
സിവിക് സെൻസ് അഥവാ പൗരബോധം എന്നത് വളരെ പ്രധാനപ്പെട്ട ഒരു മാനുഷിക മൂല്യമാണ്. ഏത് സ്ഥലത്ത് എങ്ങനെ പെരുമാറണം, എങ്ങനെ നിൽക്കണം എന്നതെല്ലാം ഒരു മനുഷ്യൻ മനസിലാക്കിവെക്കേണ്ടതാണ്. ഇന്ത്യയിൽ ഈ സിവിക് സെൻസ് ഏറ്റവും കൂടുതൽ ഇല്ലാത്ത ഒരു വിഭാഗം റോഡില്‍ വാഹനമായി ഇറങ്ങുന്നവരായിരിക്കും. ചുരുക്കം ചില ആളുകൾ റോഡ് നിയമങ്ങൾ പാലിച്ചും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും വാഹനം ഓടിക്കാറുണ്ടെങ്കിലും എല്ലാവരും അങ്ങനെയല്ല. അതിൽത്തന്നെ ചില വിരുതന്മാർ ഹോൺ അടിച്ച് മറ്റുള്ളവരെ ശല്യം ചെയ്യുന്നവരാണ്. ട്രാഫിക് സിഗ്നലിൽ സിഗ്നൽ ചുവപ്പ് ആണെങ്കിൽ പോലും ഈ വിരുതന്മാർ ഹോൺ അടിച്ച് ചെവിക്ക് തകരാറുണ്ടാക്കും. കഠിനമായ ട്രാഫിക് ബ്ലോക്കിൽ പെട്ട് കിടക്കുമ്പോഴും ഇതേ പ്രശ്നം ഉണ്ടാകാറുണ്ട്.
എന്നാല്‍ ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ സുഖമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന ഒരു രാജ്യമുണ്ട്. അത് പക്ഷെ ഇന്ത്യയല്ല..അങ്ങ് ദൂരെയുള്ള പോളണ്ടാണ് ആ രാജ്യം. കുനാൽ ദത്ത് എന്ന ഇന്ത്യൻ വംശജന്റെ വീഡിയോയാണ് പോളണ്ടിലെ ഈ റോഡ് സംസ്കാരത്തെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച തുടങ്ങിവച്ചിരിക്കുന്നത്. റോഡില്‍ നിറയെ വാഹനങ്ങളുണ്ടായിട്ടും ഹോണ്‍ അടിച്ച് ബഹളം വയ്ക്കാതെ സമാധാനപൂര്‍വം ഡ്രൈവ് ചെയ്യുന്നവരെ കുനാലിന്റെ വീഡിയോയില്‍ കാണാം.
പോളണ്ടിലെ തിരക്കേറിയ റോഡിൽ നിന്നാണ് കുനാൽ ദത്ത് ഈ വീഡിയോ ചെയ്യുന്നത്. നിറയെ വണ്ടികൾ ഉള്ള റോഡാണ് എങ്കിലും ഒരാൾ പോലും ഹോണടിക്കുന്നതായി നമുക്ക് കാണാനാകില്ല. റോഡിൽ നിറയെ കാൽനടയാത്രക്കാരുണ്ട്, റോഡ് മുറിച്ചുകിടക്കുന്നവരുണ്ട്. മാത്രമല്ല, കൃത്യമായി ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കുകയും അവർ ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ സാഹചര്യങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ടാണ് കുനാൽ ഈ വീഡിയോ ചെയ്യുന്നത്. ഇന്ത്യയിൽ ഒരു സെക്കൻഡ് പോലും കാത്തുനിൽക്കാൻ ആഗ്രഹിക്കാത്ത ആളുകളാണ് ഉള്ളത് എന്നാൽ പോളണ്ടിൽ അങ്ങനെയല്ല എന്നാണ് കുനാൽ പറയുന്നത്.
നിരവധി പേരാണ് ഈ വീഡിയോ കാണുകയും പങ്കുവെക്കുകയും ചെയ്തിട്ടുള്ളത്.ഇന്ത്യയിൽ ഇതുപോലത്തെ ട്രാഫിക് മര്യാദകൾ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് നിരവധി പേർ പറയുന്നുണ്ട്. ഇന്ത്യ അഭിമുഖീകരിക്കുന്നത് ഒരു ട്രാഫിക് പ്രശ്നമല്ല, മറിച്ച്, കൃത്യമായ അവബോധമില്ലായ്മയുടേത് കൂടിയാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.
കുനാലിനെ എതിർക്കുന്നവരും ഒട്ടേറെയാണ്. ഇരു രാജ്യങ്ങളിലെയും റോഡ് സംസ്കാരങ്ങളെ താരതമ്യപ്പെടുത്തിക്കൊണ്ടാണ് വിമര്‍ശനം. ഇന്ത്യയിലെ ഡ്രൈവർമാർക്ക് നിരന്തരം ഹോൺ അടിക്കേണ്ടിവരുന്നത് ആളുകള്‍ തോന്നിയതുപോലെ റോഡിൽ നടക്കുന്നത് കൊണ്ടാണെന്നും ഇന്ത്യയുടെ ട്രാഫിക് സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണെന്നും ഇവർ പറയുന്നു.
Content Highlights: indian man compares poland and india on road manners