ഉത്തര കൊറിയയെന്നും കിം ജോങ് ഉന്നെന്നും മിണ്ടരുത്, കുഞ്ഞുങ്ങളുടെ കണ്ണുകളിലും ഭയം; യാത്രാനുഭവം വൈറല്‍

ഉത്തര കൊറിയയിലെ വിചിത്ര നിയമങ്ങളും രീതികളും കണ്ട തമിഴ്നാട്ടുകാരനായ ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സര്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ

dot image

ഉത്തര കൊറിയയും അവിടുത്തെ ഭരണാധികാരി കിം ജോങ് ഉന്നിനെയും കുറിച്ച് വിചിത്രവും ജിജ്ഞാസ ഉണര്‍ത്തുന്നതുമായി നിരവധി സംഭവങ്ങള്‍ വല്ലപ്പോഴുമൊക്കെ പുറത്തുവരാറുണ്ട്. ഇവയില്‍ പലതും കെട്ടിച്ചമച്ചതാണെന്ന് പിന്നീട് വാര്‍ത്തകളും വന്നിട്ടുണ്ട്. എന്നാല്‍ ഭരണരീതിയും, ഭരണകൂടത്തിന്‍റെ രഹസ്യ സ്വഭാവവമടക്കം പല കാരണങ്ങള്‍കൊണ്ട് എപ്പോഴും ലോകം കൗതുകത്തോടെയാണ് ഉത്തര കൊറിയയെ നോക്കിക്കാണുന്നത്. അവിടെ നിന്നും വരുന്ന ഓരോ വാര്‍ത്തയും വിവരവും ഏറെ ശ്രദ്ധ നേടാറുമുണ്ട്.

ഒരു ട്രാവല്‍ ഇന്‍ഫ്ളുവന്‍സര്‍ ഉത്തര കൊറിയയെ കുറിച്ച് പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വലിയ ശ്രദ്ധ നേടുന്നത്. ഉത്തര കൊറിയയിലെ വിചിത്ര നിയമങ്ങളും രീതികളും കണ്ട തമിഴ്നാട്ടുകാരനായ ട്രാവല്‍ ഇന്‍ഫ്‌ളുവന്‍സര്‍ ഭുവനി ധരന്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പറയുമ്പോള്‍ ഡെമോക്രാറ്റിക്ക് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഒഫ് കൊറിയ എന്നാണ് രാജ്യത്തിന്റെ പേര്. പക്ഷേ ധരന് ടൂറിസ് ഗൈഡില്‍ നിന്നും കിട്ടിയ നിര്‍ദേശങ്ങള്‍ അടക്കം നമ്മെ ഒന്നു ഭയപ്പെടുത്തും.

ഒറ്റയ്ക്ക് എങ്ങും പോകാന്‍ പാടില്ലെന്നതാണ് ആദ്യത്തെ നിര്‍ദേശം. വൃത്തികേടായി കിടക്കുന്ന ഒന്നും ചിത്രീകരിക്കരുത്, സൈനികരുടെ ദൃശ്യങ്ങളൊന്നും പകര്‍ത്തരുത്, കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവരുടെ ചിത്രങ്ങളെടുക്കരുത്, നോര്‍ത്ത് കൊറിയയെന്ന് ഉച്ഛരിക്കരുത്. എന്നിങ്ങനെ നീങ്ങുന്ന ലിസ്റ്റില്‍ ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശം കിം ജോങ് ഉന്നിന്റെ പേര് ബഹുമാനത്തോടെ പറയണം എന്നതാണ്. ക്യാപ്റ്റന്‍ അല്ലെങ്കില്‍ മാര്‍ഷല്‍ എന്ന് പേരിനൊപ്പം ചേര്‍ത്തേ മതിയാകൂ.

