പമ്പരം പോലെ കറങ്ങി താഴേക്ക് പതിച്ച് ഹെലികോപ്റ്റര്‍; അപകടത്തില്‍ കാല്‍നടയാത്രക്കാര്‍ക്കും പരിക്ക്

ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങളില്‍ നിന്ന് രണ്ടുപേരെ സുരക്ഷിതമായി പുറത്തെത്തിക്കാനായതായി അഗ്നിരക്ഷാസേന അറിയിച്ചു.

പമ്പരം പോലെ കറങ്ങി താഴേക്ക് പതിച്ച് ഹെലികോപ്റ്റര്‍; അപകടത്തില്‍ കാല്‍നടയാത്രക്കാര്‍ക്കും പരിക്ക്
dot image

ലിഫോര്‍ണിയയിലെ ഹണ്ടിങ്ടണ്‍ ബീച്ചിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്റര്‍ ആകാശത്ത് വട്ടംകറങ്ങി താഴേക്ക് പതിക്കുന്നത് വീഡിയോയില്‍ കാണാം. പസഫിക് കോസ്റ്റ് ഹൈവേയുടെ ഒരു കാര്‍ പാര്‍ക്കിങ്ങിന് സമീപം പ്രാദേശിക സമയം രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.

ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങളില്‍ നിന്ന് രണ്ടുപേരെ സുരക്ഷിതമായി പുറത്തെത്തിക്കാനായതായി അഗ്നിരക്ഷാസേന അറിയിച്ചു. അപകടത്തില്‍ തെരുവിലൂടെ നടന്നുപോയിരുന്ന രണ്ടുപേര്‍ക്കും പരിക്കേറ്റു. ഹെലികോപ്റ്റര്‍ യാത്രക്കാരടക്കം അഞ്ചുപേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരു കുട്ടിയുമുണ്ട്.

ഫണ്ട്‌റെയ്‌സിങ് പ്രോഗ്രാമായ Car N Copters എന്ന പരിപാടിയുമായി ബന്ധപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. സമീപത്തായി ചെറിയ ഒട്ടേറെ ഹെലികോപ്റ്ററുകള്‍ പാര്‍ക്ക് ചെയ്തിരുന്നു.പരിപാടിയുടെ ഭാഗമായി റൂഫ്‌ടോപ്പ് ലോഞ്ചിലായി പ്രത്യേക ഹെലികോപ്റ്റര്‍ ലാന്‍ഡിങ് പാര്‍ട്ടിയും നടത്തിയിരുന്നു. രണ്ടുമണിയോടെ ഹെലികോപ്റ്ററിന് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുകയും ആകാശത്ത് വേഗത്തില്‍ ചുറ്റിക്കറങ്ങി താഴേക്ക് പതിക്കുകയുമായിരുന്നു.

ഹയാത്ത് റീജെന്‍സിയിലേക്കുള്ള ഒരു കാല്‍നടപ്പാലത്തിനും എണ്ണപ്പനകള്‍ക്കും മുകളിലേക്കാണ് ഹെലികോപ്റ്റര്‍ പതിച്ചത്. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ സമീപത്തുള്ള കാര്‍ പാര്‍ക്കിങ്ങിലേക്ക് വരെ തെറിച്ചുപോകുന്നുണ്ട്. ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെടുന്നതിന് മുന്‍പായി അസാധാരണ ശബ്ദം കേട്ടതായി സംഭവത്തിന് സാക്ഷിയായ കെവിന്‍ എന്നയാള്‍ പറയുന്നു. എന്താണ് ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെടാനുള്ള കാരണമെന്ന് കണ്ടെത്തിയിട്ടില്ല. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷ്‌നല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും സംഭവത്തില്‍ അന്വേഷണം ആരംഭിക്കും.

Content Highlights: California Helicopter Crash: Dramatic Footage Emerges After 5 Injured

dot image
To advertise here,contact us
dot image