കൊടുംതണുപ്പ്;നിര്‍ത്തിയിട്ടാല്‍ കാറിലെ ഇന്ധനം തണുത്തുറയും:തടവുകാരുടെ അസ്ഥികള്‍ കൊണ്ടുനിര്‍മിച്ച റോഡുള്ള നാട്

വെള്ളമെല്ലാം തണുത്തുറഞ്ഞ നിലയിലാണ്. എല്ലാ വീട്ടിലും സ്റ്റീംബാത്ത് ചെയ്യാനൊരിടമുണ്ടാകും. അതില്‍ ആഴ്ചയില്‍ രണ്ട് ദിവസമായിരിക്കും സൈബീരിയക്കാര്‍ കുളിക്കുക

dot image

ലോകത്തിലെ ഏറ്റവും തണുപ്പുള്ള വാസയോഗ്യമായ സ്ഥലം എവിടെ ആണെന്ന് അറിയാമോ? അറിയാന്‍ എന്താണ് ബുദ്ധിമുട്ട്? സിരിയോടെ മെറ്റ എഐയോടോ ഒന്നു ചോദിച്ചാല്‍ പോരെ, അല്ലേ.. എന്നാലും പറയാം ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയുടെ ഭാഗമായ സൈബീരിയയാണ്. ഏഷ്യയുടെ വടക്കന്‍ ഭാഗത്തുളള സൈബീരിയ റഷ്യയുടെ നാലില്‍ മൂന്നുഭാഗവും പടര്‍ന്ന് പന്തലിച്ച് കിടക്കുന്നിടമാണ്. ഇവിടെ വേനല്‍ക്കാലത്തെ ഏറ്റവും കൂടിയ താപനില എന്നത് 20 ഡിഗ്രി സെല്‍ഷ്യസാണ്.

ഇവിടേക്കാണ് ഇന്ത്യയില്‍ നിന്നുള്ള ട്രാവല്‍ കൊണ്ടന്‍ഡ് ക്രിയേറ്റര്‍ യാത്ര നടത്തിയത്. ഈവര്‍ഷം ജനുവരിയില്‍ മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൈബീരിയ തണുത്ത് വിറച്ചുനില്‍ക്കുമ്പോഴാണ് അങ്കിത കുമാര്‍ തന്റെ സുഹൃത്തിനൊപ്പം ഇവിടെ എത്തുന്നത്. ഇവിടെ തണുപ്പ് വെറും തണുപ്പല്ല, വാക്കുകളില്‍ പറയുന്നതിനെക്കാള്‍ തീവ്രതയുള്ളതാണ്. അതായത് നിങ്ങളുടെ ഫോണ്‍ ഈ തണുപ്പില്‍ പത്തുമിനിറ്റിനുള്ളില്‍ ഓഫാകും, പതിനഞ്ച് മിനിറ്റില്‍ കൂടുതല്‍ പുറത്ത് നില്‍ക്കാന്‍ കഴിയില്ല, വണ്ടികളൊക്കെ 24 മണിക്കൂറും ഓടിക്കൊണ്ടിരിക്കും അല്ലെങ്കില്‍ ഇന്ധനം തണുത്തുറഞ്ഞ് പോകും, പിന്നെ ഇവിടെങ്ങും പച്ചക്കറി കാണാനേ കിട്ടില്ല, അതൊന്നും ഇവിടെ വിളയില്ല എന്നതാണ് കാരണം. ആകെ കിട്ടുക നല്ല ഫ്രഷ് മാംസമായിരിക്കും. സൈബീരിയയിലെ യാകുത്ക്‌സില്‍ മൈനസ് അമ്പത് ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് അങ്കിത അതിജീവിച്ചത്, അതേസമയം ഒയ്മിയാക്കണില്‍ ഇത് മൈനസ് 64 ഡിഗ്രി സെല്‍ഷ്യസായിരുന്നു.

