

ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ ആണ് സോഷ്യൽ മീഡിയ തൂക്കിയിരിക്കുന്നത്.
ദുൽഖർ സൽമാൻ സിനിമയിലെത്തിയിട്ട് 14 വർഷം തികയുന്ന വേളയിലാണ് പുതിയ പോസ്റ്ററുമായി ഐ ആം ഗെയിം എത്തിയിരിക്കുന്നത്. കയ്യിൽ നിറയെ ചോരയും ഒപ്പം തോക്കുമായി നിൽക്കുന്ന ദുൽഖറിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ഒരു ആക്ഷൻ വയലന്റ് ആക്ഷൻ സിനിമയാകും ഐ ആം ഗെയിം എന്ന സൂചനയാണ് ഈ പോസ്റ്റർ നൽകുന്നത്. ചിത്രം ഓണം റിലീസായി തിയേറ്ററിലെത്തും. നടന്റെ അടുത്ത ഹിറ്റാകുമോ ചിത്രം എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
ഐ ആം ഗെയിമിൽ താൻ വളരെ മോഡേൺ ആണെന്നും റെട്രോ സ്റ്റൈൽ ആയിരിക്കില്ലെന്നും ദുൽഖർ നേരത്തെ തന്നെ പറഞ്ഞിരുന്നു. സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്‌സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന.
കാന്തയാണ് അവസാനമായി പുറത്തിറങ്ങിയ ദുൽഖർ ചിത്രം. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് എല്ലാ കോണിൽ നിന്നും ലഭിച്ചിരുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് 'കാന്ത' നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
Content Highlights: Dulquer salmaan film I am game new poster offers a violent mood of the film