
രാജ്യത്തിനകത്തുള്ള യാത്രകൾ പോലെയല്ല പുറം നാട്ടിലേക്കുള്ള യാത്രകൾ, അതിന് മറ്റുള്ള യാത്രയേക്കാൾ കുറച്ചധികം തയ്യാറെടുപ്പ് നടത്തേണ്ടി വരും, കൂടാതെ ഒരുപാട് രേഖകളും ഇത്തരം യാത്രയ്ക്കിടെ കൈവശം കരുതേണ്ടതുണ്ട്. പലപ്പോഴും ആവശ്യമുള്ള രേഖകൾ എടുക്കാൻ മറക്കുന്നത് വഴി യാത്ര വൈകാനും മറ്റു പല തടസ്സങ്ങൾക്കും കരണമാകാറുണ്ട്. അതിനാൽ വിദേശയാത്ര നടത്തുന്നതിന് മുൻപ് അത്യാവശ്യം കരുതേണ്ട രേഖകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
വിസ
പല രാജ്യങ്ങളും പല രീതിയിലാണ് വീസകൾ അനുവദിക്കുന്നത്. ചില രാജ്യങ്ങളിൽ കർശന നടപടിക്രമങ്ങൾക്കു ശേഷമാണ് വിസകൾ അനുവദിക്കുന്നത്. ഓൺലൈനായും രാജ്യത്ത് കാലു കുത്തുമ്പോഴും വിസ അനുവദിക്കുന്ന രാജ്യങ്ങളുണ്ട്. ഏതു രീതിയിൽ അനുവദിക്കുന്ന വിസ യാണെങ്കിലും വിസയുടെ പകർപ്പെടുത്ത് കൈവശം സൂക്ഷിക്കാൻ മറക്കരുത്. ഇമെയിലായോ മറ്റേതെങ്കിലും രീതിയിലോ വിസ ഡിജിറ്റലായി ഉണ്ടെങ്കിൽ പോലും പ്രിൻ്റഡ് കോപ്പി കൈവശം വയ്ക്കുന്നത് പരിശോധനയുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കും.
പാസ്പോർട്ട്
ഏതു രാജ്യത്തേക്കു പോകുമ്പോഴും നിങ്ങളുടെ പ്രധാന തിരിച്ചറിയൽ രേഖയാണ് പാസ്പോർട്ട്. യാതൊരു കാരണവശാലും അത് നഷ്ടപ്പെടുത്താൻ പാടില്ലാത്ത പരമാവധി ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട രേഖയാണ് പാസ്പോർട്ട്. വിമാനത്താവളങ്ങളിൽ മാത്രമല്ല ഹോട്ടലുകളിലും മണി എക്സ്ചേഞ്ച് കൗണ്ടറുകളിലുമെല്ലാം പാസ്പോർട്ട് ആവശ്യം വരും. കൈവശമുള്ള പാസ്പോർട്ടിന് കുറഞ്ഞത് ആറു മാസം കാലാവധിയുണ്ടെന്ന് ഉറപ്പുവരുത്തണം. പാസ്പോർട്ടിന്റെ ഒരു ഡിജിറ്റൽ കോപ്പി കൂടി കൈവശം കരുതാൻ മറക്കരുത്.
തിരിച്ചറിയൽ രേഖ
പാസ്പോർട്ടിനും വിസയ്ക്കും പുറമേ മറ്റൊരു തിരിച്ചറിയൽ രേഖ കൂടി കൈവശം കരുതുന്നതും ഗുണം ചെയ്യും. ഡ്രൈവിങ് ലൈസൻസ് പോലുള്ള രേഖയാണെങ്കിൽ നിങ്ങൾക്ക് പോവുന്ന രാജ്യത്തെ നിയമങ്ങൾ അനുവദിക്കുമെങ്കിൽ കാർ വാടകയ്ക്കെടുക്കാൻ പോലും സാധിച്ചേക്കും. അതേസമയം പാൻ, ആധാർ പോലുള്ള തിരിച്ചറിയൽ രേഖകൾ വിദേശങ്ങളിൽ ഗുണം ചെയ്യണമെന്നില്ല. എന്നാൽ നമ്മുടെ നാടുമായി ബന്ധപ്പെട്ട ഓൺലൈൻ ബാങ്കിങ് സേവനങ്ങൾക്കോ വെരിഫിക്കേഷനോ ഒക്കെ ഇത് ഉപകാരപ്പെടുകയും ചെയ്യും. അതുകൊണ്ട് പാൻ, ആധാർ എന്നിവയുടെ സോഫ്റ്റ് കോപ്പികൾ കൈവശം വയ്ക്കുന്നത് ഗുണം ചെയ്യും.
