വർക്ക് ഫ്രം ഓഫീസും വർക്ക് ഫ്രം ഹോമും മടുത്തോ? പുതിയ ഓപ്ഷനുമായി സിക്കിം ടൂറിസം

പ്രകൃതിയെ അറിഞ്ഞ് എല്ലാ സൗകര്യങ്ങള്‍ക്കും ഒപ്പം ജോലി ആസ്വദിക്കാം

dot image

എസി റൂമിലിരുന്നു ജോലി ചെയ്ത് മുഷിയുമ്പോള്‍, ഇനി കുറച്ച് നാള്‍ വര്‍ക്ക് ഫ്രം ഹോം എന്നൊരു ഓപ്ഷനായാലോ എന്നായിരുന്നു പലരുടെയും ഓപ്ഷന്‍. പക്ഷേ ഓഫീസ് - വീട്, വീട് - ഓഫീസ് ട്രെന്‍ഡ് ഒന്ന് മാറ്റിപിടിക്കാന്‍ നിലവില്‍ പുതിയൊരു ഓപ്ഷന്‍ വാഗ്ദാനം ചെയ്യുകയാണ് സിക്കിം വിനോദസഞ്ചാര മേഖല. കുന്നുകളും പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച ഹിമാലയന്‍ താഴ്വാരങ്ങളും നദികളുമൊക്കെ കണ്ട് ആസ്വദിച്ച് സാങ്കേതിക വിദ്യയുടെ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്ന ഒരു പുത്തന്‍ ആശയം. വര്‍ക്ക് ഫ്രം ഹില്‍സ്. സ്ട്രസും സ്‌ട്രൈയിനുമൊക്കെ മറന്ന് നല്ലൊരു പരിസ്ഥിതിയില്‍ ആസ്വദിച്ച് മനസ് ശാന്തമായി ജോലിയിലെ ഉത്തരവാദിത്തങ്ങള്‍ തീര്‍ക്കാനും കാഴ്ചകള്‍ കണ്ട് കുറച്ച് നേരം കറങ്ങി നടക്കാനും കഴിഞ്ഞാല്‍ അതിലൊരു രസമുണ്ടാകും.

സിക്കിമിലെ ഉള്‍ഗ്രാമങ്ങളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് ജോലി ചെയ്യാന്‍ തയ്യാറാണെങ്കില്‍ 'വര്‍ക്ക് ഫ്രം ഹില്‍സ്' സജ്ജീകരണങ്ങളുമായി റിമോര്‍ട്ട് വര്‍ക്കേഴ്‌സിനെ (സ്ഥിരമായ ഓഫീസ് പരിസരത്തില്‍ നിന്ന് മാറി ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്ന വ്യത്യസ്തമായ മറ്റൊരിടം ജോലി ചെയ്യാനായി തെരഞ്ഞെടുക്കുന്നവര്‍) കാത്തിരിക്കുകയാണ് സിക്കിം. ഇതിന്റെ ഭാഗമായി എത്തുന്ന പ്രൊഫഷണുലകളുടെ ആദ്യ സംഘത്തെ കാത്തിരിക്കുന്നത് അടിപൊളി സജ്ജീകരണങ്ങളുമാണ്. ഈ പദ്ധതിയിലൂടെ തദ്ദേശീയര്‍ക്ക് മറ്റൊരു വരുമാന മാര്‍ഗം കൂടി ലക്ഷ്യമിടുകയാണ് അധികൃതര്‍.

