

കുവൈത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ പരിശോധന കൂടുതല്‍ ശക്തമാക്കുന്നു. ടാക്‌സികളുടെയും ഡെലിവറി സേവന മേഖലയിലെയും നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ പുതിയ പരിശോധന സാവിധാനം നടപ്പിലാക്കാനാണ് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
കുവൈത്തിലെ പൊതുഗതാഗത സംവിധാനങ്ങളിലെയും ഡെലിവറി മേഖലയിലെയും നിയമ ലംഘനങ്ങള്‍ പൂര്‍ണമായും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. ടാക്‌സികള്‍, റൈഡ്-ഹെയ്ലിംഗ് സേവനങ്ങള്‍, റെന്റ് എ കാര്‍, പൊതുഗതാഗത ബസുകള്‍, ഡെലിവറി വാഹനങ്ങള്‍ എന്നിവ നിരീക്ഷിക്കാന്‍ എഐ സാങ്കേതിക വിദ്യയില്‍ അധിഷ്ഠതമായ പുതിയ ഇലക്ട്രോണിക് സംവിധാനം ഉടന്‍ നടപ്പലാക്കാനാണ് തീരുമാനം.
ഗതാഗത നിയമലംഘനങ്ങള്‍ തത്സമയം കണ്ടെത്തുന്നതിനൊപ്പം പിഴകള്‍ അപ്പപ്പോള്‍ രേഖപ്പെടുത്താനും പുതിയ സംവിധാനത്തിലൂടെ കഴിയും. ഡ്രൈവര്‍മാരുടെ ഓരോ ചലനവും തത്സമയം നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക ക്യാമറകളാണ് ഇതിനായി സജ്ജമാക്കുന്നത്. നിയമലംഘനങ്ങള്‍ പിടികൂടുന്നതിനൊപ്പം റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്ന ഡെലിവറി ആപ്പുകളിലെ വാഹനങ്ങളും പ്രത്യേക നിരീക്ഷണ സംവിധാനത്തില്‍ ഉണ്ടാകും. റോഡുകളിലെ നിയമ ലംഘനങ്ങള്‍ തടയാനും കുറ്റവാളികളെ വേഗത്തില്‍ കണ്ടെത്താനും സഹായിക്കുന്ന സമഗ്രമായ ഒരു നിയന്ത്രണ സംവിധാനമാണ് ഇതെന്നും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
കുവൈത്ത് വിഷന്‍ 2035-ന്റെ ഭാഗമായി ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും സ്മാര്‍ട്ട് സേവനങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിശോധനാ സംവിധാനം. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും നിയമ ലംഘകര്‍ ശക്തമായ നടപടി നേരിടേണ്ടിവരുമെന്നും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കി.
നിയമ ലംഘനത്തിന്റെ തോത് അനുസരിച്ച് പിഴയും വര്‍ധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഡ്രൈവര്‍മാരുടെ അവബോധവും സ്ഥാപനങ്ങളുടെ പ്രതിബദ്ധതയും ഒത്തുചേരുമ്പോള്‍ മാത്രമെ പൂര്‍ണ്ണമായ ഗതാഗത അച്ചടക്കം കൈവരിക്കാനാവൂ എന്നും അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Kuwait is ramping up efforts to combat law violations by introducing more rigorous traffic inspections and enforcement measures. The government aims to ensure better public safety and regulatory compliance by increasing scrutiny on violations across the country.