'എംഎസ്എഫ് നേതാവ് ഉറങ്ങിപ്പോയതിന് സർക്കാരിനെ പറഞ്ഞിട്ട് എന്തുകാര്യം'; സി കെ നജാഫിന് മറുപടിയുമായി പി എസ് സഞ്ജീവ്

'ഒരു പണിയും ഇല്ലെങ്കിലും മാസംതോറും അഞ്ച് ലക്ഷംവെച്ച് ശമ്പളം കിട്ടുന്ന ചേട്ടന്മാരുള്ള എംഎസ്എഫുക്കാര്‍ക്ക് എന്ത് അതിദാരിദ്ര്യം, ദാരിദ്ര്യം?'

'എംഎസ്എഫ് നേതാവ് ഉറങ്ങിപ്പോയതിന് സർക്കാരിനെ പറഞ്ഞിട്ട് എന്തുകാര്യം'; സി കെ നജാഫിന് മറുപടിയുമായി പി എസ് സഞ്ജീവ്
dot image

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ പ്രഖ്യാപനത്തെ വിമര്‍ശിച്ച എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫിന് മറുപടിയുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. എംഎസ്എഫ് നേതാവ് ഉറങ്ങിപ്പോയതിന് സര്‍ക്കാരിനെ പറഞ്ഞിട്ട് എന്തുകാര്യമെന്നും ഇത് നാലരവര്‍ഷം മുമ്പ് തീരുമാനിച്ച് നടപ്പാക്കിയതാണെന്നും സഞ്ജീവ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വര്‍ഷങ്ങള്‍ക്കുമുമ്പേ, നട്ടുച്ചയ്ക്ക് ലീഗ് നേതാക്കളോട് സ. നായനാര്‍ ഗുഡ് നൈറ്റ് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കേ മാറ്റമുള്ളൂ എന്ന് ലീഗിന്റെ കുട്ടിപ്പട്ടാളം ഈ 2025 ലും തെളിയിച്ചു. ഒരു പണിയും ഇല്ലെങ്കിലും മാസംതോറും അഞ്ച് ലക്ഷംവെച്ച് ശമ്പളം കിട്ടുന്ന ചേട്ടന്മാരുള്ള എംഎസ്എഫുക്കാര്‍ക്ക് എന്ത് അതിദാരിദ്ര്യം, ദാരിദ്ര്യം? എംഎസ്എഫ് നേതാവ് ഉറങ്ങിപ്പോയതിന് സര്‍ക്കാരിനെ പറഞ്ഞിട്ട് എന്തുകാര്യം? ഇത് നാലരവര്‍ഷം മുമ്പ് തീരുമാനിച്ച് നടപ്പാക്കിയതാ. അല്ലാതെ ഒറ്റരാത്രി കൊണ്ട് തീരുമാനിച്ചതല്ലെന്ന ബോധം പോലും ഇവര്‍ക്കില്ലാണ്ടായി, പിന്നെ നിര്‍ഗുണനായൊരു പിഎംഎ സലാമും
എന്നാപ്പിന്നെ ഗുഡ്‌നൈറ്റ്.

ഫേസ്ബുക്കിലൂടെയായിരുന്നു സി കെ നജാഫിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെയും ഐക്യരാഷ്ട്രസഭയുടെയും മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് നജാഫ് പറഞ്ഞിരുന്നു. ഇഎംഎസ് മുതല്‍ ഉമ്മന്‍ചാണ്ടി വരെ കേരളം ഭരിച്ചവരുടെ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. ഒറ്റവെട്ടിന് സഖാവ് പിണറായി ദരിദ്ര്യം മാറ്റിയെന്ന് വിശ്വസിക്കുന്നവരുടെ പേരാണ് സഖാക്കള്‍ എന്നും നജാഫ് പറഞ്ഞിരുന്നു.

കേരളപ്പിറവി ദിനമായ ഇന്നലെയായിരുന്നു കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരമായിരുന്നു പ്രഖ്യാപനം. മുഖ്യമന്ത്രി പ്രഖ്യാപനം നടത്താന്‍ നിയമസഭാ ചട്ടങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പിആര്‍ ആണെന്നായിരുന്നു സതീശന്‍ പറഞ്ഞത്. അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം കേന്ദ്രം പ്രഖ്യാപിക്കുന്ന പദ്ധതിയില്‍ നിന്നും കേരളം പുറത്താകാന്‍ ഇടയാക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു.

സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ പ്രഖ്യാപനം ദരിദ്രര്‍ പുച്ഛത്തോടെയാണ് കാണുന്നതെന്നും ആനുകൂല്യം ലഭിക്കേണ്ടവര്‍ക്ക് സര്‍ക്കാരായി അത് നിഷേധിക്കുകയാണെന്നുമായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. സര്‍ക്കാരിന് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനായില്ല. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് കനത്ത തിരിച്ചടി നേരിടും. അതുകൊണ്ടാണ് ചെപ്പടി വിദ്യകള്‍ കാണിക്കുന്നതെന്നും സണ്ണി ജോസഫ് ആരോപിച്ചിരുന്നു.

Content Highlights- PS Sanjeev reply to msf leader ck najaf over zero extreme poverty

dot image
To advertise here,contact us
dot image