
ഡോര്‍ ടു ഡോര്‍ കാര്‍ഗോ - പാര്‍സല്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. ഇനി മുതല്‍ വെയര്‍ഹൗസില്‍ നിന്നും ഡെലിവറി പോയന്റിലേക്ക് വേഗത്തില്‍ സാധനങ്ങളെത്തുമെന്ന് സാരം. ചരക്ക് ഗതാഗതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നത് റെയില്‍വെയാണ്. കല്‍ക്കരി, ഇരുമ്പ് അയിര്, സ്റ്റീല്‍, ലൈംസ്റ്റോണ്‍, സിമന്റ് എന്നീ ചരക്കുകളെല്ലാം ഡോര്‍ ടു ഡോര്‍ സര്‍വീസില്‍ ലഭ്യമാകും.
പുത്തന്‍ തീരുമാനത്തിന്റെ ഭാഗമായി മൂന്ന് ഡോര്‍ ടു ഡോര്‍ ഇന്‍ഷിയേറ്റീവാണ് റെയില്‍വെ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ യുപിയിലെ ഉന്നാവോയിലെ സോണിക്കിലുള്ള ഗുഡ്‌സ് ഷെഡ് ലോജിസ്റ്റിക്‌സ് ഹബ്ബായി മാറ്റും, ലക്‌നൗ ഡിവിഷന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുക. കാന്‍പൂര്‍ - ലഖ്‌നൗ മേഖലയിലെ ലോജിസ്റ്റിക്ക് ആവശ്യങ്ങളുടെ ഹബ്ബായി ഇത് പ്രവര്‍ത്തിക്കും. വളങ്ങള്‍, ധാന്യങ്ങള്‍, സിമന്റ് തുടങ്ങിയവയുടെ വിതരണ കേന്ദ്രമായിരിക്കും ഇവിടം.
രണ്ടാമത്തെ മാറ്റമെന്നത്, ട്രാന്‍സിറ്റ് കണ്ടെയ്‌നര്‍ ട്രെയിന്‍ സര്‍വീസ് ഡല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് ആരംഭിക്കുമെന്നതാണ്. സമയബന്ധിതമായി റോഡ് വഴിയുള്ള ചരക്ക് ഗതാഗതത്തെ റെയിലുമായി ബന്ധിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. രണ്ടിടത്തെയും ലോഡിങ് അണ്‍ലോഡിങ് ഉള്‍പ്പെടെയുള്ള ഡോര്‍ ടു ഡോര്‍ കണ്ടെയ്‌നര്‍ സര്‍വീസുകള്‍ ഇതിലൂടെ ലഭ്യമാക്കും.
മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കുമിടയില്‍ റെയില്‍വേ പാര്‍സല്‍ വാന്‍ ഉപയോഗിച്ച് ഡോര്‍ ടു ഡോര്‍ പാര്‍സല്‍ സര്‍വീസാണ് മൂന്നാമത്തേത്. എല്ലാത്തരം ചരക്കുകളും ഇതില്‍ ഉള്‍പ്പെടും. മാത്രമല്ല ഇവിടെ ചരക്കുകള്‍ സൂക്ഷിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. റോഡ് മാര്‍ഗമുള്ള ചരക്കു ഗതാഗത്തെക്കാള്‍ 7.5ശതമാനം ചിലവ് കുറവാണ് റെയില്‍മാര്‍ഗമുള്ളത്. മാത്രമല്ല സാധനങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ റോഡ് മാര്‍ഗമെടുക്കുന്ന സമയത്തിന്റെ 30 ശതമാനത്തോളം കുറവാണ് റെയില്‍മാര്‍ഗമുള്ള സര്‍വീസില്‍. വെയര്‍ഹൗസുകളില്‍ നിന്നും ഉപഭോക്താവിന് സാധനങ്ങള്‍ എത്തിച്ചുനല്‍കുന്ന ഇ കൊമേഴ്‌സ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ടാണ് പുത്തന്‍ നീക്കം.
തടസമില്ലാതെ യാത്ര ചെയ്യാനും ചരക്കുഗതാഗതത്തിനും എല്ലാവര്‍ഷവും മൂവായിരം മുതല്‍ നാലായിരം കിലോമീറ്റര്‍ പുത്തന്‍ റെയില്‍വേ ലൈനുകളാണ് നിര്‍മിക്കുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും വ്യക്തമാക്കുന്നു.
Content Highlights: Railway's intiative for door to door cargo service