങ്ങേയറ്റം വിഷമം ഉണ്ടാക്കുന്ന പ്രസ്താവനയാണ് പിഎംഎ സലാം നടത്തിയത്. അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണ് പരാതി.
മുഖ്യമന്ത്രി ആണും പെണ്ണും കെട്ടവൻ ആയതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പുവെച്ചതെന്നായിരുന്നു പിഎംഎ സലാമിന്റെ അധിക്ഷേപ പരാമർശം. വാഴക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെയായിരുന്നു സലാമിന്‍റെ പരാമർശം.
സംഭവം വിവാദമായതോടെ പിഎംഎ സലാമിന്റെ പരാമർശത്തെ തള്ളി ലീഗ് നേതാക്കൾ രംഗത്തെത്തി. രാഷ്ട്രീയ വിമർശനങ്ങൾ ആവാം, എന്നാൽ വിമർശനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോകാൻ പാടില്ലെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. ലീഗിന് ഒരു രീതിയുണ്ട്, അന്തസില്ലാത്ത വർത്തമാനങ്ങൾ ലീഗിന്റെ രീതിയല്ലെന്നായിരുന്നു പാർട്ടി അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
അധിക്ഷേപ പരാമർശത്തിൽ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി. പിഎംഎ സലാം അത്തരമൊരു പ്രസ്താവന നടത്താൻ പാടില്ലാത്തതാണെന്നും സാധാരണനിലയിൽ മുസ്ലിം ലീഗ് നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നതല്ലെന്നും ശിവൻകുട്ടി പറഞ്ഞു. സലാം സലാമിന്റെ സംസ്‌കാരം പുറത്തെടുത്തുവെന്ന നിലയിലേ അതിനെ കാണുന്നുള്ളു. അത്തരത്തിലൊരു പ്രസ്താവനയ്ക്ക് മറുപടിയില്ലെന്നും മന്ത്രി പറഞ്ഞു.
പിഎംഎ സലാമിന്റേത് തരംതാണ നിലപാടാണെന്നും രാഷ്ട്രീയ മര്യാദകൾ പാലിക്കാത്ത നിലപാടാണെന്നുമാണ് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. മുസ്ലീം ലീഗിന്റെ അപചയമാണ് ഇതിലൂടെ വ്യക്തമായതെന്നും വ്യക്തി അധിക്ഷേപം പിൻവലിച്ച് പിഎംഎ സലാം കേരളീയ സമൂഹത്തോട് മാപ്പുപറയണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു.
Content Highlights: complaint against PMA Salam for abusive remarks against the Chief Minister