ബുക്കിങ് രേഖകൾ
ഹോട്ടലിലെ താമസവും മടക്ക വിമാന ടിക്കറ്റും അടക്കം ബുക്ക് ചെയ്താവും ഭൂരിഭാഗം വിദേശ യാത്രകളും സംഭവിക്കുക. ഇത്തരം ബുക്കിങിന്റെ രേഖകളും കൈവശം കരുതാൻ മറക്കരുത്. വിമാനത്താവളങ്ങളിലെ പരിശോധനകളിലും മറ്റും ഇത് ഉപകാരപ്പെടാറുണ്ട്. ഫോണിൽ ഇത്തരം രേഖകളുടെ പകർപ്പ് സൂക്ഷിക്കണം. ഇത് ഇന്റർനെറ്റ് ലഭ്യമല്ലാത്ത സമയത്തു പോലും ഇവ ഉപയോഗിക്കാൻ സഹായിക്കും.
ട്രാവൽ ഇൻഷുറൻസ്
പലപ്പോഴും വിദേശ യാത്രകളിൽ ഒഴിവാക്കുന്ന ഒന്നാണ് ട്രാവൽ ഇൻഷുറൻസ്. ഇത് അധിക ചെലവായാണ് പലരും ഇപ്പോഴും കണക്കാക്കുന്നത്. എന്നാൽ അനുയോജ്യമായ ട്രാവൽ ഇൻഷുറൻസ് നൽകുന്ന സുരക്ഷിതത്വം ചെറുതായിരിക്കില്ല. ഏതൊരു യാത്രകളിലും പല തരത്തിലുള്ള അപ്രതീക്ഷിത അനിശ്ചിതത്വങ്ങൾ സംഭവിക്കാം. അതുകൊണ്ടുതന്നെ വിദേശ യാത്രകൾക്കു പദ്ധതിയിടുമ്പോൾ മികച്ച ട്രാവൽ ഇൻഷുറൻസ് കൂടി എടുത്ത് അതിന്റെ രേഖകൾ കൂടി കൈവശം വയ്ക്കാൻ മറക്കരുത്.
താഴെ കൊടുത്തിരിക്കുന്ന ഈ കാര്യങ്ങൾകൂടി ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ടെൻഷനില്ലാതെ വിദേശ യാത്ര ചെയ്യാം
എന്തെങ്കിലും രേഖകൾ മറന്നുപോയാൽ വീട്ടിലേക്ക് മടങ്ങാനും അത് തിരിച്ചെടുക്കാനുള്ള സമയം ലഭിക്കും
. പരമാവധി ഓൺലൈനായി തന്നെ ചെക്ക്-ഇൻ ചെയ്യുക, ക്യൂവിൽ നിന്ന് സമയം കളയരുത്
. ഏറ്റവും മികച്ച സീറ്റ് ലഭിക്കാൻ ബുക്കിംഗ് സമയത്ത് തന്നെ സീറ്റ് തിരഞ്ഞെടുക്കുക
. ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യുക, അല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടത് ലഭിക്കാൻ സാധ്യത കുറവാണ്
. കയ്യിൽ കരുതുന്ന സാധനങ്ങൾ ഓവർ പായ്ക്ക് ചെയ്യരുത്
. ചാർജറുകൾ കയ്യിൽ കരുതുക, പൂർണ്ണമായും ചാർജ് ചെയ്യുക
. യാത്രക്ക് മുൻപ് അമിത മദ്യപാനം നല്ലതല്ല
. വിമാനം നിർത്തിയ ഉടനെ എഴുന്നേൽക്കരുത്, മുന്നിലുള്ള സീറ്റ് കാലിയായി കഴിഞ്ഞാൽ മാത്രം എഴുന്നേൽക്കുക
. ബാഗുകളിൽ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ ടാഗ് ചെയ്യാൻ ശ്രദ്ധിക്കുക
. ഫോണിൽ പാസ്‌പോർട്ടിന്റെയും വിസയുടെയും ഫോട്ടോകൾ സൂക്ഷിക്കുക
. പാസ്‌പോർട്ട്, ബോർഡിംഗ് പാസുകൾ, കറൻസി മുതലായവ സൂക്ഷിക്കാൻ ഒരു ട്രാവൽ വാലറ്റ് വാങ്ങുക
. കഴിയുന്നത്ര ഉറങ്ങാൻ ശ്രമിക്കുക
Highlights: Don't forget to take these documents, to plan a international trip