സൈബീരിയയില്‍ എത്തിപ്പെടാന്‍ ഒരുപാട് പാടുപെടേണ്ടി വന്നു അങ്കിതയ്ക്ക്. വളരെ വിരളമായ വിവരങ്ങള്‍ മാത്രമാണ് ലഭ്യമായിരുന്നത്. ട്രാവല്‍ വ്‌ളോഗുകള്‍, ഗൈഡുകള്‍, അങ്ങനെയെല്ലാം റഷ്യനിലായിരുന്നതു ബുദ്ധിമുട്ടിച്ചു. ഇന്‍സ്റ്റഗ്രാമിലും യൂടൂബിലുമെല്ലാം ഡിഎം ചെയ്തിട്ടും പലരെയും ബന്ധപ്പെട്ടിട്ടുമൊക്കെയാണ് അങ്കിത ഒടുവില്‍ റഷ്യയുടെ വടക്കന്‍ അറ്റത്തേക്ക് എത്തിയത്. റോക്‌സാനാ, യൂജിന്‍ എന്നിവരുമായി ബന്ധപ്പെട്ടതോടെ എട്ടു ദിവസത്തെ ട്രിപ്പ് പ്ലാന്‍ ചെയ്തു. യൂജിനാണ് ലോകത്തിലെ ഏറ്റവും തണുത്ത തലസ്ഥാനമായ യാകുത്ക്‌സിലേക്ക് അങ്കിതയെ കൊണ്ടുപോയത്, അതേസമയം കുപ്രസിദ്ധമായ കോലിമ ഹൈവേയിലൂടെ ഒയ്മിയാക്കണിലേക്ക് അങ്കിതയെ നയിച്ചത് റോക്‌സാന എന്നയാളുമായിരുന്നു.

യാകുത്ക്‌സില്‍ ജീവനോടെ ഇരിക്കണമെങ്കില്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുപോകുന്ന ജാക്കറ്റൊന്നും മതിയാവില്ലത്രേ. ഫോണെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ ഓഫാകും. മാത്രമല്ല മുഖവും കൈകളും മരവിക്കും. കൈയിലെ ഗ്ലൗസ് നീക്കിയാല്‍ സൂചികൊള്ളുന്ന പോലെ വേദനിക്കും തണുപ്പില്‍ മുഖം മുഴുവന്‍ വേദനനിറയുമെന്നാണ് അങ്കിത പറയുന്നത്. അങ്കിതയും സുഹൃത്ത് ദിവ്യയും കൂടിയാണ് യാത്രയ്ക്ക് പുറപ്പെട്ടത്. രണ്ട് ദിവസം യാകുത്ക്‌സില്‍ തങ്ങിയ ഇരുവരും തിളപ്പിച്ച വെള്ളം വായുവിലേക്കെറിഞ്ഞ് മഞ്ഞായി തീരുന്നതും, പഴങ്ങള്‍ തണുത്ത് മരവിക്കുന്നതുമെല്ലാം ഷൂട്ടു ചെയ്തിട്ടുണ്ട്.

ഒയ്മിയാക്കണിലേ പോകാന്‍ സ്റ്റാലിന്റെ കാലത്ത് പണിത റോഡ് ഒഫ് ബോണ്‍സിലൂടെയാണ് അങ്കിതയും വിദ്യയും സഞ്ചരിച്ചത്. റോഡ് നിര്‍മിക്കുന്നതിനിടയില്‍ മരിച്ച തടവുകാരുടെ എല്ലുകള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കൊടും തണുപ്പില്‍ പണിയെടുത്ത് മരിക്കുന്ന ആളുകളുടെ അതും ലക്ഷകണക്കിന് പേരുടെ ജീവനാണ് ഇവിടെ നഷ്ടപ്പെട്ടിട്ടുള്ളത്. ഇതിലൂടെ 18 മണിക്കൂറായിരുന്നു യാത്ര. എവിടെയും ഒരു കടപോലുമില്ലാതെ ഐസ് മാത്രം നിറഞ്ഞ പ്രദേശം. എങ്ങാനും വാഹനം പണിമുടക്കിയാല്‍ സഹായം കിട്ടാന്‍ പ്രാര്‍ഥിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് സാരം. കുടുങ്ങി കിടക്കുന്ന കാറുകണ്ടാല്‍ നിര്‍ത്തി സഹായിക്കണമെന്നാണ് ഇവിടെ നിയമം. അല്ലെങ്കില്‍ തണുപ്പില്‍പ്പെട്ട് മരിച്ചുപോകും. ഒയ്മിയാക്കണിലേ തണുത്ത് മരവിക്കാത്ത സര്‍വ സമയം ഒഴുകുന്ന നദിയിലേക്ക് എടുത്ത് ചാടിയ അനുഭവം മറക്കാന്‍ കഴിയില്ലെന്നാണ് അങ്കിത പറയുന്നത്. പക്ഷേ തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ പിന്നെ സ്റ്റീം ബാത്ത് ചെയ്യേണ്ടി വന്നു.

