


 
            ഇടുക്കി: പ്രതിഷേധം അവസാനിപ്പിച്ച് അടിമാലി മണ്ണിടിച്ചില്‍ ദുരിത ബാധിതര്‍. ദുരിത ബാധിതരായ 30 കുടുംബങ്ങള്‍ക്ക് ഭൂമിയും പുനരധിവാസവും ഉറപ്പാക്കുമെന്ന ജില്ലാ കളക്ടറുടെ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ജില്ലാ കളക്ടര്‍ നേരിട്ടെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയായിരുന്നു. അടിമാലിയില്‍ നടന്നത് മനുഷ്യനിര്‍മ്മിത ദുരന്തമാണെന്നും നിയമനടപടികള്‍ക്ക് അല്ല പുനരധിവാസത്തിനാണ് മുന്‍ഗണന എന്നും കളക്ടര്‍ പറഞ്ഞു.
വാടക വീട് ഒരുങ്ങുന്നതുവരെ ഇവര്‍ക്ക് അടിമാലി എം ബി കോളേജില്‍ താമസസൗകര്യം ഒരുക്കും. മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് കാലുമുറിച്ചുമാറ്റേണ്ടിവന്ന സന്ധ്യയുടെ ചികിത്സക്കായി മൂന്ന് ലക്ഷം രൂപ കൈമാറിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സന്ധ്യയുടെ ചികിത്സയ്ക്ക് ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു.
സന്ധ്യയുടെ ചികിത്സാച്ചെലവുകള്‍ പൂര്‍ണമായും നടന്‍ മമ്മൂട്ടി ഏറ്റെടുത്തിരുന്നു. അപകടത്തില്‍ ഭര്‍ത്താവ് ബിജു മരിക്കുകയും ഇടതു കാല്‍മുറിച്ചുമാറ്റുകയും ചെയ്തതോടെ സന്ധ്യയുടെ ജീവിതം പ്രതിസന്ധിയിലായിരുന്നു. മകന്‍ കാന്‍സര്‍ മൂലം കഴിഞ്ഞവര്‍ഷം മരിച്ചു. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ മകള്‍ മാത്രമാണ് ഇനിയുള്ള തുണ. നിസ്സഹായരായ ബന്ധുക്കള്‍ സഹായം തേടി മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ഫൗണ്ടേഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മമ്മൂട്ടി നേരിട്ട് രാജഗിരി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചികിത്സാച്ചെലവുകള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുകയുമായിരുന്നു.
Content Highlights: Idukki Adimali landslide victims end protest
 
                        
                        