ലോകത്തിലെ തന്നെ ഏറ്റവും രഹസ്യ സ്വഭാവമുള്ള, ആളുകള്‍ എന്തെല്ലാം ചെയ്യുന്നുവെന്ന് ഭരണകൂടം നിരന്തരം നിരീക്ഷിക്കുന്ന ഇടത്തേക്കാണ് ധരനും മറ്റ് 21 ഇന്‍ഫ്‌ളുവന്‍സര്‍മാരും ചെന്നുപെട്ടത്. കൊവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ഉത്തര കൊറിയയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടായിരുന്നു. അഞ്ച് വര്‍ഷത്തെ വിലക്ക് നീക്കിയ ശേഷം ആദ്യമായി വിദേശ സഞ്ചാരികള്‍ക്ക് പ്രവേശനം ലഭിച്ചപ്പോഴാണ് ധരനും സംഘവും അവിടെ എത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിന് എത്തിയ അവര്‍ മാര്‍ച്ച് ആറിന് അവിടെ നിന്നും മടങ്ങി. അതിനടുത്ത ദിവസങ്ങളില്‍, ഉത്തരകൊറിയ സഞ്ചാരികളെ സ്വീകരിക്കുന്നതില്‍ വീണ്ടും വിലക്കേര്‍പ്പെടുത്തിയ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ഭയവും ആശ്ചര്യവും ജിജ്ഞാസയും നിറഞ്ഞ യാത്രയില്‍ എന്ത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നാണ് ധരന്‍ പറയുന്നു. ഉത്തര കൊറിയയിലെത്താന്‍ അദ്ദേഹത്തിന് കുറേ പാടുപെടേണ്ടി വന്നു. സ്റ്റേ ചെയ്യാന്‍ നിശ്ചയിച്ച റാസന്‍ എന്ന സ്ഥലത്തൊരു വിമാനത്താവളം പോലുമില്ല. അവിടെ എത്താനായി ആദ്യം ചൈനയിലിറങ്ങണം. ചൈനയിലെ യാന്‍ജിയിലെത്തി, രണ്ട് മണിക്കൂര്‍ നീണ്ട സുരക്ഷാ പരിശോധനയും പൂര്‍ത്തിയാക്കി ബസിലാണ് അതിര്‍ത്തി കടന്നത്. 22 അംഗ സംഘത്തില്‍ രണ്ട് പേര്‍ മാത്രമായിരുന്നു ഇന്ത്യക്കാര്‍.

യാത്രയുടെ ഭാഗമായി പലതും മുന്‍കൂട്ടി തീരുമാനിച്ചപോലെ ആളുകളെ കൊണ്ട് അഭിനയിപ്പിക്കുന്നത് പോലെയാണ് ധരന് തോന്നിയതെന്ന് പറയുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പോലും പറഞ്ഞ് പഠിപ്പിച്ച പോലെയാണ് സംസാരിക്കുന്നത്. ഒരൊറ്റ കണ്ണിലും സന്തോഷത്തിന്റെ ഒരു കണികപോലുമില്ല. എല്ലായിടത്തും ഉയര്‍ന്നു നില്‍ക്കുന്നത് കിം ജോങ് ഉന്നിന്റെ കൂറ്റന്‍ പ്രതിമകള്‍ മാത്രം. ബഹുമാനം പ്രകടിപ്പിക്കാന്‍ അവിടെ പ്ലാസ്റ്റിക്ക് പൂക്കള്‍ സമര്‍പ്പിക്കണം ഒപ്പം താണുവണങ്ങണം. ആരോടേലും ഇന്ത്യയെ കുറിച്ചറിയാമോ എന്ന് ചോദിച്ചാല്‍ എല്ലാവരും ഒരേ സ്വരത്തില്‍ ബാഹുബലിയെന്നാകും പറയുക. ചില കുടുംബങ്ങള്‍ റോഡില്‍ വന്ന് സെല്‍ഫി എടുക്കുന്നതും ചിരിക്കുന്നതുമൊക്കെ കാണാം. ഇവരൊന്നും ആരോടും മിണ്ടില്ല. രാത്രി നഗരം മുഴുവന്‍ നിശബ്ദതയിലായിരിക്കും.

ഇന്റര്‍നെറ്റോ, മൊബൈല്‍ സിഗ്നലുകളോ, ആരുമായും ഒരു ബന്ധവുമില്ലാത്ത ദിവസങ്ങളാണ് അവിടെ കഴിച്ചുകൂട്ടിയത് എന്ന് ധരന്‍ പറയുന്നു. ഉത്തരകൊറിയ ചൈനയും റഷ്യയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ എത്തിയപ്പോഴാണ്

നേരിയ തോതില്‍ മൊബൈല്‍ സിഗ്നല്‍ ലഭിച്ച് തുടങ്ങിയതത്രേ. സിഗ്നല്‍ വന്നപ്പോള്‍ കിട്ടിയ ആദ്യ വാര്‍ത്ത ഉത്തര കൊറിയ വീണ്ടും ടൂറിസം നിരോധിച്ചെന്നായിരുന്നു. അവിടെ കുടുങ്ങി പോകുമോ എന്ന് ഭയന്നെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ചത് പോലെ അവിടുന്ന് പോകാന്‍ കഴിയുമെന്ന് ഗെെഡ്സ് ഉറപ്പ് പറഞ്ഞപ്പോഴാണ് ആശ്വാസമായതെന്ന് അദ്ദേഹം പറയുന്നു. ഉത്തരകൊറിയ്‌ക്കെതിരെ വീഡിയോകളിലൂടെയും മറ്റും തുറന്ന് പറയുന്നവര്‍ക്ക് പിന്നീട് അങ്ങോട്ടേക്ക് ഒരിക്കലും പ്രവേശനം ലഭിക്കില്ലെന്നാണ് വിവരം. അതിനാല്‍ ഇനിയൊരിക്കലും ഒരു തിരിച്ചുപോക്കില്ലെന്നും ധരന്‍ പറഞ്ഞു നിര്‍ത്തുന്നു.

Content Highlights: Tamil Nadu influencer explains his North Korean trip on Last March

dot image
To advertise here,contact us
dot image