ശബരിമല സ്വർണ്ണക്കൊള്ള; പോറ്റിയുടെ സുഹൃത്തും എസ്ഐടിക്ക് മുന്നിൽ; നിർണായക ചോദ്യം ചെയ്യലുമായി എസ്ഐടി

ദേവസ്വം ബോർഡ് ആസ്ഥാനത്തെ റെക്കോർഡ് റൂമിലും മരാമത്ത് ഓഫീസിലും കയറി എസ്‌ഐടി രേഖകൾ പിടിച്ചെടുത്തു

ശബരിമല സ്വർണ്ണക്കൊള്ള; പോറ്റിയുടെ സുഹൃത്തും എസ്ഐടിക്ക് മുന്നിൽ; നിർണായക ചോദ്യം ചെയ്യലുമായി എസ്ഐടി
dot image

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണായക ചോദ്യം ചെയ്യലുമായി പ്രത്യേക അന്വേഷണ സംഘം. പ്രതിപ്പട്ടികയിലുള്ള മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ, ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് സി കെ വാസുദേവൻ, ഇപ്പോഴത്തെ ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. ഇതിനിടെ ദേവസ്വം ബോർഡ് ആസ്ഥാനത്തുനിന്ന് എസ്‌ഐടി രേഖകൾ പിടിച്ചെടുത്തു. കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും രണ്ടാം പ്രതിയായ മുരാരി ബാബുവും റിമാൻഡിലായതോടെയാണ് കൂടുതൽ ചോദ്യം ചെയ്യലുകളിലേക്ക് എസ്‌ഐടി കടന്നത്. പ്രതിപ്പട്ടികയിലുള്ള ഡി സുധീഷ് കുമാറിനെ ഇന്ന് ഉച്ചയ്ക്ക് ശേഷം ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു.

സ്വർണപ്പാളികൾ ചെമ്പ് എന്ന് രേഖപ്പെടുത്താൻ സുധീഷ് കുമാറും മറ്റ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇയാൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണ്. ഇതിനിടെ, പോറ്റിയുടെ സുഹൃത്ത് സി കെ വാസുദേവനെയും ചോദ്യം ചെയ്യാനായി എസ്‌ഐടി വിളിച്ചുവരുത്തി. കാണാതായ സ്വർണപീഠം സൂക്ഷിച്ചത് വാസുദേവനാണ്. ശബരിമലയിലെ സ്‌പോൺസർമാരുടെ പട്ടികയിൽ വാസുദേവനുമുണ്ടായിരുന്നു. നിലവിലെ തിരുവാഭരണം കമ്മീഷണറായ രജിലാലിനെയും എസ്‌ഐടി വിളിച്ചുവരുത്തിയിട്ടുണ്ട്.

ഈ വർഷം പാളികൾ കൊണ്ടുപോകുന്നതിനെ എതിർത്തത് രജിലാലായിരുന്നു. ദേവസ്വം ജീവനക്കാരൻ കൃഷ്ണകുമാറും തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. മരാമത്ത് ഓഫീസിലെ ജീവനക്കാരനായ കൃഷ്ണകുമാർ ദേവസ്വം ബോർഡിൽ നിന്നുള്ള കൂടുതൽ രേഖകൾ എസ്‌ഐടിക്ക് കൈമാറുമെന്നാണ് സൂചന.

അതേസമയം, ഇന്നലെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ റെക്കോർഡ് റൂമിലും മരാമത്ത് ഓഫീസിലും കയറി എസ്‌ഐടി രേഖകൾ പിടിച്ചെടുത്തു. 1998- 99 ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞതിന്റെ രേഖകളാണ് പിടിച്ചെടുത്തത്. പലതവണ ആവശ്യപ്പെട്ടിട്ടും ദേവസ്വം ബോർഡ് രേഖകൾ നൽകാതിരുന്നതോടെയായിരുന്നു നീക്കം.

Content Highlights: SIT conducts crucial interrogation in Sabarimala gold theft case

dot image
To advertise here,contact us
dot image