മലയാളികൾക്ക് രാമേശ്വരത്തേക്ക് ഇനി എളുപ്പത്തിലെത്താം; അമൃത എക്‌സ്പ്രസ് ഇന്ന് മുതൽ രാമേശ്വരത്തേക്ക്

നീണ്ടകാലത്തെ ആവശ്യമായിരുന്നു കേരളത്തിൽനിന്ന് രാമേശ്വരത്തേക്ക് ഒരു ഡയറക്റ്റ് ട്രെയിൻ

മലയാളികൾക്ക് രാമേശ്വരത്തേക്ക് ഇനി എളുപ്പത്തിലെത്താം; അമൃത എക്‌സ്പ്രസ് ഇന്ന് മുതൽ രാമേശ്വരത്തേക്ക്
dot image

ക്ഷേത്രനഗരമായ രാമേശ്വരത്തേക്ക് കേരളത്തിൽ നിന്ന് ഒട്ടേറെ ആളുകളാണ് യാത്ര ചെയ്യാറുള്ളത്. രാമേശ്വരത്തിറങ്ങി ധനുഷ്കോടിയിലേക്ക് പോകുന്നവരും നിരവധിയാണ്. ഇത്തരത്തിൽ ഒട്ടനവധി ആളുകളുടെ ഒരു ബക്കറ്റ് ലിസ്റ്റ് ലൊക്കേഷൻ തന്നെയായിയിരിക്കും രാമേശ്വരം. നേരിട്ടുള്ള ട്രെയിനിന്റെ അഭാവം മൂലം മധുരൈയിൽ ഇറങ്ങി, അവിടെനിന്ന് രാമേശ്വരത്തേക്ക് പോകുകയാണ് മലയാളികൾ ചെയ്തുകൊണ്ടിരുന്നത്. എന്നാൽ ഇപ്പോൾ കേരളത്തിൽനിന്ന് നേരിട്ട് രാമേശ്വരത്തേക്ക് ഒരു ട്രെയിൻ വരികയാണ്. തിരുവനന്തപുരം - മധുരൈ അമൃത എക്സ്പ്രസ്സ് രാമേശ്വരത്തേക്ക് നീട്ടിക്കൊണ്ട് ഔദ്യോഗിക ഉത്തരവ് എത്തിക്കഴിഞ്ഞു.

ഇന്ന് മുതൽക്കാണ് ട്രെയിൻ രാമേശ്വരത്തേക്കുള്ള സർവീസ് ആരംഭിക്കുക. നീണ്ടകാലത്തെ ആവശ്യമായിരുന്നു കേരളത്തിൽനിന്ന് രാമേശ്വരത്തേക്ക് നേരിട്ടുള്ള ട്രെയിൻ. നേരത്തെതന്നെ അമൃത എക്സ്പ്രസ്സ് രാമേശ്വരത്തേക്ക് നീട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പുതിയ പാമ്പൻ പാലത്തിന്റെ ജോലികൾ പൂർത്തിയാകാത്തതിനാൽ സർവീസ് ആരംഭിച്ചിരുന്നില്ല. പുതിയ പാമ്പൻ പാലം ഇപ്പോൾ തുറന്നുനൽകിയതോടെയാണ് അമൃത രാമേശ്വരത്തേക്ക് നീട്ടാൻ തീരുമാനമായത്.

മധുരൈക്കിടയിൽ മാനാമധുര, പരമക്കുടി, രാമനാഥപുരം എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പ് ഉള്ളത്. രാത്രി 8.30ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന അമൃത എക്സ്പ്രസ്സ് പുലർച്ചെ 3.30ന് പാലക്കാട് എത്തും. തുടർന്ന് രാവിലെ 9.50ന് മധുരൈയിൽ എത്തുന്ന വണ്ടി ഉച്ചയ്ക്ക് 12.45ന് രാമേശ്വരത്തെത്തും.

രാമേശ്വരത്തുനിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന് പുലർച്ചെ 4.55ന് തിരുവനന്തപുരത്ത് എത്തും.

തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിൻ എന്ന നിലയിൽ അമൃത എക്സ്പ്രസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. മധ്യകേരളത്തിൽ നിന്ന് പഴനി, മധുരൈ തുടങ്ങിയ നഗരങ്ങളിലേക്ക് പോകാനായി മലയാളികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വണ്ടിയാണ് അമൃത.

നീണ്ടകാലത്തെ മലയാളികളുടെ ആവശ്യമായിരുന്നു അമൃത രാമേശ്വരത്തേക്ക് നീട്ടുക എന്നത്. അതാണിപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. നേരത്തെ റെയിൽവേ മംഗലാപുരം - രാമേശ്വരം ട്രെയിനും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ ട്രെയിൻ ഇനിയും ഓടിത്തുടങ്ങിയിട്ടില്ല. അമൃത രാമേശ്വരത്തേക്ക് നീട്ടിയതോടെ ഈ ട്രെയിനും ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

Content Highlights: amrita express extended to rameswaram from today

dot image
To advertise here,contact us
dot image