സൈബീരിയയില്‍ വെള്ളമെല്ലാം തണുത്തുറഞ്ഞ നിലയിലാണ്. എല്ലാ വീട്ടിലും സ്റ്റീംബാത്ത് ചെയ്യാനൊരിടമുണ്ടാകും. അതില്‍ ആഴ്ചയില്‍ രണ്ട് ദിവസമായിരിക്കും സൈബീരിയക്കാര്‍ കുളിക്കുക. സൈബീരിയയിലുള്ളപ്പോള്‍ ആര്‍ത്തവസമയമാണെങ്കില്‍ ആകെ ബുദ്ധിമുട്ടിപോകുമെന്നാണ് അനുഭവമെന്ന് അങ്കിത പറയുന്നു. മെന്‍സ്റ്റുറല്‍ കപ്പ് ഉപയോഗിച്ചതിനാല്‍ അത് വൃത്തിയാക്കാന്‍ വെള്ളവുമായി അവിടുത്തെ ഡ്രൈ ടൊയ്‌ലറ്റുകളില്‍ പോകേണ്ടി വന്ന അനുഭവം ഓര്‍ക്കുന്നതേ പാടാണെന്നും അങ്കിത പറയുന്നു. സാഹചര്യം ഇങ്ങനെയാണെങ്കിലും സൈബേരിയയിലെ വൃത്തിയെകുറിച്ച് പറഞ്ഞാലും തീരില്ലെന്നാണ് അങ്കിതയുടെ അഭിപ്രായം. വെള്ളമില്ലെങ്കിലും കാണുന്നയിടമെല്ലാം ഏറ്റവും വൃത്തിയുള്ളത് മനോഹരവുമായിരുന്നു എന്നാണ് അവരുടെ വാക്കുകള്‍.

തണുത്തുറഞ്ഞ് പോകുന്നതിനാല്‍ തുണികള്‍ കഴുകാന്‍ കഴിയില്ല.. തണുപ്പകറ്റാന്‍ സ്‌കൂളുകള്‍ക്ക് ട്രിപ്പിള്‍ ഡോര്‍വേയ്‌സാണ് ഉള്ളത്. പൊതുയിടങ്ങളിലെല്ലാം ഇതാണ് സജ്ജീകരണം. അത് സ്‌കൂള്‍ മാത്രമല്ല, മ്യൂസിയമാകട്ടെ മറ്റിടങ്ങളാകട്ടെ എല്ലാം. ഇനി കഴിക്കാന്‍ പച്ചക്കറിയോ ഫലങ്ങളോ ഇല്ല, നിങ്ങളൊരു വെജിറ്റേറിയനാണെങ്കില്‍ പെട്ടുപോകും. ഇന്ത്യയില്‍ നിന്നും ചില ഭക്ഷണങ്ങള്‍ കൊണ്ടുപോയതിനാല്‍ രക്ഷപ്പെട്ടെന്നാണ് അങ്കിത പറയുന്നത്. ഇത്രയും തണുപ്പുള്ള പ്രദേശത്ത് താമസിക്കുന്ന ആളുകളെല്ലാം വളരെ സ്‌നേഹമുള്ളവരും ദയയുള്ളവരുമാണെന്ന് അങ്കിത പറയുന്നു. ഇന്ത്യക്കാരായ യുവാക്കളെയും പുരുഷന്മാരെയും സൈബീരിയന്‍ സന്ദര്‍ശന വേളയില്‍ കണ്ടിട്ടുണ്ടെങ്കിലും സ്ത്രീകളെ കാണുന്നത് ആദ്യമായിട്ടായിരുന്നെന്നാണ് അവര്‍ പറഞ്ഞതെന്ന് അങ്കിത പറയുന്നു.
Content Highlights: An eight day trip to Siberia in Russia by an Indian Woman

dot image
To advertise here,contact us
dot image