സിക്കിമിലെ പാക്യോങ് ജില്ലയിലെ യാക്‌തെന്‍ ജില്ലയിലാണ് കാഞ്ചന്‍ജുംഗയുടെ മനോഹാരിതയും ആസ്വദിച്ച് ജോലിചെയ്യാനുള്ള അവസരം ഒരുക്കുന്നത്. പ്രകൃതിയെ അറിഞ്ഞ് എല്ലാ സൗകര്യങ്ങള്‍ക്കും ഒപ്പം ജോലി ആസ്വദിക്കാം. ഒരിക്കല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ ഒറ്റപ്പെട്ടിരുന്ന ഒരിടം. യാക്‌തെന്‍ ഇന്ന് വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുവന്നിരിക്കുന്നത്. റിമോട്ട് വര്‍ക്കേഴ്‌സിനെ സ്വീകരിക്കാനായുള്ള എല്ലാത്തരം വികസനവും അവിടെ വന്നു കഴിഞ്ഞു. ബാക്ക്അപ്പോട് കൂടിയ ഹൈ സ്പീഡ് വൈ - ഫൈ, തടസങ്ങളില്ലാത്ത വൈദ്യുത സപ്ലൈ, ജോലി സൗഹൃദമായ എട്ടോളം ഹോംസ്റ്റേകള്‍, പ്രാദേശികമായുള്ള മികച്ച ഗതാഗത സൗകര്യം തുടങ്ങി അവിടെയെത്തുന്നവര്‍ക്കായുള്ള എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അഗാവനേ രോഹന്‍ രമേശ് പറയുന്നു.

സിക്കിമിന്റെ സമ്പദ് വ്യവസ്ഥ ആശ്രയിക്കുന്നത് ടൂറിസമാണ്. സീസണലായുള്ള വിനോദ സഞ്ചാരത്തെ മാത്രം ആശ്രയിക്കാതെ പുത്തന്‍ തലങ്ങളിലേക്കുള്ള മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത്തരത്തില്‍ രാജ്യത്ത് വികസനം കൊണ്ടുവരുന്ന ഗ്രാമമാണ് യാക്‌തെന്‍. ഇതൊരു പരീക്ഷണ പദ്ധതിയായിട്ടാണ് നടപ്പാക്കുന്നത്. അടുത്ത മൂന്ന് വര്‍ഷം ഈ പദ്ധതി സര്‍ക്കാര്‍ സംവിധാനത്തിന്റെ നിരീക്ഷണത്തിലായിരിക്കും. ഇതിന്റെ റിസള്‍ട്ട് അനുസരിച്ച് കൂടുതല്‍ ഗ്രാമങ്ങള്‍ ഈ പദ്ധതി ഉള്‍പ്പെടുന്ന നോമാഡ് സിക്കിം സ്‌കീമിന് കീഴില്‍ കൊണ്ടുവരും. സര്‍വാഹിതേ എന്ന എന്‍ജിഒയുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

ഡിജിറ്റലി ശക്തിപ്പെടുന്ന ഒരു ഭാവിയിലേക്ക് ഇന്ത്യ കുതിക്കുമ്പോള്‍, നോമാഡ് സിക്കിം എന്ന പദ്ധതി അനുകരിക്കാന്‍ കഴിയുന്ന ഒരു മാതൃകയാകുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ ഉപദേശകനായ പാമിന്‍ ലെപ്ച്ച വിശേഷിപ്പിക്കുന്നത്. വര്‍ക്ക് സ്‌പേസ് എന്ന രീതിയെ പുനര്‍നിര്‍വചിക്കുന്നത് മാത്രമല്ല, ഉള്‍നാടന്‍ പ്രദേശങ്ങളില്‍ അര്‍ത്ഥവത്തായ സാമൂഹിക - സാമ്പത്തിക അവസരം ഉറപ്പാക്കുന്നതും രാജ്യത്തെ മറ്റ് പ്രദേശങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വഴികാട്ടിയാവുകയുമാണ് സിക്കിമെന്ന് അദ്ദേഹം പറയുന്നു.

ഡിജിറ്റല്‍ കണക്ടിവിറ്റി എങ്ങനെ റൂറല്‍ ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിന് വഴിതെളിയിക്കുന്നു, ഹിമാലയത്തിന്റെ ഹൃദയത്തില്‍ നിന്നും ജോലികളുടെ ഭാവിയെ എങ്ങനെ പുനര്‍നിര്‍വചിക്കുന്നു എന്നിങ്ങനെയുള്ളവയുടെ മാതൃകയായി നോമാഡ് സിക്കിം നിലനില്‍ക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Content Highlights: Work from hills project under Nomad Sikkim scheme

dot image
To advertise here,contact us
dot image