'ഗ്യാലറിയെ നിശബ്ദമാക്കും'; കളിക്ക് മുന്‍പ് വെല്ലുവിളി, കമ്മിന്‍സിനെ ഓര്‍മ്മിപ്പിച്ച് പ്രോട്ടീസ് നായിക

'ഒരുരാജ്യം മുഴുവൻ ഇന്ത്യൻ ടീമിന് പിന്നിലുണ്ട്'

'ഗ്യാലറിയെ നിശബ്ദമാക്കും'; കളിക്ക് മുന്‍പ് വെല്ലുവിളി, കമ്മിന്‍സിനെ ഓര്‍മ്മിപ്പിച്ച് പ്രോട്ടീസ് നായിക
dot image

വനിതാ ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ ഫൈനലിന് മുന്‍പേ വെല്ലുവിളിയുമായി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ്. ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കപ്പുയര്‍ത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച ലോറ ഇന്ത്യന്‍ ആരാധകരെ നിശബ്ദമാക്കുമെന്നാണ് മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 2023ല്‍ പുരുഷന്മാരുടെ ഏകദിന ലോകപ്പിന് മുന്നോടിയായി ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ വെല്ലുവിളിയെ ഓര്‍മ്മപ്പെടുത്തും വിധമാണ് പ്രോട്ടീസ് നായികയുടെ വാക്കുകളെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഇന്ത്യൻ കാണികളെ നിശബ്ദരാക്കുമോയെന്ന് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വോൾവാർഡ്. "ഒരുരാജ്യം മുഴുവൻ ഇന്ത്യൻ ടീമിന് പിന്നിലുണ്ട്. സ്റ്റേഡിയത്തിൽ മുഴുവൻ കാണികളും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഇത് വളരെ കഠിനമായ മത്സരം തന്നെയായിരിക്കും നടക്കുക. സ്റ്റേഡിയത്തിലെ ടിക്കറ്റുകൾ മുഴുവൻ വിറ്റുതീർന്നിട്ടുണ്ട്. ഇത് വളരെ ആവേശകരമായ ഒരു അവസരമായിരിക്കും. എന്നാൽ അതേസമയം ഇത് അവർക്കും വളരെയധികം സമ്മർദ്ദം ചെലുത്തുന്നുണ്ട്. അവർ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്ന വലിയ ജനക്കൂട്ടത്തിന് മുന്നിലാണ് അവർ കളിക്കുന്നത്. ഞങ്ങളിൽ പലരും ഇതിനുമുൻപ് ഇത്ര വലിയ ജനക്കൂട്ടത്തിന് മുന്നിൽ‌ കളിച്ചിട്ടില്ല. ഞങ്ങൾക്കും വളരെയധികം സമ്മർദ്ദം ചെലുത്തുന്നു. ഞങ്ങൾ വിജയിക്കുമെന്ന് പ്രതീക്ഷിക്കാം. അത് അവരെ നിശബ്ദരാക്കുമെന്ന് ഞാൻ കരുതുന്നു", ലോറ പറഞ്ഞു.

2023 ലോകകപ്പിന് മുന്നെയും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യന്‍ കാണികളെ നിശബ്ദമാക്കുമെന്ന് പറഞ്ഞിരുന്നു. ക്രിക്കറ്റില്‍ ഒരു വലിയ ജനക്കൂട്ടത്തെ നിശബ്ദമാക്കുന്നതിനേക്കാള്‍ സംതൃപ്തി നല്‍കുന്ന മറ്റൊന്നില്ലെന്നും അതാണ് ഞങ്ങളുടെ ലക്ഷ്യമെന്നുമാണ് കമ്മിന്‍സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പിന്നാലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന് ഇന്ത്യയെ ഓസീസ് മുട്ടുകുത്തിച്ച് കിരീടമുയര്‍ത്തുകയായിരുന്നു.

വനിതാ ഏകദിന ലോകകപ്പിൽ ഞായറാഴ്ച നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനല്‍. ചരിത്രത്തിലെ ആദ്യ വനിതാ ക്രിക്കറ്റ് ലോകകീരീടം തേടി ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ‌ പോരാടാനിറങ്ങും. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.

Content Highlights: ICC Womens World Cup 2025: Laura Wolvaardt aims to silence Indian fans in final, draws inspiration from Pat Cummins

dot image
To advertise here,contact us
dot image