
രാജ്യത്തെ റെയിൽ ഗതാഗതത്തെത്തന്നെ മാറ്റിമറിച്ച സർവീസുകളാണ് വന്ദേ ഭാരതിന്റേത്. ദീർഘദൂര യാത്രക്കാർക്ക് സുഗമമായതും വേഗതയേറിയതുമായ യാത്രയാണ് വന്ദേ ഭാരത് സമ്മാനിക്കുന്നത്. പ്രീമിയം ട്രെയിൻ ആയതിനാൽ ഭക്ഷണമടക്കം എല്ലാം ടിക്കറ്റ് നിരക്കുകളിൽ തന്നെ ഉൾപ്പെട്ടിട്ടുണ്ടാകും. രാജ്യത്ത് ഇപ്പോൾ തന്നെ എഴുപതിലധികം വന്ദേ ഭാരതുകൾ സർവീസ് നടത്തുന്നുണ്ട്.
ഇതിനിടെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും റെയിൽവേ പുറത്തിറക്കിയിരുന്നു. രാജധാനി ശ്രേണിയിലുള്ള പ്രീമിയം ട്രെയിനായാണ് വന്ദേ ഭാരത് സ്ലീപ്പർ പുറത്തിറക്കിയത്, ആദ്യ ട്രെയിൻ സെറ്റിന്റെ ട്രയൽ റണ്ണും റെയിൽവേ പൂർത്തീകരിച്ചിരുന്നു. മുംബൈ അഹമ്മദാബാദ് പാതയിലായിരുന്നു ട്രയൽ റൺ നടന്നത്. എന്നാൽ അതിന് ശേഷം ട്രെയിനിനെപ്പറ്റി ഒരു വിവരവും ഉണ്ടായിട്ടില്ല.
എന്നാൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ എപ്പോൾ ഔദ്യോഗികമായി സർവീസ് തുടങ്ങുമെന്നതിൽ ഒരു സൂചന ലഭിച്ചിരിക്കുകയാണ്.
സെപ്റ്റംബറോടെ ട്രെയിനിന്റെ ആദ്യ സർവീസ് ആരംഭിക്കുമെന്നാണ് റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഏത് റൂട്ടിലായിരിക്കും ആദ്യ സർവീസ് എന്നത് തീരുമാനമായിട്ടില്ല. ബിഹാർ തെരഞ്ഞെടുപ്പ് മുൻപിൽ കണ്ടാണ് സെപ്റ്റംബറിൽ ഉദ്‌ഘാടനം എന്നാണ് സൂചന. ഇക്കാര്യങ്ങളിൽ ഉടൻ തന്നെ സ്ഥിരീകരണം വരുമെന്നാണ് കരുതപ്പെടുന്നത്.
രാത്രിയിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക എന്നാണ് സൂചന. പ്രീമിയം സൗകര്യങ്ങളാണ് ട്രെയിനിൽ ഉള്ളത്. ട്രെയിൻ കൂട്ടിയിടികൾ ഒഴിവാക്കാൻ സഹായിക്കുന്ന കവച് സംവിധാനവുമായാണ് ട്രെയിൻ പുറത്തിറങ്ങുക. ട്രെയിൻ മാനേജരുമായും ലോക്കോ പൈലറ്റുമായും യാത്രക്കാർക്ക് നേരിട്ട് സംസാരിക്കാനുമുള്ള സംവിധാനങ്ങളും ട്രെയിനിലുണ്ടാകും. പ്രായമായവർക്കും ഭിന്നശേഷിയുള്ളവർക്കും ഉപയോഗിക്കാൻ സൗകര്യപ്രദമായ ബാത്റൂമുകളായിരിക്കും ട്രെയിനിൽ ഉണ്ടാകുക.
വന്ദേ ഭാരതിനെപ്പോലെ ഓട്ടോമാറ്റിക്ക് ട്രെയിൻ ഡോറുകൾ ട്രെയിനിൽ ഉണ്ടാകും. എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ, മുകളിലെ ബർത്തുകളിലേക്ക് ആയിരം സൗകര്യപ്രദമായ ചവിട്ടുപടികൾ തുടങ്ങി എല്ലാം ട്രെയിനിൽ ഉണ്ടാകും. എസി ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ്, തേർഡ് ക്ലാസ് എന്നിങ്ങനെയാണ് കോച്ചുകൾ ഉണ്ടാകുക.
2025 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഒമ്പത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി നിർമിക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. 2026-27 വർഷത്തിൽ 24 കാർ വന്ദേ ഭാരത് സ്ലീപ്പർ നിർമിക്കാനാണ് റെയിൽവേയുടെ പദ്ധതി.
Content Highlights: when will vande bharat sleeper train start service?